തിരുവനന്തപുരം: ഏപ്രില്‍ 4,5,6 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദുഐക്യവേദിയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഏപ്രില്‍ 6ന് നടക്കുന്ന പൊതുസമ്മേളനം വിശ്വഹിന്ദുപരിഷത്തിന്റെ അന്തര്‍ദേശീയ രക്ഷാധികാരി അശോക്സിംഗാള് ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്മാന് എം.എസ്.കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഹാത്മാ അയ്യന്‍കാളി നഗര്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന പുത്തരിക്കണ്ടം മൈതാനിയിലാണ് പൊതുസമ്മേളനത്തിന് വേദിയൊരുങ്ങുന്നത്.
സമ്മേളനത്തിന്റെ ഒന്നാംദിവസമായ 4ന് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലുള്ള ഒളിമ്പ്യന്‍ ഹാളില്‍ നടക്കുന്ന ഹിന്ദുനേതൃസമ്മേളനം ചിന്മയാമിഷന് കേരളാ ചീഫ് കോര്‍ഡിനേറ്റര്‍ സ്വാമി വിവിക്താനന്ദ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ സാമുദായിക സംഘടനകളുടെ സംസ്ഥാനനേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ സമഗ്രമായ ഹിന്ദുഅവകാശപത്രികയില് ഉള്ള ചര്‍ച്ചകളും നിര്‍ണായകമായ തീരുമാനങ്ങളും ഉണ്ടാകും.
ഏപ്രില്‍ 5ന് ഭാരതീയ വിചാരകേന്ദ്രം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഹിന്ദുഐക്യവേദി ജില്ലാതല പ്രതിനിധികളുടെ സമ്മേളനം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേ ശ്വരന് ഉദ്ഘാടനം ചെയ്യും.
ഏപ്രില്‍ 6ന് പുത്തരിക്കണ്ടത്ത് ആറായിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്പൂര്‍ണ പ്രതിനിധി സമ്മേളനം തമിഴ്നാട് ഹിന്ദുമുന്നണി സ്ഥാപകനേതാവ് രാംഗോപാല്‍ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 4ന് പാളയത്ത് നിന്നാരംഭിക്കുന്ന പ്രകടനത്തില്‍ ഒരുലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനവേദിയില്‍ സ്വാഗതസംഘം ചെയര്മാന് ആയ ഡോ.ജി.ജി.മാധവന്‍നായര്‍ അധ്യക്ഷത വഹിക്കും അശോക് സിംഗാള്‍ ഉദ്ഘാടനം നിര്‍വഹിക്കും. വേദിയില്‍ കേരളത്തിലെ ഹിന്ദുസമൂഹത്തെ സംബന്ധിച്ച് ചരിത്രത്തില്‍ ഇടം നേടുന്ന സുപ്രധാന തീരുമാനങ്ങളുടെ പ്രഖ്യാപനം ഉണ്ടാകും. ഹിന്ദുഐക്യവേദിയുടെ പ്രഥമ ഹിന്ദു രത്ന അവാര്‍ഡ് അശോക് സിംഗാള്‍ ഡോ.ജി.മാധവന്നായര്ക്ക് സമ്മാനിക്കും. സാഹിത്യം, കല, രാഷ്ട്രീയം, സാമൂഹ്യസേവനം, കായികം, പരിസ്ഥിതി, മാധ്യമപ്രവര്‍ത്തനം തുടങ്ങി പത്ത് വ്യത്യസ്തമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച മുതിര്‍ന്ന വ്യക്തിത്വങ്ങളെ ആദരിക്കും. ഹിന്ദുഐക്യവേദി നേതാക്കള്‍ ആയ കുമ്മനം രാജശേഖരന്, ശശികല ടീച്ചര്‍ എന്നിവര്‍ സംസാരിക്കും.
സമ്മേളനത്തിന്റെ ഭാഗമായി ഏപ്രില്‍ 1ന് രാവിലെതന്നെ ഡോ.പല്പുനഗറില് ചരിത്രസാംസ്കാരിക ശാസ്ത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങും. വൈകുന്നേരം 6ന് നടക്കുന്ന സാംസ്കാരിക കൂട്ടായ്മയില്‍ വിശാല ഹിന്ദുഐക്യ സമ്മേളനഗീതങ്ങളുടെ പ്രകാശനവും ഉണ്ടാകും.
സമ്മേളനത്തിന് മുന്നോടിയായുള്ള കൊടിമര പ്രയാണ ജാഥയും ഇരുചക്രവാഹനറാലിയും ഹിന്ദുഐക്യവേദിയുടെ ജില്ലാ നേതാവായിരിക്കെ കൊല്ലപ്പെട്ട സുനില്‍കുമാറിന്റെ കിളിമാനൂര്‍ കൊപ്പത്തിനടുത്തുള്ള വീട്ടില്‍നിന്ന് ഏപ്രില്‍ 3ന് രാവിലെ 10മണിക്ക് സമരാംഭിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എം.എസ്.കുമാറിനെ കൂടാതെ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി ഭാര്‍ഗവരാം, സ്വാഗതസംഘം ഉപാധ്യക്ഷന്മാരായ ജ്യോതീന്ദ്രകുമാര്‍, പൂന്തുറ ശ്രീകുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന നേതാക്കളായ കിളിമാനൂര്‍ സുരേഷ്, കെ.അരവിന്ദാക്ഷന് നായര്‍, ടി.ജയചന്ദ്രന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: