കാസര്‍കോട്: “ഞ്ഞങ്ങള്‍ എന്ത് പിഴച്ചു?. ജന്മംകൊണ്ട് ഹിന്ദുക്കളായതോ? ഇവിടെ ഞങ്ങള്‍ക്കും ജീവിക്കണ്ടേ?” ഇസ്ലാമിക ഭീകരതയുടെ പ്രഭവകേന്ദ്രമായ പാക്കിസ്ഥാനില്‍ നിന്നോ കാശ്മീര്‍ താഴ്വരയില് നിന്നോ അല്ല ഈ ചോദ്യം. മതേതര കേരളത്തിന്റെ വടക്കനതിര്‍ത്തിയായ കാസര്‍കോട് ജില്ലയിലെ മഡിയന്‍ ഗ്രാമത്തില്‍ നിന്നുമാണ് ഈ ദീനരോദനം. താലിബാനിസത്തിനുമുന്നില് പിറന്നനാട്ടില്‍ അഭയാര്‍ത്ഥികളാക്കപ്പെടുന്ന കാസര്‍കോട്ടിലെ ഹൈന്ദവ സമൂഹത്തിന്റെ ഭരണാധികാരികളോടുള്ള ചോദ്യമാണിത്.
കാഞ്ഞങ്ങാടിനടുത്ത മടിയന്‍ പാലക്കിയിലെ സിപിഎം അനുഭാവി സന്തോഷ്, ഐഎന്‍ടിയുസി പ്രവര്ത്തകന് കരുണാകരന്, മഹിളാ അസോസിയേഷന് പ്രവര്‍ത്തക ലീല, അനുഭാവി മുത്താണി അമ്മ എന്നിവരാണ് കഴിഞ്ഞദിവസം കാഞ്ഞങ്ങാട് പത്രസമ്മേളനം നടത്തി തങ്ങളുടെ ദയനീയമായ ജീവിതാവസ്ഥ വിവരിച്ചത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പാലക്കിയിലെ അഞ്ച് ഹിന്ദുവീടുകളിലെ പ്രതിനിധികളാണിവര്‍. വിഷുപ്പുലരിയില്‍ ആഘോഷത്തിനിടെയേറ്റ അപ്രതീക്ഷിത അക്രമത്തിന്റെ ആഘാതത്തില്‍ നിന്നും മോചിതരായിരുന്നില്ല അവര്‍. വാചകങ്ങള്‍ ഇടയ്ക്ക് വെച്ച് മുറിഞ്ഞു. പതിഞ്ഞ ശബ്ദങ്ങളില്‍ ഭയം വിട്ടുമാറിയിരുന്നില്ല.
വിഷുവിന് പുലര്‍ച്ചെ ഒരുമണിയോടെയാണ് വീടുകള്‍ക്കുനേരെ മതതീവ്രവാദികള്‍ അക്രമം നടത്തിയത്. സമ്പല്‍സമൃദ്ധിയുടെ വിഷുവിന് കണിക്കൊന്നയും കൃഷ്ണവിഗ്രഹവുമൊരുക്കി കാത്തുനിന്നവര്‍ക്കിടയിലേക്ക് മതതീവ്രവാദികള്‍ ഇരച്ചുകയറി. കണ്ണില്‍ക്കണ്ടതൊക്കെ അടിച്ചു തകര്‍ത്തു. കൃഷ്ണവിഗ്രഹം നശിപ്പിച്ച് വിഷുക്കണി കിണറ്റിലെറിഞ്ഞു. ആഘോഷത്തില്‍ പങ്കുചേരാന്‍ വീട്ടിലെത്തിയ ബന്ധുക്കള്‍ക്കും ലഭിച്ചു ഹിന്ദുവായതിന്റെ തല്ല്. മഡിയന്‍ ജംഗ്ഷനിലെ ലീലയുടെ ചായക്കടയും അക്രമികള്‍ തകര്‍ത്തു. കരുണാകരന്റെ ദേഹമാസകലം മുറിപ്പാടാണ്. അറുപത് വയസ്സ് പിന്നിട്ട മുത്താണിയമ്മയുടെ മുഖം നീരുവെച്ച് വീര്‍ത്തിരിക്കുന്നു. അനങ്ങാന്‍ പോലുമാകാതെ കിടപ്പിലായ എന്‍ഡോസള്‍ഫാന്‍ ഇര ബിന്ദുവിനെയും അക്രമികള്‍ വെറുതെ വിട്ടില്ല.
ഹൈന്ദവ ആഘോഷങ്ങള്‍ പാടില്ലെന്ന താലിബാന് ഫത്വ കുറേവര്‍ഷങ്ങളായി പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. അഞ്ചുമാസംമുമ്പ് മതതീവ്രവാദികളില്‍ നിന്നും ഭീഷണി നേരിടുന്നതായി ചൂണ്ടിക്കാണിച്ച് ഇവര്‍ ജില്ലാപോലീസ് മേധാവിക്കും കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ല. കാഞ്ഞങ്ങാട് കലാപക്കേസിലെ പ്രതിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം അക്രമം നടന്നത്. ജീവിക്കാനുള്ള അവകാശം പോലും ചോദ്യംചെയ്യപ്പെടുമ്പോഴും വിശ്വസിച്ചിരുന്ന സംഘടനകളും ഇവരെ കൈവിട്ടു. അക്രമത്തെ അപലപിക്കാന്‍ പോലും സിപിഎമ്മും കോണ്‍ഗ്രസ്സും തയ്യാറായില്ല. ഒടുവില്‍ ഹിന്ദുസംഘടനകളുടെ സഹായത്തോടെയാണ് ഇവര്‍ പത്രസമ്മേളനം വിളിച്ചത്. കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സംഘപരിവാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീടുവിട്ട് പോകണമെന്നാണ് മതതീവ്രവാദികളുടെ ഭീഷണിയെന്ന് ഇവര്‍ പറയുന്നു. പിറന്ന നാട് വിട്ട് ഞങ്ങള്‍ എവിടെ പോകാന്‍. മനസ്സമാധാനത്തോടെ ജീവിക്കാന്‍ ഞങ്ങളെന്താണ് ചെയ്യേണ്ടത്. മതം മാറണോ? വര്‍ത്തമാനകാല കേരളീയ സാമൂഹ്യപരിസരങ്ങളിലെ ഇസ്ലാമിക ഭീകരതയ്ക്കുനേരെ കണ്ണടയ്ക്കുന്ന മതേതരവാദികള്‍ മറുപടി പറഞ്ഞേതീരൂ.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: