ധാക്ക: ബംഗ്ലാദേശില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണിടത്ത് മൂന്നാം ദിവസം രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടര്‍ന്നു. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 300ആയി ഉയര്‍ന്നു. വ്യാഴാഴ്ച്ച രാത്രി വൈകി അമ്പതോളംപേരെ രക്ഷപ്പെടുത്തി.
ബംഗ്ലാദേശ് കര, വ്യോമ, നാവിക സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുള്ളത്. പോലീസും അഗ്നിശമനസേനയും സൈന്യത്തെ സഹായിക്കുന്നുണ്ട്. ഇതുവരെ ഏകദേശം 2000പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെത്തിച്ചിട്ടുണ്ട്. അവരില്‍ പകുതിപേരും പരിക്കേറ്റ നിലയിലാണ്.
ആയിരത്തോളംപേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അധികൃതരുടെ നിഗമനം. അതേസമയം, കെട്ടിട ഉടമയും ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രാദേശിക നേതാവുമായ മുഹമ്മത് സോഹല്‍ റാണയെ ഇതുവരെ പിടികൂടാനായിട്ടില്ല. കെട്ടിടത്തില്‍ വിള്ളലുകള്‍ കണ്ടതിനെ തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ അതവഗണിച്ച അഞ്ച് കമ്പനികള്‍ തൊഴിലാളികളോട് ജോലിക്കെത്താന്‍ നിര്‍ദേശിക്കുകയായിരുന്നെന്നും റാണ വെളിപ്പെടുത്തിയിരുന്നു. ധാക്കയില്‍ നിന്ന് 30 കിലോമീറ്റര്‍ മാറിയുള്ള വ്യാവസായിക മേഖലയായ സാവറിലെ എട്ടുനില കെട്ടിടം ബുധനാഴ്ച്ചയാണ് തകര്‍ന്നുവീണത്. നിരവധി വസ്ത്രകമ്പനികളും മറ്റു സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നു കെട്ടിട നിര്‍മാണത്തിലെ അപാകതയാണ് അപകടകാരണമെന്നു വ്യക്തമായിരുന്നു. വസ്ത്ര കമ്പനികളിലെ സ്ത്രീ തൊഴിലാളികളാണ് ദുരന്തത്തില്പ്പെട്ടവരിലധികവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: