കൊല്ലം: ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയുടെ ജീവകാരുണ്യ രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരം പെയിന്‍ ആന്റ് പാലിയേറ്റീവ് കീയര്‍ ട്രസ്റ്റിന്. പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് എട്ടിന് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാന്‍സര്‍, പുകയില രോഗങ്ങള്‍, എയ്ഡ്സ്, അള്‍ഷിമേഴ്സ്, പക്ഷാഘാതം, വാര്‍ദ്ധക്യജന്യരോഗങ്ങള്‍ എന്നിവ ബാധിച്ച് മരണവുമായി മല്ലിടുന്ന ആയിരത്തിലേറെ ദീനാതുരര്ക്ക് ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിലായി കഴിഞ്ഞ അഞ്ചുവര്‍ഷമായി നല്‍കിവരുന്ന നിസ്തുലമായ സാന്ത്വന പരിചരണം പരിഗണിച്ചാണ് ട്രസ്റ്റിന് അവാര്‍ഡ് നല്‍കുന്നത്. ജില്ലാകളക്ടര്‍ പി.ജി. തോമസ്, ഡോ.ബി.എ. രാജാകൃഷ്ണന്, തെങ്ങമം ബാലകൃഷ്ണന്, ഡോ.എസ്.ആര്. രാജഗോപാല്‍ (ചെയര്മാന് ജില്ലാ റെഡ്ക്രോസ്), കെ. ഭാസ്കരന് (ജില്ലാ സെക്രട്ടറി റെഡ്ക്രോസ്) എന്നിവരടങ്ങിയതായിരുന്നു ജഡ്ജിംഗ് കമ്മിറ്റി. രാവിലെ പത്തിന് കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ചലച്ചിത്രതാരം കല്‍പ്പന പുരസ്കാര വിതരണം നിര്‍വഹിക്കും. മരണാസന്നരായിരുന്ന രോഗികള്‍ക്ക് വൃക്കദാനം ചെയ്ത് നിസ്വാര്‍ത്ഥമായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാതൃകയായ അജീഷ് മോള്, ബി. അനില്‍, റജില എന്നിവരെ അനുമോദിക്കും. ഇവര്‍ക്കു 7500 രൂപവീതം ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവുമാണ് നല്‍കുക. ജില്ലാകളക്ടര്‍ പി.ജി. തോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കീയര്‍ ട്രസ്റ്റ് സെക്രട്ടറി എന്‍. മോഹനന്‍പിള്ള അവാര്‍ഡ് ഏറ്റുവാങ്ങും. ജൂനിയര്‍ റെഡ്ക്രോസ് രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുള്ള വിദ്യാഭ്യാസ ജില്ലാ കൗണ്‍സിലര്‍മാര്‍, കേഡറ്റുകള്‍ തുടങ്ങിയവര്‍ക്കും അവാര്‍ഡുകള്‍ നല്‍കും. റെഡ്ക്രോസ് ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികളായ ഹൈസ്കൂള്‍, യുപി തല വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ഡോ.എസ്.ആര്. രാജഗോപാലന്‍, ഡോ.ബി.എ. രാജാകൃഷ്ണന്, പി.കെ. സുധാകരന്‍പിള്ള, എന്‍. ശിവരാമന്നായര്, കെ. ഭാസ്കരന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: