ഹൈദരാബാദ്: രൂപം മാറിയിറങ്ങിയ ഹൈദരാബാദ് സണ്‍റൈസേഴ്സ് ഐപിഎല്ലില്‍ വിജയ തിളക്കത്തിലാണ്. പൂനെ വാരിയേഴ്സിനെതിരെ പരാജയത്തിന്റെ പൂമുഖത്തെത്തിയശേഷം അമിത് മിശ്രയുടെ മാജിക് ബൗളിങ്ങില്‍ വിജയിച്ചു കയറിയ സണ്‍റൈസേഴ്സ് എതിരാളികള്‍ക്ക് മുന്നറിയിപ്പു നല്കി കഴിഞ്ഞു. സണ്‍റൈസേഴ്സ് ഇന്ന് സ്വന്തം ആരാധകര്‍ക്കു മുന്നില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെ നേരിടും.
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് സണ്‍റൈസേഴ്സിന്റെ തട്ടകത്തിലെത്തുന്നത്. പ്രവചനാതീതമാണ് ഇരു ടീമുകളുടെയും പ്രകടനങ്ങള്‍. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന ക്യാപ്റ്റന്‍ സംഗക്കാര മടങ്ങിയെത്തുന്നത് സണ്‍റൈസേഴ്സിന്റെ ബാറ്റിങ്ങ് നിരക്ക് ശക്തി പകരും.
ഐപിഎല്ലില്‍ തന്റെ മൂന്നാം ഹാട്രിക് നേടിയ അമിത് മിശ്ര തന്നെയായിരിക്കും പഞ്ചാബിനെതിരെ സണ്‍റൈസേഴ്സിന്റെ ആയുധം. കൂടെ സ്റ്റെയിന്, ഇഷാന്ത് ശര്‍മ്മ, കരണ്‍ ശര്‍മ്മ എന്നിവരടങ്ങിയ ബൗളിങ്ങ്നിര പഞ്ചാബ് ബാറ്റിങ്ങ്നിരയില്‍ വിള്ളല്‍ വീഴ്ത്തുവാന്‍ കരുത്തുള്ളവരാണ്. മുന്‍നിരയുടെ ബാറ്റിങ്ങ് പരാജയമാണ് സണ്‍റൈസേഴ്സിന്റെ ദൗര്‍ബല്യം.
കാമറൂണ്‍ വൈറ്റ് മാത്രമാണ് മികച്ച പ്രകടനം നടത്തി ടീമിനെ വിജയത്തിലെത്തിക്കുന്നത്. മികച്ച ഇന്ത്യന്‍ താരങ്ങളുടെ അഭാവം സണ്‍റൈസേഴ്സിനെ ബാധിക്കുന്നു. പഞ്ചാബിനെതിരെ ബാറ്റിങ്ങ്നിര മികച്ച സ്കോര്‍ കണ്ടെത്തുകയും ബൗളിങ്ങ്നിര ഉത്തരവാദിത്വത്തോടെ പന്ത് എറിയുകയും ചെയ്താല്‍ വിജയം നേടി പോയിന്റ് പട്ടികയില്‍ മുന്നിലെത്തുവന് സണ്‍റൈസേഴ്സിനു കഴിയും.
പഞ്ചാബിനെ സംബന്ധിച്ച് മികച്ച വിജയം നേടി കിരീടപോരാട്ടത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കണം. കൊല്‍ക്കത്തക്കെതിരെ മന്‍പ്രീത് ഗോണിയുടെ ഔള്‍ റൗണ്ട് പ്രകടനം പഞ്ചാബിന്റെ വിജയത്തിന് നിര്‍ണ്ണായകമായി.
ക്യാപ്റ്റന്‍ ആദം ഗില്‍ക്രിസ്റ്റിന്റെ ഫോമില്ലായ്മ തലവേദനയാകുന്നു. ഈ സീസണില്‍ തന്റെ പേരില്‍ ഒരു അര്‍ദ്ധ സെഞ്ചുറി പോലും കൂട്ടിച്ചേര്‍ക്കാന്‍ മുന്‍ ഓസീസ് വെടിക്കെട്ടിന് കഴിഞ്ഞിട്ടില്ല. സണ്‍റൈസേഴ്സിനെതിരെ തന്റെ പഴയ വീര്യം പുറത്തെടുക്കുമെന്നാണ് പഞ്ചാബ് ആരാധകരുടെ പ്രതീക്ഷ. ഓപ്പണര്‍ മാന്‍ദീപ് സിംഗിന്റെ മികച്ച ഫോമം പഞ്ചാബിന് ആശ്വാസമാണ്. ഓറഞ്ച് ക്യാപ്പിനായുള്ള മത്സരത്തില്‍ മാന്‍ദീപ് സിംഗും മുന്നിലുണ്ട്. പ്രവീണ്‍ കുമാര്‍ നേതൃത്വം നല്കുന്ന ബൗളിങ്ങ് നിര സണ്‍റൈസേഴ്സിന് ഭീഷണിയാണ്. ഇന്ന് രാത്രി എട്ട് മണിക്ക് ഹൈദരാബാദില്‍ ഇരു ടീമുകളും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: