തൃശൂര്‍: പാക്കിസ്ഥാനിലെ ഇന്ത്യന്‍ തടവുകാര്‍ക്ക് മനുഷ്യാവകാശവും സുരക്ഷിതത്വവും ലഭ്യമാക്കുന്നതിന് ഐക്യരാഷ്ട്ര സഭയെ ഇടപെടുവിക്കുന്നതില് യു പി എ സര്‍ക്കാര്‍ പരിപൂര്‍ണ്ണ പരാജയമാണെന്ന് ബി ജെ പി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭാ സുരേന്ദ്രന് പറഞ്ഞു. സരബ്ജിത്ത് സിംഗിന്റെ കൊലപാതകം പാക്കിസ്ഥാന് സര്‍ക്കാരും ഭീകരവാദികളും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്. സരബ്ജിത്ത് സംഗിന്റെ ജീവന് അപകടത്തിലാണെന്നും സുരക്ഷിതമല്ലെന്നുമുള്ള പല അന്വേഷണ റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിനു ലഭിച്ചിട്ടും പാക്കിസ്ഥാന് സര്‍ക്കാരുമായി ബന്ധപ്പെടാനോ നടപടി സ്വീകരിക്കാനോ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ സരബ്ജിത്ത് സംഗിന്റെ കൊലപാതകത്തില്‍ രണ്ടാം പ്രതിയാണ്.
സരബ്ജിത്ത് ആക്രമണത്തിനു വിധേയമായി ആശുപത്രിയില്‍ കഴിയുമ്പോള്‍ പോലും പ്രതിനിധികളെ അയക്കാതിരുന്നത് വിഷയത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ മ്യദു സമീപനമാണ് വ്യക്തമാക്കുന്നത്. 582 മല്‍സ്യതൊഴിലാളികള്‍ ഉള്‍പ്പെടെ 800ല്‍ അധികം ഇന്ത്യാക്കാര്‍ പാക് ജയിലില്‍ കഴിയുമ്പോള്‍ അവരെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരാനോ മനുഷ്യാവകാശം സംരക്ഷിക്കാനോ അവര്‍ക്ക് നീതി ലഭ്യമാക്കാനോ യു പി എ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലായെന്നും ശോഭാ സുരേന്ദ്രന് കുറ്റപ്പെടുത്തി.
ഇന്ത്യന്‍ അതിര്‍ത്തി കടന്നു വന്ന് നമ്മുടെ സൈന്യത്തിന്റെ ശിരസറുത്തുകൊണ്ടു പോകുന്ന മനുഷ്യത്വ രഹിതവും മ്യഗീയവുമായ സമീപനം സ്വീകരിച്ചിട്ടും അനങ്ങാപാറ നയമാണ് പ്രധാനമന്ത്രി മന്മോഹന് സിംഗ് സ്വീകരിച്ചിരിക്കുന്നത്. സരബ്ജിത്ത് സംഗിന്റെ കൊലപാതകം അടക്കമുള്ള പ്രശ്നങ്ങളില്‍ പാക്കിസ്ഥാനെ പാഠം പഠിപ്പിക്കുവാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും ശോഭാസുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: