മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഒന്നും രണ്ടും സ്ഥാനത്തുനില്ക്കുന്ന ബാഴ്സലോണക്കും റയല്‍ മാഡ്രിഡിനും മികച്ച വിജയം. ഇരുടീമുകളും മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്. ബാഴ്സ റയല്‍ സരഗോസയെ കീഴടക്കിയപ്പോള്‍ റയല്‍ മാഡ്രിഡ് അത്ലറ്റിക് ബില്‍ബാവോക്കെതിരെയാണ് വിജയം സ്വന്തമാക്കിയത്.
ബില്‍ബാവോക്കെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഇരട്ട ഗോളുകളാണ് റയലിന്റെ വിജയം ആധികാരികമാക്കിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ബില്‍ബാവോ വല കുലുക്കി ക്രിസ്റ്റ്യാനോ റയലിനെ മുന്നിലെത്തിച്ചു. പിന്നീട് 69-ാം മിനിറ്റിലും റൊണാള്‍ഡോ ലക്ഷ്യം കണ്ടു. 76-ാം മിനിറ്റില്‍ ഹിഗ്വയിനാണ് റയലിന്റെ മുന്നാം ഗോള്‍ നേടിയത്.
സരഗോസക്കെതിരായ പോരാട്ടത്തില്‍ ബാഴ്സക്ക് വേണ്ടി ടെല്ലോയുടെ രണ്ട് ഗോളുകള്‍ നേടി. 20-ാം മിനിറ്റില്‍ തിയാഗോയിലൂടെയാണ് ബാഴ്സ ആദ്യഗോള്‍ നേടിയത്. പിന്നീട് 39, 53 മിനിറ്റുകളിലാണ് ടെല്ലോ ബാഴ്സക്ക് വേണ്ടി രണ്ട് തവണ സരഗോസ വല കുലുക്കിയത്.
മറ്റൊരു മത്സരത്തില്‍ ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് അത്ലറ്റികോ ഗ്രനേഡക്കെതിരെ വിജയം കണ്ടത്. അത്ലറ്റികോയുടെ സൂപ്പര്‍താരം റദമല്‍ ഫാല്‍ക്കോ രണ്ട് ഗോളുകള്‍ നേടി. 27, 47 മിനിറ്റുകളിലാണ് ഫാല്‍ക്കോ ഗോളുകള്‍ നേടിയത്. നാലാം മിനിറ്റില്‍ ഡീഗോ കോസ്റ്റ, 63-ാം മിനിറ്റില്‍ റൗള്‍ ഗാര്‍ഷ്യ, 70-ാം മിനിറ്റില്‍ ഫിലിപ്പെ ലൂയിസ് എന്നിവരാണ് അത്ലറ്റിക്കോക്ക് വേണ്ട് മറ്റു ഗോളുകള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ പത്ത് പേരുമായി കളിച്ച സെവിയയ്ക്കെതിരെ റയല്‍ ബെറ്റിസിന് സമനിലകൊണ്ട് തൃപ്തിപ്പെട്ടു. ഇരുടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി. സെവിയക്ക് വേണ്ടി മധ്യനിരയിലെ ഇവാന് റാക്കിച്ച് ഇരട്ടഗോള്‍ നേടി. 7, 19 മിനിറ്റുകളിലായിരുന്നു റാക്കിച്ചിന്റെ ഗോളുകള്‍. പിന്നീട് 33-ാം മിനിറ്റില്‍ അല്‍വാരോ നെഗ്രഡോയും ഗോള്‍ നേടിയതോടെ സെവിയ 3-0 ത്തിന്റെ ലീഡ് നേടി. എന്നാല്‍ ആദ്യപകുതി അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഡോര്‍ലാന്‍ പാബോണ് ബെറ്റിസിനുവേണ്ടി ഒരു ഗോള്‍ മടക്കി. ഇടവേളയ്ക്കുശേഷം 53-ാം മിനിറ്റില്‍ പെനാല്‍ട്ടി ഗോളാക്കി മാറ്റിയ റൂബന്‍ കാസ്ട്രോ ബെറ്റിസിന്റെ പ്രതീക്ഷ കൂട്ടി. ബെറ്റിസ് താരം ജോര്‍ജ് മൊളീനയെ സെവിയയുടെ ഫെഡറിക്കോ ഫാസിയോ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍ട്ടി. 53-ാം മിനിറ്റില്‍ ബെറ്റിസ് കളിക്കാരനെ ഫൗള്‍ ചെയ്ത ഗാരി മെഡലിന് റഫറി ചുവപ്പ് കാര്‍ഡ് നല്കി. ഇതോടെ പത്തുപേരായി ചുരുങ്ങിയ സെവിയക്കെതിരെ കളി തീരാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ എമ്മാനുവല്‍ ഇകിബോര് നേടിയ ഗോളിലാണ് ബെറ്റിസ് തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ടത്.
ലീഗില്‍ ഏഴ് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ ബാഴ്സ 81 പോയിന്റുമായാണ് കിരീടത്തിലേക്ക് കുതിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് 68 പോയിന്റും മൂന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിന് 65 പോയിന്റുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: