കൊച്ചി: രാജ്യത്തെ ആദ്യത്തെ വനിതാ സൗഹൃദ ജില്ലയായി മാറാന്‍ എറണാകുളം ഒരുങ്ങുന്നു. സംസ്ഥാന വനിതാ കമ്മീഷനും വനിതാ മാധ്യമപ്രവര്‍ത്തകരും സംയുക്തമായാണ് ജില്ലയെ സ്ത്രീ സൗഹൃദ ജില്ലയായി പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആശയം വനിതാകമ്മീഷന് മുന്നോട്ടുവയ്ക്കുന്നത്. ജില്ലയിലെ മാധ്യമപ്രവര് ത്തകര്‍ക്കായി ആലുവായില്‍ വനിതാകമ്മീഷന് നടത്തിയ കൂട്ടായ്മയിലാണ് സ്ത്രീസൗഹൃദ ജില്ലയെക്കുറിച്ചുള്ള ആശയങ്ങള്‍ മുന്നോട്ടുവെച്ചത്.
സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് അവബോധം നല്‍കുക, അവര്‍ക്ക് നിയമസഹാ യം നല്‍കുക, ആയോധനകലകളുടെ പരിശീല നം തുടങ്ങിയ പദ്ധതികളിലൂടെ എറണാകുളം ജില്ലയെ മാതൃകാജില്ലയായി പ്രഖ്യാപിക്കാനാണ് സംഘടനയുടെ ലക്ഷ്യം. ഇതിന്റെ വിജയത്തിനുശേഷം പദ്ധതി മറ്റുജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന് അംഗം ഡോ.ലിസി ജോസ് ജന്മഭൂമിയോട് പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ അതിക്രമമില്ലാത്ത, അവര്‍ക്ക് ഭയമില്ലാ, കുടുംബത്തിലും സമൂഹത്തിലും സഞ്ചരിക്കാനുള്ള ജീവിതാവസ്ഥ സൃഷ്ടിക്കുകയാണ് സ്ത്രീ സൗഹൃദ ജില്ലകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ലിസി ജോസ് പറഞ്ഞു. മഹിളാ സംഘടനകളെയും പോലീസ് സ്റ്റേഷനുകളെയും, മറ്റ് സന്നദ്ധ സംഘടനകളെയും സംഘടിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കൊപ്പം ആര്‍ക്കും അണിചേരാമെന്നതാണ് മറ്റൊരുപ്രത്യേകത. പദ്ധതിയുടെ ഭാഗമായി വനിതാകമ്മീഷന്റെ ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തും. രാത്രികാലങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്ന ഉദ്യോഗസ്ഥകള്ക്കായി സുരക്ഷിത താമസ സൗകര്യവും മറ്റും ഒരുക്കും. താലൂക്കടിസ്ഥാനത്തില്‍ പരാതി പരിഹാര സമിതി രൂപീകരിക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. സ്ത്രീകളുടേയും കുട്ടികളുടേയും പ്രശ്നങ്ങള്‍ക്ക് അതിവേഗത്തില്‍ പരിഹാരം കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായവും നല്‍കും.
എറണാകുളം ജില്ലയിലെ സ്ക്കൂള്, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനം ലഭ്യമാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി. റസിഡന്റസ്് അസോസിയേഷനുകളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വീട്ടമ്മമാര്‍ക്കും ആയോധന കലകളില്‍ പരിശീലനം നല്‍കും. തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമം തടയാനുള്ള സെല്ലുകളുടെ പ്രവര്‍ത്തനം ഉറപ്പാക്കുക, സര്‍ക്കാര്‍ അംഗീകൃത കൗണ്‍സലിംഗ് സെന്ററുകള്‍ വഴി സൗജന്യമായി കൗണ്‍ലിംഗ് നല്‍കുക, ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ സഹായത്തോടെ നിയമ സഹായം ലഭ്യമാക്കുക എന്നിവയും കമ്മീഷന്റെ ലക്ഷ്യമാണ്. സ്ത്രീസുരക്ഷ ശക്തിപ്പെടുത്തുക വഴി എറണാകുളത്തെ സ്ത്രീ സൗഹൃദ ജില്ലയാക്കി മാറ്റാനുള്ള കമ്മീഷന്റെ ശുപാര്‍ശ ആശാവഹമാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകയും, ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന് പ്രതികരിച്ചു.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: