വാഷിങ്ടണ്‍: സിറിയയില്‍ സാധാരണക്കാര്‍ക്കു നേരെ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് അമേരിക്ക. രാസായുധം പ്രയോഗിച്ചതായി തെളിഞ്ഞാല്‍ അസാദ് ഭരണകൂടത്തോടുള്ള നിലപാടും സമീപനവും കര്‍ക്കശമാക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മുന്നറിയിപ്പ് നല്കി.
രാസായുധം പ്രയോഗം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ സിറിയയ്ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ജോര്‍ദാന്‍ രാജാവുമായുള്ള കൂടിക്കാഴ്ചയിലാണ് അമേരിക്കന്‍ ബരാക്ക് ഒബാമ വ്യക്തമാക്കിയത്.
ആഭ്യന്തര കലാപത്തിനിടയില്‍ സിറിയയില്‍ രാസായുധം പ്രയോഗിക്കപ്പെട്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അമേരിക്കയുടെ നടപടി. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. സമയപരിധി നിശ്ചയിച്ച് ഒരു നടപടിയും ഉടന്‍ ഉണ്ടാകില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ആവശ്യമെങ്കില്‍ സൈനിക നടപടികള്‍ക്ക് തയ്യാറാകുമെന്നും അമേരിക്ക വ്യക്തമാക്കി. മാരക നശീകരണ ശേഷിയുള്ള സരിന് വാതകം രണ്ട് തവണ പ്രയോഗിക്കപ്പെട്ടതിന് തെളിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതേ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ വിസമ്മതിച്ച വൈറ്റ് ഹൗസ്, നിലവിലെ വിവരങ്ങള്‍ പ്രാഥമികം ആണെന്നും കൂടുതല്‍ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ടെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: