ശിവഗിരി : യുഗപ്രഭാവനായ ശ്രീ നാരായണ ഗുരുദേവന്റെ സമാധി സ്ഥലമായ ശിവഗിരി ഇന്നലെ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു. ശാരദാ പ്രതിഷ്ഠയുടെ 101-ാം വാര്‍ഷികവും ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്തിന്റെ കനക ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനവും പരിഷത്തിന്റെ 51-ാം വാര്‍ഷികത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ശിവഗിരിയിലെത്തിയതാണ് ചരിത്രമുഹൂര്ത്തമായത്.
മോദിയുടെ വരവിനോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ശിവഗിരിയില്‍ തടിച്ചു കൂടിയത്. മോദിയെ കണ്ടതോടെ അണപൊട്ടിയ ആവേശം നിയന്ത്രിക്കാന്‍ ഡിവൈഎസ്പിമാരുടെ കീഴിലുണ്ടായിരുന്ന നാനൂറോളം പോലീസുകാര്‍ക്ക് പോലും കഴിഞ്ഞില്ല. വൈകുന്നേരം 5.30 ഓടെ ശിവഗിരിയിലെത്തിയ മോദിയെ ഹര്‍ഷാരവത്തോടെയാണ് ഭക്തജനങ്ങള്‍ എതിരേറ്റത്. സമ്മേളനത്തിനായി തയ്യാറാക്കിയ കൂറ്റല്‍ പന്തല്‍ നിറഞ്ഞുകവിഞ്ഞും ഭക്തജനങ്ങള്‍ ഉണ്ടായിരുന്നു. ഗസ്റ്റ് ഹൗസിലെത്തിയ മോദിയെ ധര്‍മ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധര്‍മ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവര്‍ അകത്തേക്ക് ആനയിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം മഹാസമാധിയിലെത്തിയ അദ്ദേഹത്തെ സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവര്‍ പീതവര്‍ണ്ണ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് മഹാസമാധിയില്‍ പ്രാര്‍ത്ഥനയ്ക്കുശേഷം കര്‍പ്പൂരാരതി തൊഴുത് നമസ്ക്കരിച്ചു. ബോധിതീര്‍ത്ഥ സ്വാമിയില്‍ നിന്നും പ്രസാദവും സ്വീകരിച്ച് വിദ്യാദേവതയായ ശാരദാമഠത്തിലെത്തി പ്രാര്‍ത്ഥിച്ച് സമ്മേളനവേദിയിലേക്ക് പോകാനൊരുങ്ങിയ മോദിയെ കണ്ട് ഭക്തജനങ്ങള്‍ ആവേശഭരിതരായി. ശാരദാമഠത്തിന് സമീപത്ത് നിന്ന് രണ്ട് മിനിട്ടോളം അവരെ കൈവീശി അഭിവാദ്യം ചെയ്ത ശേഷമാണ് മോദി സമ്മേളനവേദിയില്‍ എത്തിയത്. തുടര്‍ന്ന് പരിഷത്തിന്റെ കനക ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിച്ചു. ധര്‍മ്മസംഘം ട്രഷറര്‍ സ്വാമി പരാനന്ദ, സ്വാമി സുധാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി സച്ചിതാനന്ദ, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ബിജെപി അഖിലേന്ത്യാ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു. സ്വാമി ഋതംഭരാനന്ദ സ്വാഗതവും സ്വാമി ഗുരുപ്രസാദ് കൃതജ്ഞതയും പറഞ്ഞു. മോദിക്ക് ശിവഗിരിയുടെ ഉപഹാരങ്ങള്‍ സ്വാമി പ്രകാശാനന്ദ നല്കി. ശിവഗിരി മഠം പബ്ലിക്കേഷന്‍സിന്റെ മൊബെയില്‍ ബുക്ക് സ്റ്റാള്‍ മോദി ഉദ്ഘാടനം ചെയ്തു. 51-ാമത് ധര്‍മ്മ മീമാംസ സമ്മേളനം 26ന് സമാപിക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: