ആലപ്പുഴ: ജെഎസ്എസ് നേതാവ് കെ.ആര്.ഗൗരിയമ്മയെ മന്ത്രി കെ.ബി.ഗണേഷ്കുമാര് ചാത്തനാട്ടെ വീട്ടിലെത്തി സന്ദര്‍ശിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.45ഓടെ എത്തിയ മന്ത്രി ഒരു മണിക്കൂറോളം ഇവിടെ തങ്ങി. അര മണിക്കൂറോളം അടച്ചിട്ട മുറിയില്‍ ചര്‍ച്ചയും നടത്തി. എന്നാല്‍ സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നു തന്റേതെന്ന് ഗണേഷ്കുമാര് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പി.സി.ജോര്‍ജിനെതിരെ നടപടിയെടുക്കാതെ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഗൗരിയമ്മയും പറഞ്ഞു. പി.സി.ജോര്‍ജും ഗണേഷ്കുമാറുമായുള്ള വാക്പോരിനിടെ ജോര്‍ജിനെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് ഗൗരിയമ്മയെ അധിക്ഷേപിച്ച് പി.സി.ജോര്‍ജ് രംഗത്തുവന്നത്. ഈ സാഹചര്യത്തില്‍ ഗണേഷ്കുമാറിന്റെ സന്ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്. മുന്‍ മന്ത്രി ബിനോയ് വിശ്വവും ഗൗരിയമ്മയെ സന്ദര്‍ശിച്ചു. മകളുടെ വിവാഹം ക്ഷണിക്കാനെത്തിയെന്നാണ് ബിനോയ് വിശ്വം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. അതിനിടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഗൗരിയമ്മയ്ക്കെതിരെ രംഗത്തെത്തി. ഗൗരിയമ്മ എല്‍ഡിഎഫില്‍ ചേക്കേറാന്‍ നീക്കം നടത്തുകയാണെന്നും ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെന്നും വെള്ളാപ്പള്ളി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പി.സി.ജോര്‍ജിനെതിരെ ഗൗരിയമ്മ നടത്തിയ പ്രസ്താവന പുരുഷപീഡനമാണെന്നും ജെഎസ്എസ് യുഡിഎഫ് വിടാന്‍ തീരുമാനിച്ചാല്‍ ആ പാര്‍ട്ടി പിളരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: