ആലപ്പുഴ: ജില്ലയില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ശുദ്ധജലം മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ കൊള്ളില്ല. രാഷ്ട്രപതിക്കുള്ള ഭക്ഷണം പാകം ചെയ്യാന്‍ വെള്ളമെത്തിച്ചത് അയല്‍ ജില്ലകളില്‍ നിന്ന്. സംഭവം ജില്ലാ ഭരണകൂടവും വാട്ടര്‍ അതോറിറ്റിയും മൂടിവച്ചു.
കഴിഞ്ഞ 16നാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആലപ്പുഴ ടിഡി മെഡിക്കല്‍ കോളേജിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തിയത്. രാഷ്ട്രപതിക്കും കൂടെയെത്തിയവര്‍ക്കും ഉള്‍പ്പെടെ 250ഓളം വിവിഐപികള്‍ക്ക് ഉച്ചഭക്ഷണം തയാറാക്കിയത് മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ഭക്ഷണശാലയിലായിരുന്നു. ഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ ശുദ്ധജലം എത്തിക്കുന്നതിന്റെ ഉത്തരവാദിത്വം വാട്ടര്‍ അതോറിറ്റിക്കായിരുന്നു.
ജില്ലയിലെ വിവിധ ശുദ്ധജല സ്രോതസുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധിച്ചെങ്കിലും ഒന്നുപോലും മനുഷ്യന് ഉപയോഗിക്കാന്‍ കഴിയുന്നതായിരുന്നില്ല. കോളിഫോം ബാക്ടീരിയയും ഫ്ലൂറൈഡ് അടക്കമുള്ള ധാതുക്കളുടെയും അളവ് അനുവദനീയമായതിനേക്കാള്‍ പലമടങ്ങ് കൂടുതലായിരുന്നു. ഈ സാഹചര്യത്തില്‍ കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്ന് വാട്ടര്‍ അതോറിറ്റിയുടെ പ്രത്യേക ടാങ്കറുകളില്‍ ശുദ്ധജലമെത്തിക്കുകയായിരുന്നു. ഇതുപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്തതും പാത്രങ്ങളും മറ്റും വൃത്തിയാക്കിയതും.
എന്നാല്‍ ജില്ലയിലെ വെള്ളം ഉപയോഗപ്രദമല്ലെന്നും കടുത്ത ആരോഗ്യ ഭീഷണിയുയര്‍ത്തുന്നതാണെന്നും രാഷ്ട്രപതിക്ക് വെള്ളമെത്തിച്ചത് അന്യജില്ലകളില്‍ നിന്നാണെന്ന വിവരം ജില്ലാ ഭരണകൂടവും വാട്ടര്‍ അതോറിറ്റിയും രഹസ്യമാക്കി വച്ചിരിക്കുകയാണ്. ശുദ്ധജലമെന്ന പേരില്‍ ആര്‍ഒ പ്ലാന്റുകള്‍ മുഖേന വിതരണം ചെയ്യുന്നവ പോലും യഥാര്‍ഥത്തില്‍ ഉപയോഗയോഗ്യമല്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
രാഷ്ട്രപതിയുടെ ആരോഗ്യത്തിനായി മറ്റുജില്ലകളില്‍ നിന്ന് ശുദ്ധജലമെത്തിക്കാന്‍ തയാറായ അധികൃതര്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ആരോഗ്യത്തിന് യാതൊരു വിലയും കല്പിക്കുന്നില്ല. പൊതുജനം കുടിക്കുന്നതും ഉപയോഗിക്കുന്നതും ഇപ്പോഴും ജീവന് ഹാനികരമായ വെള്ളമാണ്.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: