വാഷിങ്ങ്ടണ്‍: അമേരിക്കന്‍ ജനതയില്‍ പകുതിപേരും ഭീകരാക്രമണ ഭീതിയിലെന്നു ഗ്യാലപ് പോള്‍ ഫലം. ബോസ്റ്റണ്‍ സ്ഫോടനത്തിനു പിന്നാലെ നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 50ശതമാനം അമേരിക്കക്കാരും തങ്ങളുടെ തലയ്ക്കു മീത ഭീകരാക്രമണമെന്ന വാള് എപ്പോഴും തൂങ്ങിക്കിടക്കുന്നതായി പറഞ്ഞു. രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം അമേരിക്കയില്‍ ഭീകരാക്രമണഭീതി വര്‍ധിച്ചെന്ന് ഇതു വെളിവാക്കുന്നു. 2011ലെ സര്‍വെയില്‍ 38 ശതമാനം പേര് മാത്രമേ ഏതുസമയവും ആക്രമണം പ്രതീക്ഷിക്കാമെന്നു അഭിപ്രായപ്പെട്ടിരുന്നുള്ളു.
ഏപ്രില്‍ 24, 25 തീയതികളിലെ സര്‍വെയില്‍ പങ്കെടുത്ത 12 ശതമാനം പേരും വരും ആഴ്ച്ചകളില്‍ സ്ഫോടനങ്ങളും മറ്റ് ആക്രമണങ്ങളും പ്രതീക്ഷിക്കുന്നു. മേല്‍പ്പറഞ്ഞ ആശങ്ക ഏറെക്കുറെ ശരിയാണെന്ന് 39 ശതമാനം പേര് സമ്മതിച്ചു. അങ്ങനെ സംഭവിക്കാന്‍ വലിയ സാധ്യതയില്ലെന്ന് 34 ശതമാനം പേര് വിലയിരുത്തിയപ്പോള്‍ 12 ശതമാനംപേര്‍ അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്നു കണക്കുകൂട്ടുന്നു. കുടുംബാംഗങ്ങളിലാരെങ്കിലും ഭീകരാക്രമണത്തിന് ഇരയാകുമെന്നു ഭയക്കുന്ന അമേരിക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 2011ലെ 36 ശതമാനത്തില്‍ നിന്ന് 42ആയി ഇത്തരക്കാരുടെ എണ്ണം കൂടി.
ഫെഡറല്‍ ഭരണസംവിധാനം ഭാവിയില്‍ ഭീകരാക്രമണങ്ങളില്‍ നിന്ന് തങ്ങളെ സംരക്ഷിക്കുമെന്നു വിശ്വസിക്കുന്ന യുഎസ് പൗരന്മാര് 70 ശതമാനം വരും. പത്തു ശതമാനം പേര്‍ക്ക് സര്‍ക്കാരിനെ അത്ര വിശ്വാസമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: