ചെങ്കോലും കിരീടവും കൈകളില്‍ ഇല്ലെങ്കിലും സ്നേഹവും കുലീന പെരുമാറ്റവും യഥാര്‍ത്ഥ ജനസേവനവും കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ കോഴിക്കോടിന്റെ രാജാവായിരുന്നു ഇന്നലെ അന്തരിച്ച സാമൂതിരി പി.കെ.എസ്.രാജ. ഒരു നൂറ്റാണ്ടിന്റെ സാക്ഷിയും വഴികാട്ടിയും ആയി കോഴിക്കോടിന്റെ സ്മസ്തമേഖലകളിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു പി.കെ.എസ്.രാജയുടേത്.
സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പുതന്നെ ശാസ്ത്രസാങ്കേതിക വിഷയഹ്ങ്ങളില് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി സര്‍ക്കാര്‍ ജോലി സ്വീകരിച്ച് സേവനത്തിന്റെ പാതിയിലെത്തിയ അദ്ദേഹം രാജകുടുംബത്തില്തന്നെ ഇക്കാര്യത്തില്‍ സൃഷ്ടിച്ച വിപ്ലവം ഒരു ചരിത്രസംഭവം തന്നെയാണ്. മലബാറിന്റെ ടെലികോം രംഗത്ത് വികസനത്തിലും ക്ഷേത്രആചാരങ്ങളുടെ മികച്ച മുന്നേറ്റത്തിനും ബഹുഭാഷാപണ്ഡിത്യനായ പി.കെ.എസ്.രാജയുടെ സംഭാവനകള്‍ അമൂല്യങ്ങളാണ്.വിദ്യാഭ്യാസരംഗം ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ശോഭിച്ച പാണ്ഡിത്തത്തിന്റെയും എളിമയുടെയും തെളിമ മുഴക്കിയ ശൈലിയുടെ ഉടമയായിരുന്നു ഇദ്ദേഹം.
സര്‍വ്വധര്‍മ്മ സമഭാവത്തില്‍ അധിഷ്ഠിതമായ മൂല്യസങ്കല്പ്പങ്ങള് മുറുകെ പിടിച്ച സാമൂതിരി പി.കെ.എസ്.രാജ എല്ലാ മതങ്ങളിലേയും സാരാംശങ്ങളെമാനിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തിരുന്നു. ഹൈന്ദവസംസ്കാരത്തിന്റെ അദൃശ്യമായ ശക്തിവിശേഷം അദ്ദേഹത്തിന്റെവാക്കിലും പ്രവൃത്തിയിലും നിറഞ്ഞുനിന്നിരുന്നു.
പ്രൗഢപാരമ്പര്യത്തിന്റെ ഔന്നത്യത്തില്‍ വിഹരിക്കുമ്പോഴും എളിമയുടെ തീര്ത്ഥപ്രവാഹമായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞതിന്റെ പിന്നിലുള്ള കരുത്തും മറ്റൊന്നല്ല. നാല്പതോളം ക്ഷേത്രങ്ങളുടെ ട്രസ്റ്റി എന്ന നിലയില്‍ ക്ഷേത്രാധിഷ്ഠിത ആത്മീയസംരംഭങ്ങള്ക്ക് ഇദ്ദേഹം നല്കിയ സംഭാവനകള്‍ മറക്കാനാവാത്തതാണ്. ചരിത്രമുറങ്ങുന്ന സാമൂതിരികോവിലകത്തിന്റെ കെടാവിളക്കായി ജ്വലിച്ച് നിന്ന സാമൂതിരി പി.കെ.എസ്.രാജയുടെ വേര്‍പാട് രാജ്യത്തിനൊട്ടാകെ നികത്താനാവാത്ത നഷ്ടമാണ്. നന്മയുടെ പ്രകാശഗോപുരമായ പി.കെ.എസ്.രാജയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
അഡ്വ. പി.എസ്. ശ്രീധരന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: