പത്തനാപുരം: തലവൂര്‍ ഗ്രാമപഞ്ചായത്തിലെ കുരാ ആക്കവിള റോഡില്‍ കുരാ വായനശാല ജംഗ്ഷന് മുതല്‍ ഇരവിക്കോട് വരെയുള്ള രണ്ടരകിലോമീറ്റര്‍ പഞ്ചായത്ത് റോഡ് വന്‍ തകര്‍ച്ചയിലായിട്ട് 15 വര്‍ഷം പിന്നിട്ടു. സഞ്ചാരയോഗ്യമല്ലാത്ത ഈ റോഡില്‍കൂടിയുള്ള യാത്ര ജനങ്ങള്‍ക്ക് ജീവന്മരണ പോരാട്ടമാണ്. രാത്രിയില്‍ ഇഴജന്തുക്കളുടെ ശല്യമുള്ള ഇവിടെ തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ പോലും വാര്‍ഡംഗം അനാസ്ഥ കാട്ടുകയാണ്. 15 വര്‍ഷക്കാലമായി വാര്‍ഡ് ഭരിക്കുന്നത് എല്‍ഡിഎഫ് ജനപ്രതിനിധികളാണ്. റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം തേടി പ്രദേശവാസികള്‍ ഇപ്പോഴത്തെ വാര്‍ഡുമെമ്പറെ സമീപിച്ചപ്പോള്‍ പരിഹാസം നിറഞ്ഞ സമീപനമാണ് ഉണ്ടായത്. 1958ല്‍ മുന്‍മന്ത്രിയായ ആര്. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ നാട്ടുകാരാണ് ഈ റോഡ് സഞ്ചാരയോഗ്യമാക്കിയത്.
10വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഇഞ്ച് കനത്തില്‍ മെറ്റല്‍ പാകിയതിന് ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ കോണ്‍ട്രാക്ടറും വാര്‍ഡുമെമ്പറും മുങ്ങുകയായിരുന്നു എന്നും നാട്ടുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് നിര്‍മ്മിച്ച റോഡില്‍ വേണ്ടവിധം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താതെയും തുടര്‍ച്ചയായി വന്ന എല്‍ഡിഎഫ് വാര്‍ഡംഗങ്ങള്‍ ജനങ്ങളുടെ പ്രശ്നത്തില്‍ ഇടപെടാതെ സ്വയം മുഖം മിനുക്ക് പരിപാടികള്‍ മാത്രമാണ് നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: