കോന്നി : ലോക ശ്രദ്ധനേടിയ ചെങ്ങറ ഭൂസമരം ആറുവര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും ചെങ്ങറയുടെ മുഖച്ഛായതന്നെ മാറിയിരിക്കുന്നു. പ്ലാസ്റ്റിക് കുടിലുകളുടെ സ്ഥാനത്ത് കട്ടകെട്ടി ഓടും ഷീറ്റും മേഞ്ഞ ചിമ്മിനിയോട് കൂടിയ വീടുകള്‍, സൗരോര്ജ്ജവിളക്കുകള്, കളിസ്ഥലവും വോളീബോള്‍ കോര്‍ട്ടും, ശ്മശാനം, സഞ്ചാരയോഗ്യമായ റോഡുകള്‍, അതിര്‍ത്തി തിരിച്ച കൃഷിയിടങ്ങള്‍, പ്രവേശന കവാടത്തില്‍ ചെക്ക്പോസ്റ്റ് അങ്ങനെ എല്ലാമടങ്ങിയ പാര്പ്പിടമേഖലയുടെ കെട്ടുംമട്ടുമാണ് ഇന്നിവിടെ.
സമരത്തിന്റെ തുടക്കത്തില്‍ ആറ് കൗണ്ടറുകളായി തിരിച്ചായിരുന്നു പ്രവര്ത്തനമെങ്കില് കഴിഞ്ഞ വര്‍ഷത്തോടെ ഇതിന് പകരമായി അഞ്ച് ശാഖകള്‍ രൂപീകരിച്ചു. ഇവയ്ക്ക് നമ്പരും പേരും നല്‍കിയിട്ടുണ്ട്. അംബേദ്കര്‍ നഗര്‍, അയ്യങ്കാളിനഗര്, പഞ്ചമി നഗര്‍, കല്ലറ സുകുമാരന്നഗര്, ശ്രീബുദ്ധ നഗര്‍ എന്നീ പേരുകളിലാണ് ശാഖകള്‍ അറിയപ്പെടുന്നത്. പ്രസിഡന്റ് , സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ നേതൃത്വത്തില്‍ 11 അംഗ ഭരണസമിതികള്‍ക്കാണ് ശാഖകളുടെ ചുമതല.
ഒരുവര്‍ഷത്തിനുള്ളില്‍ താല്‍ക്കാലിക കുടിലുകള്‍ക്ക് പകരം പൂര്‍ണ്ണമായും വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിക്കാനാണ് സമരസമിതിയുടെ തീരുമാനം. സിമിന്റ് തേച്ച് പെയിന്റ് പൂശി മനോഹരമാക്കിയ ഏതാനും വീടുകള്‍ സമരഭൂമിയില്‍ ഉയര്‍ന്നുകഴിഞ്ഞു. ഇപ്പോള്‍ സിമന്റ് കട്ടകള്‍ ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. അതുമ്പുംകുളം ജംഗ്ഷനില്‍ നിന്നും സമരഭൂമിയിലേക്ക് പ്രവേശിക്കുന്ന വഴി വീതികൂട്ടി നിര്‍മ്മിച്ചതോടെ വാഹനങ്ങളും ഇവിടെക്കെത്തുന്നു. സമരഭൂമിയിലെ പ്രധാന റോഡുകള്‍ വീതികൂട്ടി സഞ്ചാര യോഗ്യമാക്കിയതോടെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാ ശാഖകളുടെയും പരിധിയില്‍ ഓട്ടോറിക്ഷകള്‍ എത്തും.
വൈദ്യുതി എത്തിയിട്ടില്ലെങ്കിലും അഞ്ചു ശാഖകളുടേയും കേന്ദ്രങ്ങളില്‍ അടുത്തയിടെ സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ വീടുകള്‍ക്കും ഇത്തരം വിളക്കുകള്‍ നല്കുന്ന കാര്യവും സജീവ ചര്‍ച്ചയിലാണ്. സമരഭൂമിയിലെ മൂന്നാം ശാഖയിലാണ് കളിസ്ഥലവും വോളീബോള്‍ കോര്‍ട്ടും ഒരുക്കിയിട്ടുള്ളത്. ആറ് ഏക്കറാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. ഇതിനോട് ചേര്‍ന്ന് ശ്മശാനവുമുണ്ട്. അസുഖംമൂലവും മറ്റും സമരഭൂമിയില്‍ മരിച്ച 20 ലേറെപ്പേരുടെ മൃതദേഹങ്ങള്‍ ഇവിടെ സംസ്ക്കരിച്ചിട്ടുണ്ട്. പല കല്ലറകളും ഇവിടെ പണിതീര്ത്തിട്ടുമുണ്ട്.
സമരഭൂമിയിലെ ഓരോ കുടുംബത്തിലും 50 സെന്റ് ഭൂമിവീതം കൃഷിക്കായി തിരിച്ചു നല്‍കിയിരിക്കുകയാണ്. പലഭൂയിഷ്ടമായ മണ്ണില്‍ കപ്പയും വാഴയുമടക്കം എല്ലാത്തരം കൃഷിയും സജീവം. അരിയും ഉപ്പും ഒഴികെ എല്ലാം ഇവിടെതന്നെ ഉല്‍പ്പാദിപ്പിക്കുമെന്നാണ് സമരസമിതി നേതാക്കള്‍ അഭിമാനത്തോടെ പറയുന്നത്. വനമേഖലയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ കാട്ടുമൃഗങ്ങളുടെ ശല്യം തടയാന്‍ സമരഭൂമിക്ക് ചുറ്റും വേലി നിര്‍മ്മിക്കുന്ന ജോലികളും നടക്കുന്നു. സമരഭൂമിയിലേക്കുള്ള പ്രധാന കവാടത്തില്‍ സ്ഥിരം സംവിധാനമായി ചെക്കുപോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.
സാധുജന വിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ 2007 ആഗസ്റ്റ് 4 ന് രാത്രി ഹാരിസണ്‍ പ്ലാന്റേഷന്റെ ചെങ്ങറ തോട്ടത്തില്‍ കുടില്‍കെട്ടി ആരംഭിച്ച സമരം ഭൂസമര ചരിത്രത്തില്‍ പുതിയ അദ്ധ്യായമായി. സമസമിതിയുടെ കൈവശമുള്ള 350 ഏക്കര്‍ ഭൂമിയില്‍ 700 കുടുംബങ്ങള്‍ ഇപ്പോള്‍ അധിവസിക്കുന്നതായാണ് സമരസമിതിയുടെ കണക്ക്. കൈവശമുള്ള 50 സെന്റ് സ്ഥലത്ത് കൃഷിയും പുറത്ത് മറ്റ് ജോലികളും ചെയ്തു കഴിയുന്ന കുടുംബങ്ങള്‍ക്ക് ചെങ്ങറ അവരുടെ ജീവിതത്തിന്റെ അടിത്തറയായി മാറിക്കഴിഞ്ഞു. ഇവര്‍ക്ക് സമരംതന്നെ ജീവിതവും ജീവിതംതന്നെ സമരവുമാണ്. ചെങ്ങറയിലെ ഭൂമിക്ക് പട്ടയം വേണ്ടെന്നും, പട്ടികജാതിക്കാരന് കൃഷി ചെയ്തു ജീവിക്കാന്‍ ഭൂമി മതിയെന്നുമുള്ള സമരസമിതി നേതാവ് ളാഹ ഗോപാലന്റെ വേറിട്ട കാഴ്ചപ്പാടും ശ്രദ്ധേയമാകുന്നു.
പി.എ.വേണുനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: