കൊട്ടാരക്കര: അഴിമതിക്കാരന്റെ കരം ഛേദിച്ച് ആദ്യമായി അഴിമതിക്കെതിരെ പടവാളുയര്‍ത്തി, ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടി, വീരമൃത്യുവരിച്ച വീരശ്രീ വേലുത്തമ്പിയുടെ ബലിദാനം നടന്നിട്ട് ഇന്ന് (മീനം 15) 204 വര്‍ഷം പിന്നിടുകയാണ്. ഭാരത സ്വാതന്ത്ര്യസമര ചരിത്ര പോരാട്ടത്തിലെ നിര്‍ണായക ഏടായിരുന്നു വേലുത്തമ്പിയുടേതെങ്കിലും സ്വാതന്ത്ര്യശേഷം മാറി മാറി വന്ന ഭരണാധികാരികള്‍ ആ ചരിത്രത്തോട് തികഞ്ഞ അവഗണനയാണ് കാട്ടിയത്.
കുണ്ടറയിലും മണ്ണടിയിലും ഓരോ സ്മാരകങ്ങള്‍ ഉണ്ടെന്നതൊഴിച്ചാല്‍ പുതുതലമുറയ്ക്ക് വേലുത്തമ്പിയുടെ വീരേതിഹാസം പഠിക്കാന്‍ പുസ്തകതാളുകളില്‍ പോലും ഇടമില്ലാത്ത അവസ്ഥയാണ്. അഴിമതി സര്‍വമേഖലയേയും കാര്‍ന്നു തിന്നുമ്പോള്‍ വേലുത്തമ്പിയെപ്പറ്റി ഓര്‍ക്കാന്‍ തന്നെ ആര്‍ക്കും സമയമില്ല. കഴിഞ്ഞ കുറേവര്ഷമായി ഈ കുറവ് നികത്തുന്നത് ഹിന്ദുഐക്യവേദിയാണ്. കുണ്ടറവിളംബരത്തിന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും മണ്ണടിയിലെ ബലിദാന ഭൂമിയില്‍ നിന്ന് ജ്യോതിപ്രയാണവും ചരിത്രകാരന്മാരെ പങ്കെടുപ്പിച്ച് സെമിനാറും നടത്തി ഈ ദിനം പുതുതലമുറയെ ഓര്‍മ്മപ്പെടുത്തുന്നു. കഴിഞ്ഞവര്‍ഷം മുതല്‍ വീരശ്രീ വേലുത്തമ്പി പുരസ്കാരം എന്ന പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തി സംസ്ഥാനത്തെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമാകുന്ന വ്യക്തിക്ക് നല്കുന്നു. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തില്‍ ജനങ്ങളുടെ പിന്തുണ തേടി കൊല്ലവര്‍ഷം 984 മകരം ഒന്നിന് പ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയ ഭൂമിയിലാണ് അനുസ്മരണ ചടങ്ങുകള്‍ നടക്കുന്നത്. വിളംബരത്തിനായി വേലുത്തമ്പി കൊട്ടാരക്കര മാര്‍ഗം എത്തി എഴുകോണിലെ പ്രസിദ്ധമായ ഒരു കുന്നിന്മുകളിലാണ് തമ്പടിച്ചത്. ഇവിടെ നാലുനാള്‍ സൈന്യസമേതം താമസിച്ച് ഒരുക്കങ്ങള്‍ നടത്തിയശേഷം ആയിരുന്നു വിളംബരം നടത്തിയത്. എഴുകോണ്‍ ഇടയ്ക്കോട് കൊച്ചാലുംമൂട് പ്രദേശത്തെ ഈ കുന്ന് അന്ന് മുതല്‍ തയ്യാര്‍കുന്ന് എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ ഇപ്പോഴത്തെ ഉടമ ഈ കുന്നിനെ ഒരു നിധിപോലെയാണ് കാത്തു സൂക്ഷിക്കുന്നത്. ചരിത്രസ്മാരകം ആവേണ്ട ഇവിടെ സ്മാരകം നിര്‍മ്മിക്കാന്‍ സംഘടനയോ സര്‍ക്കാരോ വന്നാല്‍ സഹകരിക്കാന്‍ താല്പര്യമുണ്ടെങ്കിലും അറിയുന്നവര്‍ക്കും അറിയപ്പെടാത്തവര്ക്കും സ്മാകം ഉണ്ടാക്കുന്ന സര്‍ക്കാരിന് വേലുത്തമ്പിയുടെ കാര്യത്തില്‍ താല്പര്യവുമില്ല.
വേലുത്തമ്പിയുടെ സ്മരണാര്‍ത്ഥം കൊല്ലം- ചെങ്കോട്ട റോഡിന് ആ വീരപുരുഷന്റെ പേര് നല്‍കണമെന്ന ആവശ്യവും വീരശ്രീ വേലുത്തമ്പി സ്മാരക സേവാട്രസ്റ്റ് മുന്നോട്ടു വെക്കുന്നു.
204-ാം വീരാഹുതി വാര്‍ഷികാചരണ ചടങ്ങ് ഇന്ന് വൈകിട്ട് നാലിന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടക്കും. സമ്മേളനം എന്‍. പീതാംബരകുറുപ്പ് എംപി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടിമേയര്‍ അഡ്വ.ജി. ലാലു വേലുത്തമ്പി പുരസ്കാരം ടി.പി. ശങ്കരന്കുട്ടിനായര്ക്ക് നല്‍കും. ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് കെ.സി. കണ്ണന് മുഖ്യപ്രഭാഷണം നടത്തും.
വീരശ്രീ വേലുത്തമ്പി സ്മാരക ട്രസ്റ്റിന്റെ മുന്‍ ചെയര്മാന് ഡോ.ബി. ബാലചന്ദ്രന്റെ സ്മരണാര്‍ത്ഥമുള്ള ക്യാഷ് അവാര്‍ഡ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ഭവ്യാ വത്സലന്‍ നല്‍കും. പരിപാടിയില്‍ ഐവര്‍കാല സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ആര്. ബാഹുലേയന്, റിട്ട. നായിക്ക് കെ. വിക്രമന്‍പിള്ള, ബാസ്ക്കറ്റ് ബോള്‍ താരം അഞ്ജന, രാഷ്ട്രപതി അവാര്‍ഡ് ജേതാവ് അമൃതാ തുളസി എന്നിവരെ ആദരിക്കും. സി.കെ. കൊച്ചുനാരായണന് സ്വാഗതവും മഞ്ഞപ്പാറ സുരേഷ് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: