ഷാങ്ഹായ്: ഹുസൂവില് 64 വയസ്സുള്ള കര്ഷകന് കൂടി മരിച്ചതോടെ ചൈനയില്‍ പക്ഷിപ്പനി മൂലം മരണമടയുന്നവരുടെ എണ്ണം ആറായി ഉയര്‍ന്നു. സീജാങ് പ്രവിശ്യയില്‍ ഇത് രണ്ടാമത്തെയാളാണ് പക്ഷിപ്പനി മൂലം മരണമടയുന്നത്. പക്ഷിപ്പനിയെ തുടര്‍ന്ന് ഷാങ്ഹായിലെ പോള്‍ട്രി ഫാമുകളെല്ലാം താല്‍ക്കാലികമായി അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടു.
ഷാങ്ഹായിലെ ഒരു സുപ്രധാന മാര്‍ക്കറ്റിലെ പൗള്‍ട്രി ഫാമിലാണ് പക്ഷിപ്പനിയ്ക്ക് കാരണമായ H7N9 വൈറസ് കണ്ടെത്തിയത്. തുടര്‍ന്ന് ഫാമിലെ കോഴികള്‍, താറാവുകള്‍, പ്രാവുകള്‍ എന്നിവയടക്കം 20,536ഓളം പക്ഷികളെ കൊന്നൊടുക്കി. ചൈനയില്‍ നിന്നുള്ള പൗള്‍ട്രി ഇറക്കുമതി വിയറ്റ്നാം സര്‍ക്കാര്‍ താല്‍ക്കാലികമായി നിരോധിച്ചു. ജനങ്ങള്‍ പക്ഷിപ്പനിയെക്കുറിച്ച് ജാഗരൂകരായിരിക്കണമെന്ന് ജപ്പാനിലെയും ഹോങ്കോംഗിലെയും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സാധാരണയായി H7N9 വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യനിലേക്ക് പകരാറില്ലെങ്കിലും വിമാനത്താവളങ്ങള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: