ലണ്ടന്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പൊരുതി താലിബാന്റെ ആക്രമണത്തിന് ഇരയായ മലാല യൂസഫ്സായി സ്വന്തം അനുഭവങ്ങള്‍ പുസ്തകമാക്കുന്നു.
പുസ്തക പ്രസാധകരുമായി 3 മില്യണ്‍ ഡോളറിന്റെ കരാറിലാണ് മലാല ഒപ്പിട്ടതെന്ന് ഗാഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെയ്ഡന്ലാന്ഡ് ആന്റ് നിക്കോള്‍സണ്‍ ആണ് പുസ്തകം പ്രസിദ്ധീകരിക്കുക.
‘ഞാന്‍ മലാല’ എന്നാണ് പുസ്തകത്തിന്റെ പേര്. ‘എനിക്ക് എന്റെ ജീവിതത്തെക്കുറിച്ചാണ് പറയാനുള്ളത്. അത് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന 61 മില്യണ്‍ കുട്ടികളുടെ കൂടി കഥയാണ്. വിദ്യാഭ്യാസമെന്ന അവകാശം എല്ലാ കുട്ടികള്‍ക്കും ഉറപ്പുവരുത്താന്‍ പൊരുതുന്നവര്‍ക്കൊപ്പമാണ് ഞാന്‍’, മലാല പറഞ്ഞു.
വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ 2012 ഒക്ടോബര്‍ 9നാണ് താലിബാന് സംഘം മലാലയ്ക്കു നേരെ വെടിയുതിര്‍ത്തത്. ഇടതു കണ്ണിന് മുകളില്‍ തറച്ച വെടിയുണ്ടയില്‍ നിന്ന് തലനാരിഴയ്ക്കാണ് മലാല രക്ഷപ്പെട്ടത്.
വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലാല ഫെബ്രുവരിയിലാണ് ആശുപത്രി വിട്ടത്. മലാല സ്കൂളില്‍ പോയി തുടങ്ങി.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന് നിലപാടിനെതിരെ 2009ല്‍ ബിബിസിയില്‍ ബ്ലോഗെഴുതിയാണ് മലാല വിദ്യാഭ്യാസ അവകാശ പോരാട്ടം തുടങ്ങിയത്. വ്യാജപ്പേരില്‍ എഴുതിയത് മലാലയാണെന്ന് തിരിച്ചറിഞ്ഞ ആ പെണ്‍കുട്ടിയെ കൊല്ലാന്‍ താലിബാന് പദ്ധതിയിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: