നാളെ ലോക ആരോഗ്യ ദിനം. പുരുഷന്മാരെ അപേക്ഷിച്ച് ശാരീരിക വിഷമതകള്‍ കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണ്. ഋതുമതിയായി അമ്മയായി, ആര്ത്തവവിരാമത്തിലെത്തി വാര്‍ദ്ധക്യത്തിലെ ത്തുന്നതുവരെ ശാരീരിക ബുദ്ധിമുട്ടുകള്‍ വിട്ടൊഴിയുന്നില്ല. ഋതുമതിയാകുന്നതിന് ഒരു പ്രായം കണക്കാക്കിയിരുന്നെങ്കില്‍ ആര്‍ത്തവവിരാ മത്തിലെത്തുന്നതിനും ഒരു സമയമുണ്ട്. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറിയതായി പല പഠനങ്ങളും തെളിയിക്കുന്നു. ആദ്യാര്‍ത്തവം തുടങ്ങുന്നത് ഒരു പെണ്‍കുട്ടി എട്ടിലോ പത്തിലോ പഠിക്കുമ്പോഴായിരുന്നെങ്കില് ഇന്ന് 10 വയസ്സ് എത്തുന്നതിന് മുമ്പ് സാധാരണമാകുന്നു. ആഹാരരീതികളാണ് കാരണമെന്ന് ഡോക്ടര്‍മാര്‍ പോലും അഭിപ്രായപ്പെടുന്നു.
ഋതുവിരാമത്തിന്റെ ലക്ഷണങ്ങള്‍ ഏകദേശം 40-45 വയസ്സാകുമ്പോഴായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. 30 വയസ്സ് എത്തുന്നതിന് മുമ്പേ ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങള്‍ ചിലരിലെങ്കിലും കണ്ടുതുടങ്ങുന്നുവെന്നാണ് സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സത്വം എന്ന സംഘടനയുടെ അഞ്ച് വര്‍ഷം നീണ്ട പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്. അണ്ഡാശയങ്ങളില്‍ അണ്ഡോത്പാദനവും ഹോര്‍മോണ്‍ ഉത്പാദനവും നിലയ്ക്കുകയും അതുമുഖേന ആര്‍ത്തവം ഇല്ലാതാവുകയും ചെയ്യുന്ന ശാരീരിക പ്രതിഭാസമാണ് ഋതുവിരാമം.
ആധുനിക കാലത്ത് പെണ്‍കുട്ടികള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത് തന്നെ 30 വയസ്സോട് അടുക്കുമ്പോഴാണ്. അങ്ങനെയെങ്കില്‍ അമ്മയാവുക എന്ന ആഗ്രഹത്തിന് നേരത്തെയുള്ള ആര്‍ത്തവ വിരാമം വിലങ്ങുതടിയാവും. ക്രമരഹിതമായ ആര്‍ത്തവം, ഉറക്കക്കുറവ്, വിഷാദം, കടുത്ത ദേഷ്യം, മുടികൊഴിയല്‍, അമിത രോമ വളര്‍ച്ച ഇതെല്ലാം ഇതിന്റെ ലക്ഷണങ്ങളായി ചൂണ്ടിക്കാട്ടുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന സ്ത്രീകളിലാണ് പൊതുവെ നേരത്തെയുള്ള ആര്‍ത്തവ വിരാമം കണ്ടുവരുന്നത്. സ്ത്രൈണ ഹോര്‍മോണായ ഈസ്ട്രജന് ശരീരത്തില്‍ നിന്നും ഇല്ലാതാകുന്നു. യുവത്വം നിലനിര്‍ത്തുന്നത് പ്രധാനമായും ഈ ഹോര്‍മോണ്‍ ആയതുകൊണ്ട് ഇതിന്റെ അഭാവം മൂലം വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളും കണ്ടുതുടങ്ങിയേക്കാം.
പ്രസരിപ്പോടെ ജീവിക്കേണ്ട പ്രായത്തില്‍ മാനസിക സമ്മര്‍ദ്ദത്തില്‍ അടിപ്പെട്ട് ജീവിതം തള്ളിനീക്കാന്‍ അവള് നിര്‍ബന്ധിതയാകുന്നു. അതിനാല്‍ തന്നെ നേരത്തെയുള്ള ഋതുവിരാമത്തില് നിന്നും രക്ഷ നേടാന്‍ സ്ത്രീകള്‍ തന്നെ അവരുടെ ജീവിത ശൈലിയില്‍ മാറ്റം വരുത്തണം. ടെന്‍ഷന്‍ ഫ്രീ ലൈഫ് ആഗ്രഹിക്കുമ്പോള്‍ അതിനുവേണ്ടി സ്വന്തം നിലയിലൊരു പരിശ്രമവും പരിവര്‍ത്തനവുമാണ് ആവശ്യം.
നേരത്തെയുള്ള ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ച് ഹോര്‍മോണ്‍ ചികിത്സ സ്വീകരിക്കാവുന്നതാണ്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ് എന്ന കാര്യവും വിസ്മരിച്ചുകൂട. ഈസ്ട്രജന് ഘടകങ്ങള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ധാരാളം ഉപയോഗിക്കുക, യോഗ പരിശീലിക്കുക, നിത്യവും വ്യായാമം ചെയ്യുക, ഭക്ഷണ ശൈലിയില്‍ മാറ്റം വരുത്തുക തുടങ്ങിയ കാര്യങ്ങളിലൂടെ നഷ്ടപ്പെട്ടുപോയേക്കാവുന്ന യൗവനം നിലനിര്‍ത്താന്‍ ആര്‍ക്കും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: