ട്രിപ്പോളി: ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായ ലിബിയയിലെ ഫ്രഞ്ച് എംബസിക്ക് തൊട്ടുമുന്നിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സംഭവത്തിനു പിന്നാലെ ട്രിപ്പോളിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ആക്രമണത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഒളാന്റെ ശക്തമായ ഭാഷയില്‍ അപലപിച്ചു. സ്ഫോടനത്തിനുത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ലിബിയന്‍ അധികൃതര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒളാന്റെ കൂട്ടിച്ചേര്‍ത്തു.
തലസ്ഥാനമായ ട്രിപ്പോളിയിലെ ഹേ അണ്ടാലസ് മേഖലയിലെ എംബസി കോംപൗണ്ടിനുള്ളില്‍ ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു സ്ഫോടനമുണ്ടായത്.രണ്ട് തവണ പൊട്ടിത്തെറിയുടെ ശബ്ദംകേട്ടതായി സമീപവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഫ്രഞ്ച് എംബസിയുടെ മതില് തകര്‍ന്നു. ഓഫീസിന്റെ ചുമരുകള്‍ക്കു വിള്ളലേറ്റു. സമീപത്തുള്ള വീടുകളില്‍ ഒന്ന് പൂര്‍ണമായി കത്തിനശിച്ചു. മറ്റു ചിലതിന് കേടുപാടുകള്‍ സംഭവിച്ചു. എംബസിക്കുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിനശിച്ചു.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അല്‍ഖ്വയ്ദയുടെ ആഫ്രിക്കന്‍ ശാഖയെയാണ് സംശയിക്കുന്നത്. മാലിയിലെ ഭീകര വിരുദ്ധ നടപടികളില്‍ അവിടത്തെ സര്‍ക്കാരിനെ സഹായിക്കുന്ന ഫ്രാന്‍സ് അല്‍ഖ്വയ്ദയുടെ കണ്ണിലെ കരടാണ്.
2011ല്‍, മുവാമര്‍ ഗദ്ദാഫിയുടെ ഏകാധിപത്യ ഭരണത്തിന്റെ പതനശേഷം ലിബിയി ഭീകരതയുടെ പിടിയിലാണ്. എന്നാല്‍ ലിബിയിലെ മറ്റിടങ്ങളെക്കാള്‍ സുരക്ഷിതമെന്നു കരുതപ്പെടുന്ന ട്രിപ്പോളിയില്‍ ഒരു വിദേശ എംബസി ആക്രമിക്കപ്പെടുന്നത് ഇതാദ്യം. കിഴക്കന്‍ നഗരമായ ബെന്ഗാസില് നിരവധി തവണ വിദേശ നയതന്ത്ര സ്ഥാപനങ്ങളും വ്യക്തികളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ അമേരിക്കന്‍ അംബാസഡറടക്കം മൂന്നുപേരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: