കരുനാഗപ്പള്ളി: ഭാരതത്തിന്റെ ഭരണം നേരെയാകണമെങ്കില്‍ സന്യാസിമാരുടെ ഉപദേശം തേടണമെന്ന് പന്മന ആശ്രമ മഠാധിപതി സ്വാമി പ്രണവാനന്ദതീര്‍ത്ഥപാദര്‍ പറഞ്ഞു. പുതിയകാവ് ശ്രീനീലകണ്ഠതീര്ത്ഥപാദാശ്രമ സമാധിയിലെ ശിവലിംഗപ്രതിഷ്ഠാകര്മ്മത്തിന്റെ 91-ാം വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
പ്രകൃതിയും ഈശ്വരനും രണ്ടല്ല. നാം നമ്മുടെ പാരമ്പര്യം അറിഞ്ഞുജീവിക്കണം. ഗുരുശിഷ്യബന്ധമാണ് എല്ലാ ബന്ധത്തിനേക്കാളും ശ്രേഷ്ഠം. ഭാരതത്തിന്റെ മഹത്വം നിലനില്‍ക്കുന്നത് ഗുരുശിഷ്യബന്ധത്തിലൂടെയാണ്. പതിനായിരം ശിഷ്യന്മാരെ അടക്കിനിര്‍ത്താന്‍ ഗുരുവിന് സാധിക്കും. ഈ ഗണത്തിലെ ഋഷിവര്യനായിരുന്നു ശ്രീനീലകണ്ഠപാദര്. വിനയമാണ് എല്ലാത്തിലും വലിയ ഗുണം. അതുള്ളവനു മാത്രമെ താഴെതട്ടിലുള്ളവരെ കാണാനാകൂ. സര്വകലാനിധിയായിരുന്നു നീലകണ്ഠപാദസ്വാമികളെന്നും കൂട്ടിച്ചേര്‍ത്തു.
വാഴൂര്‍ ആശ്രമമഠാധിപതി സ്വാമി പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍ അധ്യക്ഷനായിരുന്നു. ട്രസ്റ്റ് സെക്രട്ടറി സോമന്‍പിള്ള സ്വാഗതവും പ്രൊഫ.വി.എന്‍.വിജയന് നന്ദിയും പറഞ്ഞു. ഇതിനോടനുബന്ധിച്ച് ആരംഭിച്ച സപ്താഹയജ്ഞത്തിന് കായംകുളം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി കൈവല്യാനന്ദ മഹാരാജ് ഭദ്രദീപം തെളിച്ചു. മുഖ്യാചാര്യന്‍ പ്രജ്ഞാനാനന്ദതീര്ത്ഥപാദ സ്വാമിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: