കണ്ണൂര്‍: നാറാത്ത് കഴിഞ്ഞദിവസം ആയുധപരിശീലനത്തിനിടെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ സംഘത്തെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് തലശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് അപേക്ഷ നല്കി. കോടതി റിമാന്റ് ചെയ്ത 21 അംഗ സംഘം ഇപ്പോള്‍ കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്താല്‍ കേസ് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
നാട്ടില്‍ ബോധപൂര്‍വ്വം കലാപമുണ്ടാക്കുന്നതിനാണ് ആയുധപരിശീലനം നടത്തിയതെന്ന് നേരത്തെതന്നെ പോലീസ് സൂചന നല്‍കിയിരുന്നു. സംഭവസ്ഥലത്തു നിന്നും പോലീസിന് ലഭിച്ച രേഖകളുടെ പ്രാഥമിക പരിശോധനയില്‍ രാജ്യാന്തര ഭീകരവാദ സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുള്ളതായി സൂചനയുണ്ടത്രെ. നേരത്തെ ലഷ്കര്‍ ഭീകരന് തടിയന്റവിട നസീര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് വിദേശികളുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതും ആയുധപരിശീലനവും തമ്മില്‍ ബന്ധമുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കും. പരിശീലനത്തിന് വിദേശസഹായം ലഭിച്ചതായി അന്വേഷണസംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായവരുടെ എടിഎം കാര്‍ഡുകള്‍ പരിശോധിച്ച് ഇവര്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ വെളിച്ചത്തുകൊണ്ടുവരാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.
ഓടിരക്ഷപ്പെട്ട എസ്ഡിപിഐ പ്രാദേശിക നേതാവ് എന്‍വിപി ഹൗസില്‍ കമറുദ്ദീന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകളും ആയുധങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്നാണ് അന്വേഷണസംഘം നല്കുന്ന സൂചന. രാജ്യദ്രോഹപരമായ നിരവധി രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ലൗ ജിഹാദില്ക്കൂടി അന്യമതസ്ഥരായ പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തി മതം മാറ്റുന്നതിനെക്കുറിച്ച് ഇതില്‍ പ്രതിപാദിക്കുന്നുണ്ടത്രെ. 23 ഓളം സ്ഫോടനങ്ങളെക്കുറിച്ചും ലഘുലേഖയില്‍ പറയുന്നുണ്ട്. തീവ്രവാദസംഘം വിവിധയിടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച സ്ഫോടന പരമ്പരകളാണോ ഇതെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കമറുദ്ദീനെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ കോഴിക്കോട് ജില്ലയിലേക്ക് കടന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോലീസ് പരിശോധന നടത്തി. കമറുദ്ദീന് ഗള്‍ഫിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ആയുധപരിശീലനത്തിന് ഒത്താശ ചെയ്തുകൊടുത്തവരുടെ കൂട്ടത്തില്‍ കമറുദ്ദീനും പ്രധാനപങ്കാളിയാണെന്നാണ് പോലീസ് നിഗമനം.
ഉന്നതതല സംഘം പ്രത്യേക യോഗം ചേര്‍ന്ന് കേസിന്റെ ഇതുവരെയുള്ള അന്വേഷണപുരോഗതി വിലയിരുത്തി. കേസിന് രാജ്യാന്തരബന്ധമുള്ളതുകൊണ്ട് എന്‍ഐഎ അന്വേഷണമാണ് ഉചിതമെന്ന അഭിപ്രായം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എന്‍ഐഎ സംഘം ഏതാനും ദിവസങ്ങള്‍ക്കകം സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. ഇതിനു മുമ്പെ പരമാവധി തെളിവുകള്‍ ശേഖരിക്കുക എന്നതാണ് ഇപ്പേഴത്തെ അന്വേഷണസംഘത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: