ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ കഫേയില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ 27 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 51 പേര്‍ക്ക് പരുക്കേറ്റു. കഫേയില്‍ ഒളിപ്പിച്ചുവച്ചിരുന്ന സ്ഫോടനക വസ്തു ഇന്നലെ രാത്രി പത്തരയോടെ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടു കിലോയോളം സ്ഫോടക വസ്തുക്കള്‍ ആക്രമണത്തിനായി ഉപയോഗിച്ചുവെന്നാണ് കരുതുന്നത്.
പടിഞ്ഞാറന്‍ ബാഗ്ദാദിലെ പ്രസിദ്ധമായ കഫേയില്‍ ആയിരുന്നു ആക്രമണം നടന്നത്. മൂന്നു നിലകളുള്ള കെട്ടിടം ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു. യുവാക്കളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും അല്‍ ഖായിദായെ തന്നെയാണ് സംശയിക്കുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇറാഖില്‍ വിവിധ ഇടങ്ങളിലായി ഉണ്ടായ ആക്രമണങ്ങളില്‍ 30 പേര് കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച ബാഗ്ദാദില്‍ മാത്രം നടന്ന ആക്രമണങ്ങളില്‍ മൂന്നു പേര് കൊല്ലപ്പെടുകയും പതിനാറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: