സോള്‍: ഉത്തരകൊറിയന്‍ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ മുന്നറിയിപ്പില്ലാത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് ദക്ഷിണകൊറിയക്ക് ഉത്തരകൊറിയന്‍ പട്ടാളത്തിന്റെ അന്ത്യശാസനം. ഉത്തരകൊറിയന്‍ രാഷ്ട്രനേതാക്കളുടെ ചിത്രങ്ങള്‍ ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളില്‍ കത്തിച്ചതിനെത്തുടര്‍ന്നാണ് പ്രതികരണം.
ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ ആക്രമണം ഉണ്ടാകുമെന്നാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. പ്രധാനനേതാക്കളെ അവേഹേളിച്ചാല് ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഉത്തരകൊറിയന്‍ പട്ടാളമേധാവി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇതിനിടെ ഉത്തരകൊറിയന്‍ വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ മാപ്പ് പറയുകയാണെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സൂചനയും സൈന്യം നല്കി. ഭീഷണി പരിഹാസ്യമാണെന്നും ഉത്തരകൊറിയ ചര്‍ച്ചയ്ക്ക് തയ്യാറാകുകയാണ് വേണ്ടതെന്നും ദക്ഷിണകൊറിയ പ്രതികരിച്ചു.
ഉത്തരകൊറിയന്‍ രാഷ്ട്രശില്പി കിം ഇല് സുങ്, അദ്ദേഹത്തിന്റെ മകന് കിം ജോങ് ഇല്, ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്‍ എന്നിവരുടെ ചിത്രങ്ങളാണ് ദക്ഷിണകൊറിയയില്‍ കത്തിച്ചത്. കിം ഇല് സുങിന്റെ നൂറ്റിയൊന്നാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഉത്തരകൊറിയയില്‍ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോഴാണ് കിം ഭരണവംശ നേതാക്കളുടെ ചിത്രങ്ങള്‍ ദക്ഷിണകൊറിയയില്‍ കത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: