കാരക്കാസ്: വെനസ്വേലയില്‍ വിവാദമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ 46 ശതമാനം വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന പ്രക്രിയ മേയ് ആറിന് ആരംഭിക്കും. എന്നാല്‍ മുഴുവന്‍ വോട്ടുകളും വീണ്ടും എണ്ണണമെന്ന പ്രതിപക്ഷ സ്ഥാനാര്‍ഥി ഹെന്റിക് കാപ്രിലസിന്റെ ആവശ്യം ഇലക്ടോറിയല്‍ കൗണ്‍സില്‍ തള്ളിക്കളഞ്ഞു. കൗണ്‍സില്‍ തീരുമാനത്തെ കാപ്രിലസ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
വെനസ്വേലക്കാര്‍ വിഡ്ഢികളാണെന്നാണ് അവര്‍ വീണ്ടും കരുതുന്നത്. വോട്ടുകളെ ലിസ്റ്റുമായി തട്ടിച്ചുനോക്കാതെയുള്ള എണ്ണിത്തിട്ടപ്പെടുത്തല്‍ വ്യാജമാണ്, കാപ്രിലസ് പറഞ്ഞു.
ഹ്യൂഗൊ ഷാവേസിന്റെ മരണത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വെറും രണ്ട് ശതമാനത്തിന് താഴെ വോട്ടുകള്‍ക്കാണ് കാപ്രിലസ് നിക്കോളസ് മഡുറോയോട് പരാജയപ്പെട്ടത്. പിന്നാലെ വോട്ടെടുപ്പില്‍ കൃത്രിമം ആരോപിച്ച് കാപ്രിലസ് രംഗത്തെത്തി. തുടര്‍ന്ന് നിശ്ചിത ശതമാനം വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം അതംഗീകരിച്ചെങ്കിലും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കാപ്രിലസിപ്പോള്. വിവാദങ്ങള്‍ക്കിടെ ഏപ്രില്‍ 19ന് മഡുറൊ അധികാരമേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: