കോട്ടയം: വികസനപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെയും സാമ്പത്തിക വര്‍ഷാവസാനം തുക ചെലവഴിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടുകൂടി പണികള്‍ തട്ടിക്കൂട്ടി ഒപ്പിക്കുന്നതിന്റെയും പ്രധാന ഉത്തരവാദിത്വം ധനവകുപ്പിന്റെ അനാവശ്യ ഇടപെടലും അമിതാധികാര പ്രയോഗവുമാണെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സാങ്കേതികവും ഭരണപരവുമായ കാര്യങ്ങളില്‍ ചീഫ് എഞ്ചിനീയര്‍മാരെയും വകുപ്പ് സെക്രട്ടറിമാരെയും പാര്ശ്വവല്ക്കരിച്ചാണ് ധനവകുപ്പിന്റെ കീഴിലുള്ള ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം ടെണ്ടറുകള്‍ അംഗീകരിക്കുന്നതില്‍ അനേകമാസങ്ങളുടെ കാലതാമസം ഉണ്ടാകുന്നു. പലപ്പോഴും റീടെണ്ടറുകള്ക്ക് കാരണമാകുന്നത് ഈ കാലതാമസമാണ്.
ഓരോ വകുപ്പിനുമുള്ള ബജറ്റ് വിഹിതം നല്‍കുകയും വിനിയോഗത്തെ സംബന്ധിച്ച് ഫലപ്രദമായ അവലോകനം നടത്തുകയുമാണ് ധനവകുപ്പ് ചെയ്യേണ്ടത്. എന്നാല്‍ ഓരോ പദ്ധതിയുടെയും അടങ്കല്‍ അംഗീകരിക്കല്‍, ഭരണാനുമതി, കരാര്‍ നിരക്ക് നിര്‍ണ്ണയം, ഗുണമേന്മാ പരിശോധന, ബില്‍ തുക നല്കല് എന്നിവയിലെല്ലാം ധനവകുപ്പ് ഇടപെടുന്നതുമൂലം കാലതാമസവും കെടുകാര്യസ്ഥതയും ഉണ്ടാകുന്നു.
വിപണി നിരക്കുകളുടെ അടിസ്ഥാനത്തില്‍ ടെണ്ടറുകള്‍ അംഗീകരിക്കുന്നതിന് ടെണ്ടര്‍ വിളിക്കുന്ന ഉദ്യോഗസ്ഥനെ അധികാരപ്പെടുത്തുന്ന മരാമത്ത് മാന്വലിലെ വ്യവസ്ഥ മറികടന്ന് ധനവകുപ്പ് ഏകപക്ഷീയമായി ഉത്തരവിറക്കിയത് മൂലമുണ്ടായിട്ടുള്ള പ്രതിസന്ധി തുടരുകയാണ്. അടങ്കല്‍ തുകയേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള ടെണ്ടറുകള്‍ പാസാക്കുന്നതിനുപോലും ധനവകുപ്പിന്റെ അനുമതിവേണം.
കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ശബരിമല റോഡുകളുടെ പണികള്‍ക്കുള്ള ഭരണാനുമതി മെയ് മാസത്തിന് മുന്‍പ് നല്കിയാല് മാത്രമേ നവംബറിന് മുന്‍പ് പണികള്‍ യഥായോഗ്യം ചെയ്യാന്‍ കഴിയൂ. പലപ്പോഴും ശബരിമല സീസണ് തുടങ്ങുമ്പോഴായിരിക്കും ഭരണാനുമതി ലഭിക്കുക.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗ്ഗീസ് കണ്ണമ്പള്ളി, റെജി ടി. ചാക്കോ, ഷാജി ജോസഫ്, ജോര്‍ജ്ജ് എം. ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: