കണ്ണൂര്‍: എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് എന്നീ ഭീകരവാദ സ്വഭാവമുള്ള മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ നാറാത്ത് നടന്നുവന്ന ആയുധ പരിശീലന ക്യാമ്പ് ജില്ലയില്‍ കലാപമുണ്ടാക്കാനും ചില സംഘടനകളുടെ ഉന്നത നേതാക്കളെ ലക്ഷ്യം വെച്ചും നടത്തിയതാണെന്നും പോലീസിന് വിവരം ലഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കഴിഞ്ഞദിവസം നാറാത്തെ ഭീകരവാദ പരിശീലന ക്യാമ്പില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായത്. ജില്ല മുഴുവന്‍ കലാപമുണ്ടാക്കി ഹൈന്ദവസമൂഹത്തെ ഭയാശങ്കയിലാക്കാനും ക്രമേണ ജില്ലയുടെ വിവിധ മേഖലകളില്‍ സ്വാധീനം ഉറപ്പിക്കാനും പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന-ദേശീയ നേതൃത്വങ്ങളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്നാണ് സൂചന.
പരിശീലനത്തിനും തുടര്‍ നടപടികള്‍ക്കുമായുള്ള സാമ്പത്തിക സഹായം ചില വിദേശ ഭീകരവാദ സംഘങ്ങള്‍ വഴി പരിശീലനത്തിന് നേതൃത്വം നല്കിയ അശ്വിനികുമാര്‍ വധക്കേസിലെ മുഖ്യപ്രതി അസീസ്, നിരവധി അക്രമണ കേസുകളില്‍ പ്രതിയായ ഫഹദ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയിരുന്നതായും പോലീസ് ചോദ്യം ചെയ്യലില്‍ പ്രതികളില്‍ നിന്നും വിവരം ലഭിച്ചതായറിയുന്നു. പരിശീലനം നടത്തിയ കെട്ടിടത്തിന്റെ ഉടമസ്ഥരായ എസ്ഡിപിഐ നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ സാമ്പത്തിക സ്രോതസും വരുംദിവസങ്ങളില്‍ അന്വേഷണ വിധേയമാക്കും. വിവിധ ബാച്ചുകളായി ജില്ലയ്ക്കകത്തും പുറത്തുമുള്ള നൂറുകണക്കിന് യുവാക്കള്‍ക്ക് 3, 4 വര്‍ഷങ്ങളായി ഇവിടെ നിന്നും പരിശീലനം നല്‍കിക്കഴിഞ്ഞതായും പോലീസിന് വിവരം കിട്ടിയതായറിയുന്നു.
ഉത്തരേന്ത്യയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി പരിശീലനം സിദ്ധിച്ച അസീസാണ് പരിശീലനത്തിന് നേതൃത്വം നല്കിയതെന്നതിനാല് ഭീകരവാദ പരിശീലനമാണ് യുവാക്കള്‍ക്ക് നല്‍കിയിരുന്നതെന്ന് സ്ഥലത്ത് നിന്ന് കണ്ടെടുത്ത തെളിവുകളിലും പോലീസ് അന്വേഷണത്തിലും തെളിഞ്ഞിട്ടുണ്ട്. ക്യാമ്പില്‍ ബോംബ് നിര്‍മ്മാണം നടത്തുകയും ഇവ ഉപയോഗിക്കുന്ന രീതി പരിശീലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് പരീക്ഷണത്തില്‍ പോറലുകള്‍ ഏറ്റിട്ടുണ്ട്. കൂടാതെ പെട്രോളില്‍ മുക്കി കയറില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയ ഇഷ്ടികകള്‍ പെട്രോള്‍ ബോംബ് മോഡലിലുള്ളവയാണെന്ന് പോലീസ് പറഞ്ഞു. മണിക്കൂറുകളോളം പെട്രോളില്‍ മുങ്ങിക്കിടക്കുന്ന ഇഷ്ടികകള്‍ കലാപങ്ങള്‍ക്കും മറ്റും ഉപയോഗിക്കാവുന്നതാണ്. ഇത് കലാപസാധ്യത മുന്‍കൂട്ടി കണ്ടുള്ള പരിശീലനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
സംഭവസ്ഥലത്ത് നിന്നും ഒരൊറ്റയാളുടെപേരില് വിവിധബാങ്കുകളുടെ എട്ടോളം ഐഡന്റിറ്റി കാര്‍ഡുകള്‍ കണ്ടെത്തിയിരുന്നു. എഫ്എ 100 എന്നെഴുതിയ നിരവധികവറുകളും കണ്ടെത്തിയവയില്‍പെടും. ഇവ പരിശീ ലനാര്ഥികള്ക്ക് പണവും മറ്റുസഹായങ്ങളും നല്കാന് ഉപയോഗിച്ച കോഡോട് കൂടിയ കവറുകളാണെന്നാണ് നിഗമനം. കൂടാതെ ജില്ലയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളും ആരാധനാലയങ്ങളും വ്യക്തികളുടെ പേരുകളും രേഖപ്പെടുത്തിയ കുറിപ്പുകളും കണ്ടെടുത്തിരുന്നു. ഇവയെല്ലാം തെളിയിക്കുന്നത് ക്യാമ്പിന്റെ ലക്ഷ്യം ആസൂത്രിതമായ കലാപമായിരുന്നുവെന്നതാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: