സിംഗപ്പൂര്‍: സിംഗപ്പൂരില്‍ കോടികള്‍ ചെലവഴിച്ച് ഇന്ത്യന്‍ ഹെറിറ്റേജ് കേന്ദ്രം സ്ഥാപിക്കുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ കുടിയേറിയ ഇന്ത്യക്കാരുടെ സാംസ്ക്കാരിക വാണിജ്യ ചരിത്രം വ്യക്തമാക്കുന്നതാണ് 2015ല്‍ പണി പൂര്‍ത്തിയാകുന്ന ഈ ഹെറിറ്റേജ്. സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ അനുഭവങ്ങള്‍ സമ്മാനിക്കുന്നതാകും ഹെറിറ്റേജ് കേന്ദ്രമെന്നും മള്‍ട്ടി മീഡിയയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയായിരിക്കും ഇത്തരത്തിലൊരു കേന്ദ്രം ഒരുക്കുന്നതെന്നും സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി തര്‍മന്‍ ഷണ്മുഖരത്നം പറഞ്ഞു. സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന ചിത്രങ്ങളും അഭിമുഖങ്ങളും ഹെറിറ്റേജ് മന്ദിരത്തിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ യഥേഷ്ടം ലഭിക്കുന്ന കടകള്‍ നിറഞ്ഞ ‘ലിറ്റില്‍ഇന്ത്യ’ എന്നറിയപ്പെടുന്ന സെരംഗൂണ്‍ റോഡിലാണ് ഹെറിറ്റേജ് മന്ദിരം നിര്‍മ്മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ മന്ദിരം പകല്‍ സമയത്ത് തിളങ്ങുന്ന രത്നം പോലെയും രാത്രിയില്‍ പ്രകാശിക്കുന്ന തൂക്കുവിളക്ക് പോലെയുമായിരിക്കുമെന്ന് ഷണ്മുഖ രത്നം മന്ദിരത്തിന്റെ രൂപകല്‍പ്പന വിശദീകരിച്ച് പറഞ്ഞു. പഴമയും പുതുമയും ഇടകലര്‍ത്തിയ ഇന്ത്യന്വാസ്തുശാസ്ത്ര പ്രകാരമാണ് നിര്‍മാണം. സിംഗപ്പൂരിലെ ഇന്ത്യക്കാര്‍ ഇന്ത്യന്‍ സംസ്ക്കാരവുമായി ബന്ധപ്പെട്ട പഴയചിത്രങ്ങളും വസ്തുക്കളും മന്ദിരത്തിന് സംഭാവന ചെയ്തു തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള 200 സമുദായങ്ങളും വ്യാവസായിക നേതാക്കളും ഹെറിറ്റേജ് മന്ദിരത്തിന്റ നിര്‍മ്മാണോദ്ഘാടനത്തില്‍ പങ്കെടുത്തു. വിനോദസഞ്ചാരത്തിനായി ഒട്ടേറെ ഇന്ത്യക്കാര്‍ എത്തുന്ന സിംഗപ്പൂരില്‍ അഞ്ച് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് അധിവസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: