കൊല്‍ക്കത്ത: ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഒന്നിലധികം ഐപിഎല്‍ കിരീടങ്ങള്‍ അണിഞ്ഞ ചെന്നൈ സൂപ്പര്‍ കിംഗ്സും വിജയം മാത്രം ലക്ഷ്യമിട്ടാണ് ഈഡന് ഗാര്‍ഡനില്‍ ഇറങ്ങുന്നത്. സീസണില്‍ മികച്ച പ്രകടനവുമായി മുന്നേറുന്ന കൊല്‍ക്കത്തയെ സംബന്ധിച്ച് ചെന്നൈക്കെതിരെയുള്ള വിജയം അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. പഞ്ചാബിനോടുള്ള മത്സരത്തില്‍ വിജയം കൈവിട്ട കൊല്‍ക്കത്ത പക്ഷേ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. ഹാട്രിക് അര്‍ദ്ധ സെഞ്ചുറിയുമായി കുതിക്കുന്ന ക്യാപ്റ്റന്‍ ഗൗതം ഗംഭീറും പഞ്ചാബിനെതിരെ ഹാട്രിക് നേടിയ സുനില്‍ നരേനുമാണ് കൊല്‍ക്കത്തയുടെ വിജയങ്ങള്‍ക്ക് ചുക്കന്‍ പിടിക്കുന്നത്. കൂടെ കാലിസ്, മോര്‍ഗണ്‍ തുടങ്ങി വിദേശ ശക്തികളുടെ ബലവും ചെന്നൈയ്ക്ക് ഭീഷണിയാണ്.
ദല്‍ഹിയെ 86 റണ്‍സിന് പരാജയപ്പെടുത്തി കൊല്‍ക്കത്തയുടെ തട്ടകത്തിലെത്തുമ്പോള്‍ ചെന്നൈക്ക് വിജയം എളുപ്പമല്ല. മൈക്ക് ഹസ്സി, വിജയ്, റെയ്ന, ധോണി, ജഡേജ എന്നിവരടങ്ങിയ ബാറ്റിങ്ങ് നിരക്ക് ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടയില്‍ മുന്നിലുള്ള സുനില്‍ നരേന്റെയും ബ്രെറ്റ് ലീയുടെയും ബൗളിങ്ങിനെ ഫലപ്രദമായി നേരിടണം. ഇരു ടീമുകളും മികച്ച ക്യാപ്റ്റന്മാരുടെ കീഴിലാണ് ഇറങ്ങുന്നത്. കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്ക് മുന്നില്‍ പലതും തെളിക്കാനുണ്ട്.
ബൗളിങ്ങ് നിരയും ബാറ്റിങ്ങ് നിരയും ഫോമിലുള്ള ചെന്നൈ കൊല്‍ക്കത്തക്കെതിരെ മികച്ച വിജയം നേടി വിജയ പരമ്പര തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇരു ടീമുകളും അഞ്ച് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ചെന്നൈയുടെ അക്കൗണ്ടില്‍ മൂന്ന് വിജയങ്ങളും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അക്കൗണ്ടില്‍ രണ്ട് വിജയങ്ങളും എഴുതിച്ചേര്‍ത്തു. മത്സരം വൈകിട്ട് നാല് മണിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: