തൃശൂര്‍ : കള്ള് വ്യവസായവും നീരയുടെ വിതരണവും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന് ആവശ്യപ്പെട്ടു. സംസ്ഥാനം മാറിമാറി ഭരിച്ച ഇടതു വലതു സര്‍ക്കാരുകളുടെ വികലമായ മദ്യനയമാണ് പരമ്പരാഗത വ്യവസായത്തെ പ്രതിസന്ധിയിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കുവാന്‍ മുന്‍ എക്സൈസ് മന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിനെ സംബന്ധിച്ച് സിഐടിയു പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമ്പന്നന്മാരുടെ ആസ്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ യുഡിഎഫ് – എല്‍ഡിഎഫ് സര്‍ക്കാരുകളുടെ നിലപാട് ഒന്നുതന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള പ്രദേശ് ടോഡി ആന്റ് അബ്കാരി മസ്ദൂര്‍ ഫെഡറേഷന്റെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.വി.ശങ്കരനാരായണന് അദ്ധ്യക്ഷത വഹിച്ചു.ബിഎംഎസ് സംസ്ഥാന ട്രഷറര്‍ വി.രാധാകൃഷ്ണന്, സെക്രട്ടറി പി.ശശിധരന്, ജില്ല പ്രസിഡണ്ട് ടി.സി.സേതുമാധവന് എന്നിവര്‍ സംസാരിച്ചു. ഫെഡറേഷന് ജനറല്‍ സെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന് സംഘടന റിപ്പോര്‍ട്ടും ട്രഷറര്‍ എന്‍.എന്‍.പ്രദോഷ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കള്ള് വ്യവസായം സര്‍ക്കാര്‍ ഏറ്റെടുക്കുക. ക്ഷേമബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു.
കെ.എം.വിജയന് സ്വാഗതവും എം.എം.രമേഷ് നന്ദിയും പറഞ്ഞു. ഫെഡറേഷന് സംസ്ഥാന പ്രസിഡണ്ടായി എം.കെ.ഉണ്ണികൃഷ്ണനേയും ജനറല്‍ സെക്രട്ടറിയായി എം.എം.രമേഷിനേയും ട്രഷററായി എന്‍.എന്‍. പ്രദോഷിനേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: