പീഡനങ്ങളും കൊലപാതകങ്ങളും പകര്ന്നുനല്കുന്ന വായനാമുഷിവില് നന്മയുടെയും ഭാവാത്മകതയുടെയും ചില വാര്‍ത്തകള്‍ നല്കുന്ന ഊര്‍ജ്ജം വലുതാണ്. നിറം കെട്ടുപോയ ജീവിതത്തില്‍ ഇനിയെന്ത് ബാക്കിയെന്ന ചോദ്യം ആയിരം തവണ സ്വയം ചോദിച്ചിട്ടുണ്ടാകും ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ കഴിയുന്ന ഒരു കൂട്ടം സ്ത്രീകള്‍. തീര്‍ച്ചയായും അവരില്‍ ചിലര്‍ക്കിത് വിശ്വാസമാണ്, ശ്രീകൃഷ്ണഭക്തിയാണ്, ആചാരത്തിന്റെ തുടര്‍ച്ചയാണ്. എന്നാല്‍ ചിലരെങ്കിലും നിവൃത്തികേട് കൊണ്ട് അലിഖിമായ ചില നിയമങ്ങള്‍ക്ക് വഴങ്ങേണ്ടിവരുന്നു. എന്നാല്‍ ഇവര്‍ തിരിച്ചറിയുകയാണ് വൈധവ്യം എന്നത് സ്ത്രീജീവിതത്തിന്റെ അവസാനമല്ലെന്ന്. ജനലഴികള്ക്ക് പിന്നില്‍ പാതി മറഞ്ഞ് പുറത്തെ നിറങ്ങളുടെ ഉത്സവം കണ്ട് നെടുവീര്‍പ്പിട്ട ഇവര്‍ക്ക് എല്ലാവര്‍ഷവും പോലെയായിരുന്നില്ല ഇത്തവണ ഹോളി.
ഒരു മൂളിപ്പാട്ട് പോലും പാപമെന്ന വിശ്വാസത്തില്‍ ഇടുങ്ങിയ തെരുവുകളിലൂടെ കടന്നു പോകുന്ന വെള്ളച്ചേലകള്ക്കുള്ളില് ഒരു മനസ്സും ജീവിതവും ബാക്കിയുണ്ടെന്ന കാര്യം പലരും മറന്നുപോയതാണ്. കണ്മുന്നിലൊടുങ്ങുന്ന ജീവിതങ്ങളോട് സഹതപിച്ച് കടന്നുപോകലല്ല കൈപിടിച്ച് കൂടെ നടത്തിക്കുകയാണ് വേണ്ടതെന്ന സാമാന്യത്വമാണ് ഇത്തവണ ഹോളി നല്കിയ വലിയ സന്ദേശം. ഭര്‍ത്താവിന്റെ മരണശേഷം അന്യപുരുഷന്മാരുടെ മുഖത്ത് പോലും നോക്കാന്‍ ധൈര്യമില്ലാതെ കഴിഞ്ഞിരുന്നവര്‍ ഇത്തവണ തങ്ങളെത്തേടിയെത്തിയ അതിഥികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. അവര്‍ക്കു മുന്നില്‍ ഡോലക് കൊട്ടി മനസ് തുറന്നു പാടി, ചിലര്‍ സ്വയംമറന്ന് ചുവടുവച്ചു. വരണ്ടുണങ്ങി വിണ്ടുകീറിയ മനസ്സില്‍ പുതുമഴ പെയ്യുംപോലെ.. ഇടുങ്ങിയഗലികളില്‍ പതിറ്റാണ്ടുകളായി നിഴല്‍പോലെ പതിഞ്ഞുപോയ ജന്മങ്ങള്‍ക്ക് പുതിയൊരനുഭവമായിരുന്നു ഇത്.
ശപിച്ചും കരഞ്ഞും കഴിച്ചുതീര്ക്കാനുള്ളതല്ല ജീവിതമെന്ന് ഇവരെ ബോധവത്ക്കരിച്ചത് സുലഭ് ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധസംഘടനയാണ്. സാംസ്ക്കാരിക പരിവര്‍ത്തനങ്ങള്‍ക്ക് ഇത്തരം ചില വഴികള്കൂടിയുണ്ടെന്ന് ഓര്‍മ്മിപ്പിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ആഘോഷങ്ങളില്‍ ഒതുങ്ങാതെ സ്വയംതൊഴില്സംരഭങ്ങളും മറ്റും പരിശീലിപ്പിച്ച് ഈ സ്ത്രീകളെ കൂടുതല്‍ ശാക്തീകരിക്കുക എന്ന ലക്ഷ്യവും സന്നദ്ധ സംഘടനകള്‍ ഏറ്റെടുത്തുകഴിഞ്ഞു. കയ്ക്കുന്ന ജീവിതാനുഭവങ്ങളുടെ നൈരന്തര്യതയില്‍ നിന്ന് വൃന്ദാവനിലെ വിധവകളെ പൊതുജീവിതത്തിലേക്ക് കടത്താനുള്ള ശ്രമമാണിവരുടേത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ലോകം തങ്ങള്‍ക്കും കൂടിയുള്ളതാണെന്നുമുള്ള തിരിച്ചറിവ് മനസ്സിലേറ്റു വാങ്ങിയവര്‍ക്ക് അടുത്ത ഹോളി കൂടുതല്‍ നിറപ്പകിട്ടുള്ളതാകുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: