വാഷിങ്ങ്ടണ്‍: അമേരിക്കന്‍ ചരിത്രത്തിലാദ്യമായി രഹസ്യാന്വേഷണ ഏജന്‍സിയുടെ ഡയറക്ടര്‍ സ്ഥാനത്ത് ഒരു വനിത നിയമിക്കപ്പെട്ടു. ഫ്ലോറിഡ സ്വദേശിയായ ജൂലിയ പിയേഴ്സനാണ് ഇത്തരമൊരു അംഗീകാരത്തിന് അര്‍ഹയായത്. മാര്‍ക്ക് സുള്ളിവന് വിരമിക്കുമ്പോള്‍ പിയേഴ്സന് ചുമതലയേല്‍ക്കും. മൂന്ന് പതിറ്റാണ്ടായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുടെ ഭാഗമായ അവര്‍ ചീഫ് ഓഫ് സ്റ്റാഫ് പദവിയും വഹിച്ചിട്ടുണ്ട്.
ദീര്‍ഘകാലത്തെ സേവന പാരമ്പര്യമുള്ള ജൂലിയ ഡിപ്പാര്‍ട്ട്മെന്റിലെ ഓരോ വ്യക്തിക്കും മാതൃകയാക്കാവുന്ന പ്രസരിപ്പും അര്‍പ്പണബോധവും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് നിയമന വിവരം അറിയിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. പുതിയ ദൗത്യം ജൂലിയ ഭംഗിയായി നിര്‍വഹിക്കുമെന്നും ഒബാമ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
1983ല്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയില്‍ സേവനമാരംഭിച്ച ജൂലിയ 88മുതല്‍ നാലുവര്‍ഷത്തോളം പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള സേനാ വിഭാഗത്തിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: