വണ്ണപ്പുറം : ബാംഗ്ലൂരില്‍ നേഴ്സിംഗ് വിദ്യാര്‍ത്ഥി നിയായിരുന്ന ദിവ്യ മോഹനനെ കാണാതായിട്ട് ഇപ്പോള്‍ ഏഴ് വര്‍ഷം പിന്നിടുന്നു. അന്വേഷണം അവസാനിപ്പിച്ച് ബാംഗ്ലൂര്‍ പോലീസ് കേസ് ഫയല്‍ ക്ലോസ്സ് ചെയ്തതായി പറയപ്പെടുന്നു. ഒരു നാടിന്റെയും കുടുംബത്തിന്റെയും പുകയുന്ന വേദനയായി ദിവ്യയുടെ തിരോധാനം നിലനില്ക്കുന്നു. ദുരൂഹമായി പിന്നാമ്പുറ കഥകള്‍ ചികഞ്ഞെടുക്കാനോ സംഭവത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുത പുറത്തുവിടാനോ പോലീസ് തയ്യാറാകാത്തതും ദുരൂഹതയ്ക്ക് ആഴം കൂട്ടുന്നു.
കരിമണ്ണൂര്‍ പന്നൂര് കരിമ്പനച്ചാലില്‍ പരേതനായ മോഹനന്റെയും ഇന്ദിരയുടേയും മൂന്നു പെണ്മക്കളില് ഇളയവളായ ദിവ്യാമോള്‍ പഠിക്കാന്‍ സമര്‍ത്ഥയായിരുന്നു. പ്ലസ്ടുവിന് കുളമാവ് നവോദയ സ്കൂളില്‍ നിന്ന് ഉന്നത വിജയം കൈവരിച്ച് കുറച്ചുനാള്‍ ആന്ധ്രയില്‍ പഠനത്തിനായി പോയി. തിരിച്ചുവന്ന് തൊടുപുഴ കോ-ഓപ്പറേറ്റീവ് കോളേജില്‍ ബി. കോമിന് പഠിച്ചുകൊണ്ടിരിക്കെയാണ് കടവന്ത്രയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ബാഗ്ലൂരിലുള്ള ശ്രീനഗര്‍ നേഴ്സിംഗ് സ്കൂളില്‍ നേഴ്സിംഗിന് ചേര്‍ന്നത്. അവിടംതൊട്ടാണ് ദിവ്യയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴാന്‍ തുടങ്ങിയത്.
സംഭവദിവസം രാവിലെ 8 മണിക്ക് കോളേജില്‍ പോയി പിറ്റേന്ന് നടക്കാനിരിക്കുന്ന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വാങ്ങി ഹോസ്റ്റലില്‍ തിരിച്ചെത്തിയ ദിവ്യ കണ്ടത് തന്റെ ബാഗ് പരിശോധിക്കുന്ന ചില സഹപാഠികളെയാണ്. ഇത് കണ്ട് ദിവ്യ അസ്വസ്ഥയായത് സ്വാഭാവികം. ഇതേത്തുടര്‍ന്ന് മറ്റൊരു കൂട്ടുകാരിയില്‍ നിന്ന് 40 രൂപ കടം വാങ്ങി അമ്മയ്ക്ക് രാവിലെ 10.30ന് ഫോണ്‍ ചെയ്യാന്‍ പോയ ദിവ്യ പിന്നെ തിരിച്ചുവന്നിട്ടില്ല എന്ന വാര്‍ത്തയാണ് നാട്ടുകാരും വീട്ടുകാരും അറിഞ്ഞത്.
ദിവ്യയുടെ തിരോധാനത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ത്തന്നെ ദിവ്യയുടെ പിതാവിനെ തിടനാട് വച്ച് മദമിളകിയ ആന കുത്തിക്കൊന്നതും യാദൃശ്ചികം. ഈ സംഭവത്തിന് ശേഷം ഒറ്റപ്പെട്ടു പോയ മാതാവ് തന്റെ മകളുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് കയറിയിറങ്ങാത്ത പടികളില്ല. നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ഒപ്പുശേഖരണം നടത്തി പരാതി അയയ്ക്കുകയും ചെയ്തു. അമ്മയും നാട്ടുകാരും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി നല്കി. അതിന്റെ അടിസ്ഥാനത്തില്‍ സിബിഐയെക്കൊണ്ട് അന്വേഷണം നടത്താമെന്ന് ഉറപ്പു ലഭിച്ചു. എന്തായാലും അതിന്റെ മുന്നോടിയായി കാളിയാര്‍ സി.ഐ. ജയകുമാറിന്റെ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ നിന്ന് അന്വേഷണം ആരംഭിച്ചതായി സൂചനയുണ്ട്. തുടര്‍ നടപടികള്‍ ഇപ്പോഴും അനിശ്ചിതത്വത്തില്‍ തന്നെയാണ്.
ദിവ്യമോളെ തട്ടിക്കൊണ്ടുപോയതാണെന്ന് തന്നെയാണ് വീട്ടുകാരുടെ വിശ്വാസം. ഏതോ രഹസ്യസംഘത്തിന്റെ പിടിയില്‍പ്പെട്ടുപോയ കുട്ടി വീട്ടുതടങ്കലില്‍ ആയിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. ഒരു നാള് ദിവ്യമോളുടെ അമ്മേ എന്ന വിളി കേള്‍ക്കാന്‍ കാതോര്‍ത്ത് കഴിയുകയാണ് അമ്മ ഇന്ദിര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: