ന്യൂയോര്‍ക്ക്: ബോസ്റ്റണ്‍ സ്ഫോടനത്തില്‍ പിടിയിലായ രണ്ടാം പ്രതി സതോക്കര് സര്‍നേവിന്റെ മൊഴിയെടുക്കാന്‍ സാധിച്ചില്ല. തൊണ്ടക്കേറ്റ പരിക്ക് മൂലം ഇയാള്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത് സ്ഥിതിയാണ്. അതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചില്ലയെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.
ബോസ്റ്റണിനടുത്തുള്ള വാട്ടര്‍ടൗണില്‍ ഒരു വീടിന് പിന്നിലുണ്ടായിരുന്ന ബോട്ടില്‍ ഒളിച്ചിരിക്കുന്നതിനിടെയാണ് പ്രതിയെന്ന് സംശയിക്കുന്ന ചെച്നിയന്‍ യുവാക്കളില്‍ ഒരാളായ സോക്കര്‍ സര്‍നേവിനെ പിടികൂടിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ പോലീസുമായി നടന്ന ഏറ്റുമുട്ടലിനിടെ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഏറ്റുമുട്ടലില്‍ സര്‍നേവിന്റെ മൂത്ത സഹോദരന് 26കാരനായ മര്ലാന് സര്‍നേവ് കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേറ്റു. കടുത്ത അമേരിക്കന്‍ വിരുദ്ധരായിരുന്നു സര്‍നേവ് സഹോദരന്മാര് എന്നതിന് അന്വേഷണോദ്യോഗസ്ഥര്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്.
മുറിവേറ്റ നിലയില്‍ ബോട്ടില്‍ യുവാവിനെ കണ്ടെത്തിയ വീട്ടുടമസ്ഥന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബോംബ് സ്ക്വാഡ് വാനുകളും ആംബുലന്‍സുകളും ഈ വീട് വളഞ്ഞു. വീടിന് മുകളിലായി ഹെലികോപ്ടറിലും സുരക്ഷാസേന വട്ടമിടുന്നുണ്ടായിരുന്നു. ഒരു മണിക്കൂറോളം നീണ്ടുനിന്ന വെടിവയ്പ്പിനൊടുവിലാണ് ഇയാളെ പിടികൂടാനായതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കഴുത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റ സോക്കര്‍ സര്‍നേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകരമായ ആയുധങ്ങളുമായി സോക്കര്‍ രക്ഷപ്പെട്ടതിനെത്തുടര്‍ന്ന് നഗരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. വീടിന് പുറത്തിറങ്ങുന്നതിനും ഗതാഗതത്തിനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ച് ഒരു മണിക്കൂറിനകം അക്രമി പിടിയിലാകുകയായിരുന്നു.
സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു. ഇവരെ കണ്ടെത്താന്‍ അതിശക്തമായ തെരച്ചിലാണ് പോലീസ് നടത്തിയത്. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയുടെ കാമ്പസില്‍ കടന്ന യുവാക്കള്‍ കാമ്പസ് പോലീസ് ഓഫിസറെ വെടിവെച്ചുകൊല്ലുകയായിരുന്നു. പിന്നീട് ഒരു കാര്‍ തട്ടിയെടുത്ത ഇവര്‍ ്ര!െഡെവറെ വാട്ടര്‍ടൗണില്‍ ഇറക്കിവിട്ടു.
പോലീസ് കാറിനെ പിന്തുടരുകയും ശക്തമായ ആക്രമണം നടത്തുകയുമായിരുന്നു. യന്ത്രതോക്കുകളും ബോംബുകളും ഉപയോഗിച്ചായിരുന്നു യുവാക്കള്‍ പോലീസിനെ നേരിട്ടത്. ആക്രമണത്തിനിടെ മൂത്ത സഹോദരന് കൊല്ലപ്പെടുകയും ഇളയ ആള് രക്ഷപ്പെടുകയും ചെയ്തു.
ബോസ്റ്റണിലെ ഓരോ വീടും അരിച്ചുപെറുക്കി രക്ഷപ്പെട്ട സോക്കര്‍ സര്നേവിനായി പോലീസ് തെരച്ചില്‍ നടത്തി. വാട്ടര്‍ടൗണ്‍ നിവാസികളോട് വീട്ടില്‍ തന്നെ തങ്ങാനും യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥന് ഉണ്ട് എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം വീടിന്റെ വാതില്‍ തുറക്കാനും പോലീസ് നിര്‍ദേശം നല്കി.
ബോസ്റ്റണ്‍ നിവാസികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍ക്കൊടുവിലാണ് സോക്കര്‍ സര്‍നേവ് പോലീസ് പിടിയിലായത്. ഇയാളെ കസ്റ്റഡിയിലെടുത്തതറിഞ്ഞ ജനം ആഹ്ലാദാരവങ്ങളോടെ തെരുവിലിറങ്ങി. ബോസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അഭിമാനത്തോടെ ട്വിറ്ററില്‍ കുറിച്ചതിങ്ങനെവേട്ട അവസാനിച്ചു. അന്വേഷണം പൂര്‍ത്തിയായി. ഭീകരത അവസാനിച്ചു, നീതി ജയിച്ചു, കുറ്റവാളി പിടിയില്‍.
അതേസമയം, സ്ഫോടനത്തില്‍ റഷ്യന്‍ വംശജരാണെന്ന് ഉറപ്പായതിനെത്തുടര്‍ന്ന് അന്വേഷണത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ റഷ്യയും അമേരിക്കയും തീരുമാനിച്ചു. സാഹചര്യത്തെളിവുകളെല്ലാം ലഭിച്ചുകഴിയുമ്പോള്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായി ബന്ധപ്പെടുമെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്ക്കോവ് പറഞ്ഞു.
സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ചെച്നിയന്‍ യുവാക്കളാണെന്ന കാര്യത്തില്‍ റഷ്യക്ക് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ സ്ഫോടനത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചരിത്രപ്രസിദ്ധമായ ബോസ്റ്റണ്‍ മാരത്തോണിനിടെ നടന്ന ബോംബാക്രമണത്തില്‍ മൂന്ന് പേര് മരിക്കുകയും നൂറ്റി എഴുപതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: