കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനത്ത് പോലീസ് റെയ്ഡ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ബി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഇന്നലെ രാവിലെ 11.30 ന് നടന്ന റെയ്ഡില്‍ കസബ സി.ഐ പ്രമോദ്കുമാര്‍, എസ്.ഐ സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ നടന്ന റെയ്ഡ്, മാറാട് കൂട്ടക്കൊലയുടെപത്താം വാര്‍ഷിക അനുസ്മരണദിനം എന്നിവ കണക്കിലെടുത്താണ് റെയ്ഡ് നടത്തിയതെന്ന് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. വെള്ളയില്‍ പണിക്കര്‍ റോഡിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തിലും റെയ്ഡ് നടത്തി. എന്നാല്‍ ഇന്നലെ നടന്ന റെയ്ഡ് പ്രഹസനമാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. കണ്ണൂരിലെ റെയ്ഡിനു ശേഷം ഒരു ദിവസം കഴിഞ്ഞാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനത്ത് പോലീസ് റെയ്ഡ് നടത്തിയത്. പോലീസ് റെയ്ഡിനെതിരെ പോപ്പുലര്‍ ഫ്രണ്ടും രംഗത്തെത്തി. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ നേതാക്കള്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ത്തിയത്. റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താനാണ് സംഘടനയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്നും പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: