ലോകം മുഴുവന്‍ അലോപ്പതി മരുന്നുകളുടെ പിടിയിലമരുമ്പോള്‍ പച്ചമരുന്നുകളുടെ സംരക്ഷകയാകുകയാണ് സിസ്റ്റര്‍ ഇന്നസെന്റ്. സസ്യ ജാനസുകളുടെ അക്ഷയ ഖാനികള്തേടി ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് സഞ്ചരിക്കുകയാണ് ഈ കന്യാസ്ത്രീ. രോഗികളെ സ്വയം വൈദ്യന്മാരാക്കിമാറ്റുന്ന ചികിത്സാരീതിയാണ് ഹെര്‍ബെല്‍ മെഡിസിനില്‍ ഡിപ്ലോമ നേടിയ സിസ്റ്റര്‍ ഇന്നസെന്റിനെ ശ്രദ്ധേയമാക്കുന്നത്. മരുന്നുകൂട്ടുകളെല്ലാം ഉണ്ടാക്കാന്‍ രോഗികളെ പഠിപ്പിക്കുകയും എങ്ങനെ കഴിക്കണമെന്ന് ശീലിപ്പിക്കുകയും ചെയ്യും ഈ കന്യാസ്ത്രീ. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകളുടെ 20 ശതമാനവും തിന്നുതീര്ക്കുന്നവരുടെ നാടായി കേരളം മാറിയിരിക്കുന്നതിനിടയിലാണ് സിസ്റ്റര്‍ ഇന്നസെന്റ് തന്റെ പച്ചമരുന്ന് കൂട്ടങ്ങളുമായി രോഗികള്‍ക്കിടയിലേക്ക് ഇറങ്ങിപ്രവര്ത്തിക്കുന്നത്.
കഴിഞ്ഞ 40 വര്‍ഷത്തോളമായി സിസ്റ്റര്‍ ഈ സേവനം തുടങ്ങിയിട്ട്. കര്‍ത്താവിന്റെ മണവാട്ടിയായി വിശ്വാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ട സിസ്റ്റര്‍ ജീവിതംമുഴുവന്‍ രോഗ പീഡ അനുഭവിക്കുന്ന പാവങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുകയാണിപ്പോള്‍. രാജ്യത്തെ ഒട്ടുമിക്ക ഗ്രാമങ്ങളിലും യാത്രചെയ്തിട്ടുണ്ട്. വയനാട്ടിലെ കൂടല്ലൂരിലെയും ആദിവാസി മേഖലകളില്‍ ആരോഗ്യ – വിദ്യാഭ്യാസത്തെക്കുറിച്ചും ഹെര്‍ബല്‍ മെഡിസിന്റെ സാധ്യതകളെക്കുറിച്ചും ക്ലാസെടുക്കുന്നുണ്ട്.
സ്വൊതന്ത്ര്യസമര സേനാനിയായ ജോസഫ് അയ്യങ്കനാലിന്റെയും ഏലിക്കുട്ടിയുടെയും മകളായി കോട്ടയത്തായിരുന്നു ജനനം. 80 കളില്‍ കോത്തഗിരിയിലെ ചെട്ടിമാരടക്കമുള്ള ഗോത്ര വിഭാഗങ്ങളില്‍ ശിശുമരണം വളരെ കൂടുതലായിരുന്നു. മലങ്കാരിയമ്മയുടെ ശിക്ഷയായാണ് ഈ വിഭാഗം ഇതിനെ കണ്ടത്. എന്നാല്‍ സിസ്റ്റര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി അന്ധവിശ്വാസങ്ങളെ അകറ്റി ശിശുമരണം ഇല്ലാതാക്കാന്‍ കഴിഞ്ഞു. വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ ഗര്‍ഭിണികള്‍ക്ക് രക്തസ്രാവമുണ്ടായാല്‍ തലകീഴായി കെട്ടിതൂക്കുന്ന രീതിയും ഇല്ലാതാക്കാനും ഈ സിസ്റ്റര്‍ ഏറെ പ്രയത്നിച്ചിട്ടുണ്ട്.
83 ലാണ് സിസ്റ്റര്‍ പൂര്‍ണ്ണമായും ഹെര്‍ബല്‍ മെഡിസിനിലേക്ക് തിരിഞ്ഞതും അതിന്റെ അനന്ത സാധ്യതകള്‍ കണ്ടെത്തുകയും ചെയ്തത്. പ്രകൃതിയില്‍ മനുഷ്യനുണ്ടാക്കിയ എല്ലാ രോഗങ്ങള്‍ക്കും പ്രകൃതിയില്‍തന്നെ പ്രതിവിധിയുണ്ടെന്ന് ഇവര്‍ പറയുന്നു. ആദിവാസികള്‍ക്കിടയില്‍ പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് ആരോഗ്യ രക്ഷ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസുകളും നടത്തുന്നുണ്ട്.
വയനാടും ഗൂഡല്ലൂരും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് അരിവാള്‍ രോഗത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. ഈ രോഗത്തിനെ ചെറുക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്കി. പച്ച മരുന്നുകളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ വയനാട്ടിലെ മാനന്തവാടി ബോയ്സ് ടൗണില്‍ 35 ഏക്കറില്‍ ഒരു ജീന്‍ പാര്‍ക്ക് നിര്‍മ്മിച്ചു. ഇന്തോ – ടാനീഷ് സഹായത്തോടെ ഭാരതത്തില്‍ നിര്‍മ്മിച്ച 6 ജീന്‍ പാര്‍ക്കുകളില്‍ ഒന്നാണിത്. അപൂര്‍വ്വയിനം പച്ചമരുന്നുകളടക്കം ആയിരക്കണക്കിന് പച്ചമരുന്നുകൂട്ടങ്ങളെ ഇവിടെ സംരക്ഷിക്കുന്നുണ്ട്.
1992 ല്‍ നടപ്പിലാക്കിയ ഫാമിലി ഹെല്‍ത്ത് കിറ്റ് പദ്ധതിയും ഏറെ ശ്രദ്ധേയമായിട്ടുണ്ട്. സാധാരണയുണ്ടാകുന്ന വിവിധ രോഗങ്ങള്‍ക്കുള്ള ഔഷധ കൂട്ടുകളാണ് ഈ കീറ്റിലുള്ളത്. ജപ്പാന്, ഫിലിപ്പൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍പോയി കമ്മ്യൂണിറ്റി ഹെല്‍ത്ത് ലീഡര്‍ ഷിപ്പ് നേടിയ സിസ്റ്റര്‍ തന്റെ യാത്ര തുടരുകയാണ്. പാരാമെഡിക്കല്‍ കോഴ്സിനുപുറമെ കൗണ്‍സലിംഗ് കോഴ്സുകളും ഇന്റര്‍ നാഷണല്‍ തലത്തില്‍ സിസ്റ്റര്‍ വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഇവര്‍ എഴുതിയ ഫാമിലി ഹെല്‍ത്ത്, പച്ചമരുന്നും ഗൃഹവൈദ്യവും, ആരോഗ്യം അടുക്കളയില്‍ തുടങ്ങിയ പുസ്തകങ്ങളും ഏറെ പ്രചാരത്തിലുണ്ട്. സിസ്റ്ററുടെ നേതൃത്വത്തില്‍ നടത്തുന്ന ചെയില്‍ഡ് ഹെല്‍ത്ത് പ്രോഗ്രാമും ഏറെ ശ്രദ്ധേയമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും നിരവധി അവാര്‍ഡുകള്‍ ഇവരെതേടിയെത്തിയിട്ടുണ്ട്. കേരള കണ്‍സ്യൂമര്‍ ഫെഡറേഷന് പ്രഖ്യാപിച്ച പ്രഥമ ഉപഭോക്തൃ അവാര്‍ഡും സിസ്റ്റര്‍ ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്.
സി.വി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: