കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സമാശ്വാസത്തിന്റെ ഗുണഫലം ലഭിക്കാതെ കൈത്തറി സഹകരണസംഘങ്ങള്‍ സ്തംഭനത്തിലേക്ക്. നബാര്‍ഡിന്റെ കടുത്ത നിബന്ധനകള്‍ മൂലമാണ് കേന്ദ്രസര്‍ക്കാരിന്റെ സമാശ്വാസനടപടികള്‍ ലക്ഷ്യം കാണാതെ പോകുന്നത്. കൈത്തറി മേഖലയിലെ മാന്ദ്യം മാറ്റിയെടുക്കാനും മേഖലയെ പുനരുജ്ജീവിപ്പിക്കാനുമാണ് റിവൈവല്‍, റിഫോം, റീസ്ട്രക്ടറിംഗ് പാക്കേജ് 2011 നവംബര്‍ 28ന് നിലനിവില്‍ വന്നത്. 2010 ലെ കേന്ദ്രബജറ്റില്‍ കൈത്തറി-നെയ്ത്ത് മേഖലയെ രക്ഷിക്കാന്‍ 7000 കോടിരൂപ നീക്കിവച്ചിരുന്നു. നിലവിലുള്ള കടബാദ്ധ്യതകള്‍ എഴുതിതള്ളാനായിരുന്നു ഇതുകൊണ്ട് മുഖ്യമായും ഉദ്ദേശിച്ചത്. ഇരുപത് ശതമാനം സംസ്ഥാനസര്‍ക്കാരിന്റെ വിഹിതം ഉണ്ടാകണമെന്നും നിഷ്കര്‍ഷിച്ചിരുന്നു. വിവിധ ബാങ്കുകളിലായി 2010 വരെയുള്ള സാമ്പത്തിക ബാധ്യതകളാണ് എഴുതിത്തള്ളാന്‍ തീരുമാനമുണ്ടായത്.
കേരളത്തിലെ 765 സഹകരണസംഘങ്ങള്‍ക്കായി 300 കോടിരൂപ കടാശ്വാസത്തിനായി നബാര്‍ഡിന് നല്‍കുകയും ചെയ്തു. നബാര്‍ഡ് കടുത്തനിബന്ധനകള്‍ ഏര്‍പ്പെടുത്തിയതോടെ പദ്ധതിയുടെഗുണം ഭൂരിപക്ഷം സഹകരണസംഘങ്ങള്‍ക്കും ലഭിക്കില്ലെന്ന സാഹചര്യമാണ് നിലവിലുള്ളത്. ഓരോ സംഘത്തിന്റെയും കണക്കുകള്‍ പരിശോധിച്ച് ബാധ്യതകള്‍ പരിഹരിക്കാനും പ്രവര്‍ത്തനമൂലധനമായി സഹായം നല്‍കണമെന്നായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്. എന്നാല്‍ 5 വര്‍ഷം തുടര്‍ച്ചയായി ലാഭമുണ്ടാക്കിയ സഹകരണസംഘങ്ങള്‍ക്ക് മാത്രമേ ഈ സഹായം ലഭ്യമാകൂ എന്നായിരുന്നു നബാര്‍ഡിന്റെ ആദ്യത്തെ നിബന്ധന. ഇതുപ്രകാരം ധനസഹായം നല്കാന് പറ്റാത്ത സ്ഥിതി സംജാതമായപ്പോള്‍ ഉത്പാദനത്തിന്റെ 70 ശതമാനം വില്പന സഹകരണസംഘങ്ങള്‍ക്ക് നല്കാന് തീരുമാനമായി. ഇതുപ്രകാരം 42 സംഘങ്ങള്‍ക്ക് സഹായലഭ്യതയ്ക്ക് അര്‍ഹതയുണ്ടെന്ന് കണ്ടെത്തി. 3 കൊല്ലം തുടര്‍ച്ചയായി ലാഭമുണ്ടാക്കണമെന്ന നിബന്ധനയാണ് നബാര്‍ഡ് അവസാനമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു പ്രകാരം 765ല്‍ 124 സംഘങ്ങള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
സര്‍ക്കാര്‍ നല്കുന്ന 20 ശതമാനം റിബേറ്റിന്റെ വിഹിതം വര്‍ഷങ്ങളായി സഹകരണസംഘങ്ങള്‍ക്ക് നല്‍കാത്തതും ഹാന്‍ടെക്സ് തുടങ്ങിയ ഉത്പന്നങ്ങളുടെ വില കുടിശ്ശികയായതുമാണ് കൈത്തറി-നെയ്ത്ത് സഹകരണസംഘങ്ങളുടെ നട്ടെല്ലൊടിച്ചത്. ഈ ബാധ്യതയില്‍ നിന്ന് കരകയറ്റാനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുന്നതിനുമായി ജില്ലാ സഹകരണബാങ്കുകളില്‍ നിന്ന് സംഘങ്ങള്‍ വായ്പയെടുത്തു. എന്നാല്‍ കൃത്യമായി തിരിച്ചടയ്ക്കാന്‍ കഴിയാത്തത് കാരണം ഇതും സംഘങ്ങള്‍ക്ക് ബാധ്യതയായി തീരുകയാണുണ്ടായത്.
ഏതാണ്ട് 300 കോടി രൂപയോളം ബാധ്യത ഇത്തരത്തിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2010 വരെയുള്ള കുടിശ്ശിക സര്‍ക്കാര്‍ അടച്ചുതീര്‍ത്തത് കാരണമാണ് കൈത്തറി-നെയ്ത്ത് സഹകരണ മേഖല പൂര്‍ണമായും തകര്ന്നുപോകാതിരുന്നത്. 2 വര്‍ഷത്തെ കുടിശ്ശിക ഇപ്പോഴും ബാക്കിയാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍കം ഡപ്പോസിറ്റ് സ്കീം, പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പദ്ധതി എന്നിവ മൂലമാണ് ഈ മേഖലയിലെ തൊഴിലാളികള്‍ പിടിച്ചുനില്‍ക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കടാശ്വാസ നടപടികള്‍ എല്ലാസഹകരണ സംഘങ്ങള്‍ക്കും നല്കുവാന് നബാര്‍ഡിന്റെ നിബന്ധനകളില്‍ ഇളവ് വരുത്തണമെന്ന ആവശ്യമാണ് കൈത്തറി-നെയ്ത്ത് സഹകരണ സംഘങ്ങള്‍ ഉന്നയിക്കുന്നത്.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: