ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നടന്ന കുംഭമേള തീര്‍ഥാടനത്തെക്കുറിച്ച് ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ പഠനം കേംബ്രിഡ്ജില്‍ നടന്ന സിംബോസിയത്തില്‍ അവതരിപ്പിച്ചു. സര്‍വകലാശാലയിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റിയൂട്ട് (സായി) സംഘടിപ്പിക്കുന്ന ദക്ഷിണ ഏഷ്യയെക്കുറിച്ചുള്ള സിംബോസിയം രണ്ടുദിവസം നീണ്ടുനില്‍ക്കും. മതങ്ങള്‍ തമ്മിലുള്ള വിടവും പൗരസമൂഹവും, പുരാതനകലയും സാങ്കേതികവിദ്യകളും എന്നീ വിഷയങ്ങളിലാണ് സിംബോസിയം പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. അതിരുകളില്ലാത്ത ദക്ഷിണേഷ്യ 2013 എന്നാണ് സിംബോസിയത്തിന് നല്‍കിയിരിക്കുന്ന പേര്.
വികസനം സംബന്ധിച്ച സമഗ്രപഠനം, ജാതിയും വര്‍ഗവും തമ്മിലുള്ള കൂടിച്ചേരല്‍, ലിംഗഭേദവും മനുഷ്യാവകാശങ്ങളും, സാമൂഹിക സംരഭകത്വവും കലയും, ദക്ഷിണേഷ്യയുടെ ഭരണഘടനാവത്കരണവും വികസനവും എന്നീ വിഷയങ്ങളാണ് സിംബോസിയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളുമടങ്ങുന്ന അമ്പതംഗ സംഘം ഈ വര്‍ഷം ജനുവരിയില്‍ അലഹബാദ് സന്ദര്‍ശിച്ച് കുംഭമേളയുടെ രൂപരേഖ തയ്യാറാക്കിയിരുന്നു. ഇതില്‍ നിരവധി രേഖകള്‍, കുംഭമേളയില്‍ പങ്കെടുക്കുമ്പോള്‍ നടക്കുന്ന ചടങ്ങുകള്‍ എന്നിവ വിശകലനം ചെയ്ത് മേളയെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ ഒത്തുചേരുന്ന തീര്‍ഥാടന കൂട്ടായ്മ എന്നാണ് വിശേഷിപ്പിച്ചത്.
ഗംഗ-യമുന സംഗമതീരത്ത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നത് കോടിക്കണക്കിന് തീര്‍ഥാടകരാണ്. ഇവര്‍ക്ക് താത്കാലികമായി താമസിക്കാന്‍ നദീതീരത്ത് താത്കാലിക കൂടാരങ്ങളും പണിയും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഗ്രാമവികസന മന്ത്രി മൊഹമ്മദ് അസം ഖാന് എന്നിവരെ നേരില്‍ കണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും സംഘാംഗങ്ങള്‍ സിംബോസിയത്തില്‍ അവതരിപ്പിച്ചു. യൂറോപ്പ് എങ്ങനെ സമ്പന്നമായി, എന്തുകൊണ്ട് ഏഷ്യ സമ്പന്നമായില്ല, ജാതിയുടെ ചരിത്രവും ആധുനികവത്കരണവും, ലിംഗഭേദം സമകാലീന ദക്ഷിണേഷ്യയില്‍ എന്നീ വിഷയങ്ങളും സിംബോസിയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: