തിരുവനന്തപുരം: രാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും അധിക്ഷേപിച്ച് കവിത എഴുതിയ ബറ്റാലിയന് എഡിജിപി ബി.സന്ധ്യയോട് ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യം വിശദീകരണം ആവശ്യപ്പെട്ടു. ഒരു വാരികയുടെ പതിപ്പില്‍ എനിക്ക് ഇങ്ങനെയേ ആവാന്‍ കഴിയൂ എന്ന പേരിലാണ് ബി.സന്ധ്യയുടെ വിവാദ കവിത അച്ചടിച്ചുവന്നത്.
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരസ്യപ്രസ്താവനയോ വിമര്‍ശനമോ നടത്താന്‍ ചട്ടം അനുവദിക്കുന്നില്ല. എന്നാല്‍ സാഹിത്യസൃഷ്ടികള്‍ നടത്തുന്നതിന് വിലക്കുകളുമില്ല. എന്നാല്‍ എഡിജിപിയുടെ കവിതാരൂപത്തിലുള്ള പരാമര്‍ശങ്ങള്‍ സാഹിത്യത്തിന്റെ പരിധിയില്‍ പരിഗണിക്കാവുന്നതല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിദശീകരണം തേടിയത്. രണ്ടാഴ്ച കഴിഞ്ഞിട്ടും എഡിജിപി വിശദീകരണം നല്‍കിയിട്ടില്ല.
ഒരു നാവുണ്ടെന്ന് കരുതി ആര്‍ക്കെതിരെയും ഇല്ലാത്തതു ചൊല്ലി പൂരപ്പാട്ട് പാടാന്‍ നീയെന്താ പത്രമെഴുത്ത് തൊഴിലാളിയോ എന്നു ചോദിച്ചാണ് സന്ധ്യയുടെ കവിത തുടങ്ങുന്നത്.
തുടര്‍ന്ന് ദൃശ്യമാധ്യമ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും രൂക്ഷമായി ആക്രമിക്കുന്നുണ്ട്.
രണ്ടുകാലുണ്ടെന്ന് കരുതി ആരെയും കാലുവാരാന്‍, കുതികാല് വെട്ടാന്‍ നീയെന്താ രാഷ്ടീയക്കാരനോ എന്നാണ് രാഷ്ട്രീയനേതൃത്വത്തെ പരാമര്‍ശിച്ചിട്ടുള്ള വരികള്‍. തുടര്‍ന്ന് രണ്ടുകണ്ണുണ്ടെന്ന് കരുതി എന്തുമേതും ഒളിഞ്ഞുമാത്രം നോക്കാന്‍, അതു കുഴപ്പമാക്കാന്‍ നീയെന്താ ദൃശ്യമാധ്യമ കൂലിക്കാരനോ എന്നും ചോദിക്കുന്നു. പിന്നീട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്ഷേപം.
സമൂഹത്തിന്റെ വിവിധ തട്ടുകളിലുണ്ടാട്ടുള്ള മൂല്യശോഷണത്തെക്കുറിച്ച് പരിതപിക്കുന്ന കവയത്രി വെറുമൊരു പൗരന്മാത്രമായ തനിക്ക് ഇങ്ങനെയേ ആവാന്‍ കഴിയൂവെന്നു പറഞ്ഞാണ് കവിത അവസാനിപ്പിക്കുന്നത്.
കവിതയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിജിപി വിശദീകരണം ആവശ്യപ്പെട്ടത്. സമീപകാലത്ത് പേരൂര്‍ക്കട സായുധ ബറ്റാലിയനിലെ വനപരിശീലനത്തിനിടെ ട്രെയിനികള്‍ തനിക്കുനേരെ തോക്കുചൂണ്ടിയതില്‍ ക്ഷുഭിതയായി ട്രെയിനിംഗ് പിരിച്ചുവിട്ടത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: