ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്നില്‍ എറണാകുളം കേന്ദ്രമായി, രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ ട്രസ്റ്റാണ് രാഷ്ട്രധര്മപരിഷത്. കേരള സംഘചരിത്രത്തിലെ സമാനപ്രവര്ത്തനമേഖലയിലെ ആദ്യത്തെ ട്രസ്റ്റാണ് രാഷ്ട്രധര്മപരിഷത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സംഘകാര്യാലയത്തിന് സ്വന്തമായി ഒരു കേന്ദ്രം വേണമെന്ന ആലോചനയില്നിന്നുമാണ് ഇന്നത്തെ സംവിധാനം രൂപപ്പെട്ടത്. എറണാകുളത്ത് ഇയ്യാട്ടുമുക്കില്‍, വാടകക്കെട്ടിടത്തില്‍, സംഘകാര്യാലയവും പ്രാന്തകാര്യവാഹായിരുന്ന അഡ്വ.ടി.വി.അനന്തേട്ടന്റെ ഓഫീസും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവന്നിരുന്നു.
അവിടെനിന്നും ടിഡി റോഡിലേക്ക് മാറ്റിയത് 1969 ല്‍. പഴയകാല സ്വയംസേവകനായ ജയപ്രകാശിന്റെ സഹോദരീ ഭര്‍ത്താവിന്റെ വീട്ടുകാരുടെ വകയായിരുന്നു ആ വീട്. വീടിനോട് ചേര്‍ന്ന ഔട്ഠൗസില് അനന്തേട്ടന്റെ ഓഫീസും. ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ ജോലി ചെയ്തിരുന്ന വിജയരാഘവന് എന്ന ബേബിയും ജയകുമാറും കാര്യാലയത്തില്‍ താമസിച്ച് സംഘപ്രവര്‍ത്തനം നടത്തിയിരുന്നു. രണ്ടുപേരും ആലുവ സ്വദേശികളായ സ്വയംസേവകരാണ്. ജയകുമാര്‍ പിന്നീട് സംഘത്തിന്റെ പ്രചാരകനായി. ബേബിക്ക് ആലുവായിലേക്ക് സ്ഥലമാറ്റവും ഉണ്ടായി. ഇതിനെല്ലാം മുന്‍പ് പത്മജംഗ്ഷനില് കാര്യാലയം പ്രവര്‍ത്തിച്ചിരുന്നു. ഇടക്കിടെക്കുള്ള ഈ ആസ്ഥാനമാറ്റം ഒഴിവാക്കാനായി സ്വന്തമായി ഒരു സ്ഥലം വാങ്ങി അവിടെ കാര്യാലയം പണിതു കൂടെ എന്ന ചിന്ത ടിഡി റോഡിലെ കാര്യാലയത്തില്‍ വന്നപ്പോള്‍ പലരിലും ഉദിച്ചു. അങ്ങനെയാണ് ഇന്നത്തെ എളമക്കരയിലുള്ള കാര്യാലയനിര്മാണത്തിന് പ്രേരണ.
അന്നത്തെ പ്രാന്തപ്രചാരകായിരുന്ന ശ്രീ ഭാസ്കര്‍ റാവുജി, ഹരിയേട്ടന് എറണാകുളത്തെ ആദ്യകാല സ്വയംസേവകായ ശ്രീ വെങ്കിടേഷ് ഷേണായ് തുടങ്ങിയവരാല്‍ ആദ്യം ശ്രദ്ധിക്കപ്പെട്ട സ്ഥലത്താണ് ഇന്നത്തെ സുധീന്ദ്രാ മെഡിക്കല്‍ മിഷന് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ആ വസ്തുവില്‍ ഒരു മൈനര്‍ അവകാശം ഉള്ളതുകൊണ്ട് തല്ക്കാലം വാങ്ങാതിരിക്കുകയാണ് ബുദ്ധി എന്ന് വക്കീലായ പ്രാന്തകാര്യവാഹ് അനന്തേട്ടന്റെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടു. ഇതിനിടയിലാണ് അനന്തേട്ടന്റെ വളരെ അടുത്ത സുഹൃത്തായ എളമക്കരയിലെ ശ്രീജ്ഞാനേശ്വര്, തന്റെ കൈവശമുള്ള 42 സെന്റ് സ്ഥലം മിതമായ വിലയ്ക്ക് നല്‍കാമെന്നും അവിടെ കാര്യാലയം പണിയാന്‍ എല്ലാവിധ സഹായവും ചെയ്യാമെന്നും പറഞ്ഞ് അനന്തേട്ടനെ സമീപിച്ചത്. ഏതായാലും അതൊരു വഴിത്തിരിവായി. 1971 ല്‍ രാഷ്ട്രധര്‍മ പരിഷത്ത് എന്ന ട്രസ്റ്റ് രൂപീകൃതമായി. ജ്ഞാനേശ്വരന്റെ വക 42 സെന്റ് ഭൂമി തീറ് വാങ്ങി. തുടര്‍ന്ന് ശ്രീ ജ്ഞാനേശ്വര്സ്വാറിന്റേയും അനുജന് ചന്ദ്രശേഖര സ്വാറിന്റെയും പരിശ്രമംകൊണ്ട് അടുത്തുള്ള അനവധി വ്യക്തികളുടെ ഭൂമി വാങ്ങി.
എളമക്കരയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഒരു മഹാരാഷ്ട്ര വൈശ്യ കുടുംബാംഗമാണ് ശ്രീ ജ്ഞാനേശ്വര്‍. എഫ്എസിടിയിലെ ഉദ്യോഗസ്ഥനായ അദ്ദേഹം വിനയാന്വിതനായ ഒരു സ്വയംസേവകനായിരുന്നു. അനന്തേട്ടനുമായുള്ള അടുപ്പം അദ്ദേഹത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കി. സംഘ, സാമൂഹ്യപ്രവര്‍ത്തനത്തില്‍ തല്പ്പരനായിരുന്ന അദ്ദേഹം തന്റെ ശമ്പളത്തിന്റെ നല്ലൊരു ശതമാനം കൊണ്ട് ഒരു ലൈബ്രറി തന്നെ വീട്ടില്‍ തുടങ്ങി. എറണാകുളത്തെ പുസ്തക കടകളില്‍ പൈ & കമ്പനി തുടങ്ങിയ സ്ഥാപനങ്ങളില്‍ ഏതെല്ലാം പുതിയ പുസ്തകങ്ങള്‍ വന്നാലും അതെല്ലാം വാങ്ങി ശേഖരിക്കും. അങ്ങനെ വാങ്ങിയ പുസ്തകങ്ങള്‍ ആയിരക്കണക്കായിരുന്നു. കാര്യാലയ സ്ഥാപനമാകുന്നതോടെ ആ പുസ്തകങ്ങള്‍ മുഴുവനും അദ്ദേഹം കാര്യാലയത്തിലേക്കായി സമര്‍പ്പിച്ചു. മറ്റ് പലരില്‍നിന്നുമായി കിട്ടിയ ഗ്രന്ഥങ്ങള്‍ എല്ലാം ചേര്ത്തിട്ടിരുന്നത്, 19 മാസത്തെ ഇടവേളയ്ക്കുശേഷം (അടിയന്തരാവസ്ഥ) ശ്രീ.സിആര്‍ആര്‍ വര്‍മ്മ (വര്‍മാജി)യുടെ നിരന്തര ശ്രമഫലമായി മാധവനിവാസില്‍ ഒരു നല്ല ഗ്രന്ഥാലയം ഉണ്ടായി. അതിന് ജ്ഞാനേശ്വര്‍ സ്വാദ്ധ്യായ കേന്ദ്രം എന്ന പേര് നല്‍കിയത് അന്വര്‍ത്ഥം തന്നെ. ദല്‍ഹി ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എറണാകുളത്ത് എത്തിയ പരമേശ്വര്‍ജിയെ ഈ ഗ്രന്ഥാലയം ആകര്‍ഷിച്ചു. ആയിരക്കണക്കായ പുസ്തകങ്ങള്‍ പ്രത്യേകിച്ച് ഉപയോഗിക്കാതെ കിടക്കുന്നതും പുസ്തകങ്ങളോടുള്ള പൊതുതാല്‍പ്പര്യവും ഈ ഗ്രന്ഥശേഖരത്തെ മറ്റൊരു വലിയ ഗവേഷണ കേന്ദ്രത്തിന്റെ ഘടകമാക്കി തീര്‍ത്തു. തിരുവനന്തപുരത്തെ സംസ്കൃതിഭവന്‍ മഹത്തായൊരു ഗവേഷണ കേന്ദ്രമായി ഉയര്‍ന്നതിന് പിന്നില്‍ ഈ സംഭവം കൂടി ഉണ്ട്.
ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യുന്ന 1971 ല്‍ അതിലെ ഭാരവാഹികളും നിര്‍വാഹക സമിതി അംഗങ്ങളുമായി 9 പേരായിരുന്നു. ശ്രീ അനന്തേട്ടന് (പ്രസിഡന്റ്) കെ.സദാനന്ദന് പിള്ള (കൊച്ചണ്ണന്-ആലുവ) ഉപാധ്യക്ഷന്‍ മോഹന്‍ജി എന്ന് വിളിക്കുന്ന മോഹനകുക്കിലിയ (സെക്രട്ടറി കം ട്രഷറര്‍) എറണാകുളത്തെ ഡി.അനന്തപ്രഭു, അഡ്വ.ആര്.ധനഞ്ജയന്, കൊച്ചിയിലെ അഡ്വ.വി.ബാലകൃഷ്ണന്, എ.ആര്.ആനന്ദ്, പാലക്കാട് നിന്നും എ.രാമന് എന്ന രാമേട്ടന്, തൃശ്ശൂരിലെ ജി എന്ന് വിളിക്കുന്ന ജി. മഹാദേവന് എന്നിവരായിരുന്ന ആദ്യകാല അംഗങ്ങളും ഭാരവാഹികളും.
ഇനിയങ്ങോട്ടുള്ള ട്രസ്റ്റ് പ്രവര്‍ത്തനവും ചരിത്രവും ട്രസ്റ്റിന്റെ സെക്രട്ടറിയും ട്രഷററുമായിരുന്ന മോഹന്‍ജിയില്‍ കൂടി മനസ്സിലാക്കുകയാണ് കൂടുതല്‍ ശരിയും ഭംഗിയും. 1971 മുതല്‍ 2001 വരെ നാല്‍പ്പതുവര്‍ഷം ഈ ചുമതലയിലും 2001 ന് ശേഷം 2012 വരെ ട്രഷറര്‍ സ്ഥാനത്തും പ്രവര്‍ത്തിച്ച മോഹന്‍ജി എന്ന വ്യക്തിയുടെ വ്യക്തിത്വവും ജീവിതവും ശൈലികളുമെല്ലാമായി മാധവനിവാസും രാഷ്ട്രധര്‍മ പരിഷത്തും സരസ്വതീ വിദ്യാലയവും പരസ്പര പൂരകങ്ങളായി സജീവമായി നിലനില്ക്കുന്നു.
കേരളമൊട്ടുക്കുള്ള കാര്യത്തില്‍ കാര്യകര്ത്താക്കന്മാര്ക്കും എറണാകുളം ജില്ലയിലെ സാധാരണ സ്വയംസേവകര്‍ക്കും സുപരിചിതനായ മോഹന്‍ജി പ്രചാരകനാകുന്നത് 1969. ആദ്യ ചുമതലതന്നെ കാര്യാലയ പ്രമുഖനായിട്ടാണ്. അന്ന് കാര്യാലയം ചിറ്റൂര്‍ റോഡില്‍ ഈയാട്ടുമുക്കിലായിരുന്നു. പ്രകൃത്യാ സൗമ്യന്‍, മന്ദമായ നടത്തം, സാധാരണനിലയില്‍ ആരോടും ഏറ്റവും എളിമയോടെയെ സംസാരിക്കൂ.പക്ഷെ സംഘകാര്യ നിര്‍വഹണത്തിലും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതിലും നടപ്പില്‍വരുത്തുന്നതിലും മുഖം നോക്കാത്ത വ്യക്തിത്വം. അതാണ് മോഹന്‍ജി. അദ്ദേഹത്തിന്റെ എളിമക്കും ലാളിത്യത്തിനും സംഘകാര്യത്തിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനും പകരമായി സ്വയംസേവകര്‍ അദ്ദേഹത്തിന് ആദരവും സ്നേഹവും നല്കിപോന്നു. മാധവനിവാസിന്റെ ഓരോ മുക്കും മൂലയും മോഹന്‍ജിയുടെ ശ്രദ്ധയില്‍ പെടാതെ പോകില്ല. അന്തേവാസികളായി എത്രപേരുണ്ടായാലും അവരിലും ആ ശ്രദ്ധയുണ്ടാകും. 80 കളില്‍ നടന്ന ഒരു സംഭവം. കോളേജ് വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ ഒപ്പിച്ച നിര്‍ദ്ദോഷകരമായ കുസൃതിയും മോഹന്‍ജിയുടെ ശ്രദ്ധയും ആണ് വിഷയം. ഒരു അവധി ദിവസം. മോഹന്‍ജിക്ക് അത്യാവശ്യമായി തൃപ്പൂണിത്തുറയില്‍ പോകണം. നമ്മുടെ കഥാപുരുഷന്മാരായ വിദ്യാര്‍ത്ഥികള്‍-ഒരാള്‍ ഇപ്പോള്‍ ബിഎംഎസിന്റെ ഉന്നതനായ നേതാവ് അഡ്വ. നഗരേഷും മറ്റയാള്‍ ഓര്‍ഗനൈസറിലുണ്ടായിരുന്ന ആര്.ബാലശങ്കറിന്റെ സഹോദരന് സതീശനും. കാര്യാലയത്തിന്റെ പടിയിറങ്ങി ചെരിപ്പിടുമ്പോള്‍ രണ്ടുപേരെയും ഒന്നു നോക്കി, ചിരിച്ചെന്നും ഇല്ലെന്നും തോന്നുമാറ് നേരെ നടന്നു. രണ്ടുപേരും കൂടി ചിന്തിച്ചു. മോഹന്‍ജി തൃപ്പൂണിത്തുറയ്ക്ക് പോയാല്‍ ഉടനെ വരില്ല. ഉച്ചതിരിഞ്ഞ് ടൗണില്‍ പോയി സിനിമ കണ്ടാലോ. പൈസ? ഓ… ഒരു കാര്യം ചെയ്യാം. തലമുടി വെട്ടിക്കാനുള്ള കാശുണ്ടല്ലൊ. നമുക്ക് തലമുടി സ്വയം വെട്ടാം. എന്നിട്ട് ആ പൈസ എടുക്കാം. രണ്ടുപേരും കാര്യാലയത്തിന് പുറകില്‍, സൗകര്യമായ ഒരു സ്ഥലത്ത് ചെന്നിരുന്ന് പരസ്പ്പരം തലമുടി വെട്ടാന്‍ തീരുമാനിച്ചു. ഒരാളുടെ തലമുടി പകുതി വെട്ടി. പുറകില്നിന്നൊരു ചോദ്യം. ഇതെന്താവടെ പരിപാടി, ‘കൊള്ളാം’. അമ്മോ മോഹന്‍ജി! മുടിവെട്ട് പപ്പാതിയാക്കി രണ്ടുപേരും തല്ക്കാലം തടിയൂരി. എളമക്കരയില്‍നിന്ന് തൃപ്പൂണിത്തുറ വഴി പോകേണ്ട ബസ് കാത്ത് കുറെ നേരം നിന്നിട്ടും കാണാത്തതുകൊണ്ട് യാത്ര വേണ്ടെന്ന് വച്ച് മോഹന്‍ജി തിരികെ കാര്യാലയത്തിലെത്തിയത് ഇവരറിഞ്ഞില്ലല്ലൊ. എവിടെയെങ്കിലും അനാവശ്യമായി ഒരു സ്വിച്ച് ഓണ്‍ ചെയ്ത് കിടക്കുന്നത് കണ്ടാല്‍, അവിടെ മോഹന്‍ജിയുടെ കൈയെത്തും. അതാണ് മോഹന്‍ജി. 85 വയസ്സിന്റെ നിറവിലാണ് മോഹന്‍ജി. രാഷ്ട്രധര്‍മ പരിഷത്തിന്റെ ചരിത്രവും വളര്‍ച്ചയും മോഹന്‍ജിയില്‍ കൂടി അറിയിക്കുന്നതായിരിക്കും കൂടുതല്‍ ശരി.
ഇപ്പോഴത്തെ സാരഥികള്‍
ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ആര്.വിശ്വനാഥ ഷേണായ് (പ്രസിഡന്റ്)
അഡ്വ. ബാലകൃഷ്ണന് (ഉപാദ്ധ്യക്ഷന്‍)
മുന്‍പ്രചാരകനും ജന്മഭൂമിയുടെ ജനറല്‍ മാനേജരായിരുന്ന എം.മോഹനന്
(സെക്രട്ടറി)
കെ. കൈലാസ് (ട്രഷറര്‍)
കെ.എസ്. ശ്രീകുമാര്‍
(ജോയിന്റ് സെക്രട്ടറി)
പ്രാന്തീയ പ്രചാര്‍പ്രമുഖ്
എം.ഗണേശന് (അംഗം)
മുന്‍ അദ്ധ്യക്ഷന്മാര്: അഡ്വ.ടി.വി.അനന്തന്, എം.കേശവന് നായര്‍, എം.സി.സിദ്ധാര്ത്ഥന്, ദാമോദര്‍ മല്ലയ്യ, ഡി.അനന്ത പ്രഭു തുടങ്ങിയവര്‍. അതില്‍ അഡ്വ. ടി.വി. അനന്ത(അനന്തേട്ടന്)നും കേശവന് നായരും ജീവിച്ചിരിപ്പില്ല.
നമുക്ക് മോഹന്ജിയിലേക്ക് തിരികെ വരാം. മോഹന്‍ജി കൊച്ചിയിലെ പണ്ഡിതര്‍ റോഡില്‍ ഗോപാലകൃഷ്ണ ടെമ്പിള്‍-ശാഖയില്‍ 1945-46 മുതല്‍ സ്വയംസേവക്. 1956, 57, 59 എന്നീ വര്‍ഷങ്ങളിലായി സംഘശിക്ഷാവര്‍ഗുകള്‍ മൂന്നും. ജോലി കോര്പ്പറേഷന് ബാങ്കില്‍. 59 ല്‍ കൊച്ചിയില്‍നിന്ന് തലശ്ശേരിയിലേക്ക് ഉദ്യോഗ സ്ഥലം മാറ്റം. തുടര്‍ന്ന് പത്ത് വര്‍ഷം തലശ്ശേരി താലൂക്കില്‍ സംഘപ്രവര്‍ത്തനത്തിന്റെ വികാസത്തിനായി പരിശ്രമം. അടിയോടി വക്കീലിന്റെ വീട് പ്രധാന പ്രവര്‍ത്തന കേന്ദ്രം. സഹപ്രവര്‍ത്തകനായി ബ്രണ്ണന്‍ കോളേജിലെ പ്രൊഫ.രഘുവും. വാടിക്കല്‍ രാമകൃഷ്ണന് സംഭവമെല്ലാം ഈ കാലത്താണ്.
തലശ്ശേരിയില്‍ സംഘപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്ന സമയത്ത് ഹരിയേട്ടന് ഇടക്കൊക്കെ ബാങ്കില്‍ വരും. നമുക്ക് എറണാകുളത്ത് ഒരു കാര്യാലയ പ്രമുഖിന്റെ ആവശ്യം അത്യാവശ്യമായിരിക്കുന്നു കേട്ടോ മോഹന്‍ജി എന്നൊക്കെ എങ്ങും തൊടാതെ ഹരിയേട്ടന് പറയും. മാ.ഭാസ്ക്കര്‍ റാവുജി നേരത്തെ മുതലേ പറയാറുണ്ടായിരുന്ന ഒരു കാര്യമുണ്ട്. മോഹന്‍, 40 വയസ്സാവുന്നതുവരെ മതി ഉദ്യോഗം. അത് കഴിഞ്ഞാല്‍ പ്രചാരകായിക്കൂടെ? അഖിലഭാരതീയ പ്രചാരക് പ്രമുഖായിരുന്ന ആപ്തേജിയുടെ പ്രേരണയും. നിങ്ങളെന്തിന് ഉദ്യോഗത്തിന് പോണം? ഈ പ്രേരണകളെത്തുടര്ന്ന് 1969 ഡിസംബര്‍ ആറിന് പ്രചാരകനായി എറണാകുളത്ത് കാര്യാലയ പ്രമുഖായി.
എം. മോഹനന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: