വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് മാറിവരുന്ന കാലത്തിന്റെ ജീവിത സപര്യകള്ക്കൊപ്പം പെണ്‍കരുത്തിന്റെ പുതിയ അധ്യായം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് സീക്കയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വനിതാ ജയില്‍ വാര്ഡന്മാര്. തടവറയുടെ നഗ്നയാഥാര്ത്ഥ്യങ്ങള്ക്കിടയില് കഴിയുന്നവരെ പ്രകാശത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുകയാണ് ഇവര്‍. സുരക്ഷ നല്‍കുകയെന്നത് നന്നെ ബുദ്ധിമുട്ടുളള കാര്യമാണെന്നിരിക്കെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ട് ജയിലഴികള്‍ക്കിടയില്‍ കഴിയുന്നവരെ ശുശ്രൂഷിക്കുകയും അവരുടെ സുരക്ഷിതത്വം ഏറ്റെടുക്കുകയും ചെയ്യുക, ഇതാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വനിതാ വാര്‍ഡരുടെ മുന്നിലുള്ള ഭാരിച്ച ഉത്തരവാദിത്വം. ഇത് ഏറ്റെടുക്കാന്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളോ സ്ത്രീയാണെന്നതോ ഇവര്‍ക്ക് മുന്നില്‍ തടസമായില്ല. വിദ്യാഭ്യാസപരമായി വളരെ ഉയര്‍ന്ന യോഗ്യതകളുളളവരാണ് ഇവര്‍.
എസ്എസ്എല്‍സി മാത്രം യോഗ്യതയുളള ജയില്‍ വാര്ഡന് തസ്തികയിലേക്ക് പിഎസ്സി വഴി അപേക്ഷിച്ച് ജോലി ലഭിച്ചപ്പോള്‍ ഏറെ ആശങ്കയോടെയാണ് ചിലരെങ്കിലും എത്തിയത്. എന്നാല്‍ പരിശീലനം പൂര്‍ത്തിയായപ്പോള്‍ പൂര്‍ണ്ണ ആത്മ വിശ്വാസത്തോടെയാണ് ജോലിയിലേക്ക് പ്രവേശിക്കുന്നതെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
പരിശീലനം പൂര്‍ത്തിയായതോടെ ജീവിതത്തിലും എറ്റെടുക്കുന്ന ജോലിയിലും അടുക്കും ചിട്ടയും സിദ്ധിച്ചതായും ആത്മവിശ്വസത്തോടെ എന്തിനേയും നേരിടാന്‍ ധൈര്യം ലഭിച്ചുവെന്നും ജയില്‍ വാര്‍ഡനായി പുറത്തിറങ്ങിയ കോഴിക്കോട് സ്വദേശിയും ഇലക്ട്രോണിക്സില് ബിടെക് ബിരുദധാരിയുമായ രാഖീരാഘവന് പറഞ്ഞു. കുറ്റവാളികളുടെ ഇടയിലാണ് ഇനിയുളള കാലമെന്നതില്‍ യാതൊരു ആശങ്കയുമില്ലെന്നും ഇത്തരം ഒരു ജോലി ഏറ്റെടുക്കാന്‍ സാധിച്ചതില്‍ അതീവ സന്തുഷ്ടയാണെന്നും അവര്‍വ്യക്തമാക്കി. സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ യോഗ്യതയുളള ഷെറീനയും പരിശീലന കാലയളവിലെ ബെസ്റ്റ് ഷൂട്ടറായി തിരഞ്ഞെടുക്കപ്പെട്ട അനുജ എസ് നായരും, ബെസ്റ്റ് ഇന്‍ഡോറായി തിരഞ്ഞെടുക്കപ്പെട്ട നഹീദ അഞ്ചുകണ്ടിയും, ബെസ്റ്റ് ഓള് റൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട സി.എ.നിഷമണിയുമടക്കമുളളവര് എറ്റെടുക്കുന്ന ജോലി കൃത്യമായി നിര്‍വ്വഹിക്കാന്‍ കഴിയുമെന്ന ഉത്തമ വിശ്വാസത്തിലാണ്.
കഴിഞ്ഞ ഒമ്പതുമാസമായി ട്രെയിനിങ്ങിന്റെ ഭാഗമായി നേടിയെടുത്ത അറിവും മെയ്വഴക്കവും വിവാഹിതരും അമ്മമാരുമായിട്ടുളള ഇവരില്‍ മിക്കവര്‍ക്കും ഭാവി ജീവിതത്തിന് മുതല്കൂട്ടാകുമെന്നുറപ്പാണ്. സൈനിക പരിശീലന മാതൃകയിലുള്ള അതികഠിനമായ പരിശീലനങ്ങളാണ് ഇവര്‍ക്ക് നല്‍കിയത്. ആയുധ പരിശീലനം, കരാട്ടെ, യോഗ, ക്രിമിനോളജി, മന:ശാസ്ത്രം, പ്രഥമശുശ്രൂഷ തുടങ്ങിയവയില്‍ പ്രത്യേക പരിശീലനം ഇവര്‍ നേടിയിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് വനിതകളുടെ മാത്രമായി ജയില്വാര്ഡന്മാരുടെ ഒരു പ്ലാറ്റൂണ്‍ പുറത്തിറങ്ങുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ വാര്‍ഡര്‍മാരെ സംസ്ഥാനത്തെ മൂന്നു മേഖലകളിലെ ജയിലുകളിലായി വരുംദിവസങ്ങളില്‍ വിന്യസിക്കും. വിധി വൈപരീത്യത്താല്‍ വഴി പിഴക്കപ്പെട്ടവരും ഏതൊ ഒരു അഭിശപ്ത നിമിഷത്തില്‍ ചെയ്തുപോയ തെറ്റിനാല്‍ ജയില്‍ അഴികള്ക്കിടയില് എത്തിപ്പെടുകയും ചെയ്ത നൂറു കണക്കിന് തടവു പുള്ളികളെ മാനുഷിക അവബോധം നല്കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന മഹത്തായ ദൗത്യമാണ് ഇവര്‍ക്കുമുന്നിലുള്ളത്.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: