തിരുവനന്തപുരം: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം കര്‍ശനമാക്കുന്ന നിയാഖത്ത് നിയമം നടപ്പാക്കുന്നതുമൂലം പ്രവാസികള്‍ക്കു ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്കു കത്തയച്ചു.
മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെങ്കിലും സ്വദേശിവത്കരണത്തില്‍ ഉദാരസമീപനം സ്വീകരിക്കണമെന്ന് സൗദി അറേബ്യയോട് അഭ്യര്‍ത്ഥിക്കണം. ഇക്കാര്യത്തില്‍ സാവകാശം ലഭിച്ചാല്‍, പ്രവാസികള്‍ അടിയന്തരമായി തിരിച്ചുപോരുന്ന സാഹചര്യം ഒഴിവാക്കാന്‍ കഴിയുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തും കേരളത്തിലും ഇതുമൂലം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും. സൗദിയുമായി നമുക്കുള്ള സൗഹൃദബന്ധം പരമാവധി ഉപയോഗിച്ച് ഇക്കാര്യത്തില്‍ സാവകാശം നേടണമെന്നു മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
നോര്‍ക്ക വകുപ്പ് മന്ത്രി കെ.സി.ജോസഫും പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.
നിദാക്വത്ത് നിയമത്തിന്റെ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്കു തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പ്രധാനമന്ത്രിക്കു കത്തയച്ചു.
സൗദി അറേബ്യയില്‍ തൊഴില്‍ മേഖലയില്‍ നിദാക്വത്ത് നിയമം കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയിരിക്കുകയാണ്. വിദേശത്തുനിന്നുള്ള തൊഴിലാളികളെ ഗണ്യമായി കുറച്ചു സൗദിവത്കരണം നടപ്പാക്കുകയാണു നിദാക്വത്ത് നിയമത്തിലൂടെ. ഇതോടെ ലക്ഷക്കണക്കിനു ഇന്ത്യക്കാര്‍ക്കു തൊഴില്‍ നഷ്ടപ്പെടുകയാണ്. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളില്‍ ഗണ്യമായ വിഭാഗം കേരളീയരാണ്. സൗദി അറേബ്യയുടെ ഇന്നത്തെ നിലയിലുള്ള വികസനത്തിലും പുരോഗതിയിലും കേരളത്തില്‍ നിന്നുള്ള തൊഴിലാളികളും സാങ്കേതിക വിദഗ്ധരും വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് നിര്‍ണായകമാണ്.
അതുപോലെ, കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും വികസനത്തിനുള്ള വന്‍ വരുമാന സ്രോതസ് കണ്ടെത്തുന്നതിലും സൗദിയിലെ തൊഴിലവസരം വലിയ പങ്കാണു വഹിക്കുന്നത്. മാര്‍ച്ച് 21നു നിദാക്വത്ത് നിയമം പൂര്‍ണമായ തോതില്‍ നടപ്പാക്കുകയും സൗദിവത്കരണം നടത്താത്ത കമ്പനികള്‍ക്കു മേല്‍ ശിക്ഷാ നടപടികള്‍ ആരംഭിക്കുകയും ചെയ്തതോടെ ഇന്ത്യന്‍ തൊഴിലാളികള്‍, വിശേഷിച്ചു കേരളീയര്‍ വന്‍തോതില്‍ പുറത്താക്കപ്പെടുകയും നാട്ടിലേക്കു തിരിച്ചുവന്നുകൊണ്ടിരിക്കുകയുമാണ്. ഇതു കേരളത്തിലെ സമ്പദ് രംഗത്തു വന്‍തോതിലുള്ള പ്രത്യഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നത്.
ഇപ്പോള്‍തന്നെ രാജ്യത്ത് ഏറ്റവുമധികം തൊഴിലില്ലായ്മ നിലനില്‍ക്കുന്ന കേരളത്തില്‍ അത് ഒന്നുകൂടി രൂക്ഷമാകും. ഇതിനെല്ലാം പുറമെ വന്‍തോതിലുള്ള തിരിച്ചുവരവ് വലിയ സാമൂഹ്യ പ്രത്യാഘാതം തന്നെ സൃഷ്ടിക്കും. അതിനാല്‍ ഇന്ത്യാ ഗവണ്മെന്റ് സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട് ഈ പ്രശ്നത്തിന് അടിയന്തര പരിപാഹം കാണണമെന്ന് വി.എസ് അഭ്യര്‍ഥിച്ചു. വിവിധ കമ്പനികളില്‍ നിന്നു നിദാക്വത്തിന്റെ പേരില്‍ ഒഴിവാക്കപ്പെടുന്ന തൊഴിലാളികളെ അവിടെത്തന്നെ മറ്റു കമ്പനികളില്‍ പുനരധിവസിപ്പിക്കാന്‍ ഇന്ത്യാ ഗവണ്മെന്റ് അടിയന്തരമായി നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും വി.എസ്. അതുപോലെ തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചുവന്നവരെ ഇവിടെ പുനരധിവസിപ്പിക്കാന്‍ ഇന്ത്യാ ഗവണ്മെന്റ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: