ബാഗ: നൈജീരിയയില്‍ സൈനികരും ഇസ്ലാമിക ഭീകരരും തമ്മില്‍ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ 185 പേര് കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഉത്തര നൈജീരിയയിലെ ബഗയിലെ മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടവരില്‍ അധികവും. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തേക്ക് ഗ്രനേഡുകളും മെഷിന് ഗണ്ണുകളും ഉപയോഗിച്ച് സൈന്യം ആക്രമം അഴിച്ചു വിടുകയായിരുന്നു. ബൊക്കൊ ഹരാം ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണം രൂക്ഷമാക്കിയതിനെ തുടര്‍ന്നാണ് സൈന്യം അക്രമം അഴിച്ചു വിട്ടത്.
ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു നിന്നതായാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിന് ശേഷം സ്ഥലത്തെത്തിയ അധികൃതര്‍ സംഭവ സ്ഥലത്തു നിന്നും 185 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മിക്ക മൃതദേഹങ്ങളും തിരിച്ചറിയാന്‍ പറ്റാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്. ഇസ്ലാമിക ആചാര പ്രകാരം മൃതദേഹങ്ങള്‍ സംസ്കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നൂറുകണക്കിന് വളര്‍ത്തു മൃഗങ്ങളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കുടുംബാംഗങ്ങളെയും ജീവിത സമ്പാദ്യവും നഷ്ടപ്പെട്ടവരെയുമാണ് ബാഗയിലെ തെരുവിലെങ്ങും കാണാന്‍ കഴിയുന്നതെന്ന് എറ്റിപി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബൊക്കൊ ഹരാം ഇസ്ലാമിക തീവ്രവാദികളും നൈജീരിയന്‍ സൈന്യവുമായി വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷങ്ങളിലെ അവസാനത്തേതാണ് വെള്ളിയാഴ്ച നടന്നത്. ശരിയത്ത് നിയമം അംഗീകരിച്ചുകൊണ്ടുള്ള ഭരണം നൈജീരിയയില്‍ നിലവില്‍ വരണം, തടവിലാക്കിയിട്ടുള്ള ബൊക്കൊ ഹരാം അംഗങ്ങളെ മോചിപ്പിക്കണം എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: