കോട്ടയം: മഹാത്മാ അയ്യന്‍കാളി എന്ന സിനിമക്കെതിരെ സംസ്ഥാനത്ത് ഗൂഢാലോചന നടക്കുന്നതായി സിനിമയുടെ സംവിധായകനും നിര്‍മ്മാതാവുമായ സൂര്യദേവ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രസ്സ്ക്ലബ്ബില്‍ സിനിമ പ്രദര്‍ശിപ്പിച്ചതിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് സൂര്യദേവ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
സിനിമയുടെ പ്രാരംഭപ്രവര്‍ത്തനം തുടങ്ങിയ 2009 മുതല്‍ സിനിമക്കെതിരെ ചില ലോബികള്‍ രംഗത്തുവന്നു. 2011 ല്‍ പാറശാലയില്‍ രണ്ടരലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച സെറ്റ് അജ്ഞാതര്‍ കത്തിച്ചു. സെന്‍സര്‍ബോര്‍ഡിന്റെ അംഗീകാരം തടയാന്‍ ചിലര്‍ ശ്രമിച്ചതായും സൂര്യദേവ പറഞ്ഞു. ചില മാധ്യമങ്ങളും ചില സാംസ്കാരിക പ്രവര്‍ത്തകരും സിനിമാ രംഗത്തുള്ള ഉന്നതരായ ചിലരുമാണ് ഇതിന്റെ പിന്നില്‍.
വിനോദനികുതി ഒഴിവാക്കാന്‍ നല്കിയ അപേക്ഷ ഇപ്പോഴും തീരുമാനമാകാതെ ചുവപ്പുനാടയിലാണ്. വകുപ്പുമന്ത്രി ഗണേഷ്കുമാര് തന്റെ പരാതി വാങ്ങുവാനോ കൂടിക്കാഴ്ചക്കോ സമ്മതിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തീയറ്ററുകളില്‍ പോലും സിനിമ പ്രദര്ശിപ്പിക്കുവാന് കഴിയുന്നില്ല. ഇടവേള ബാബുവിന്റെ ഇടപെടലാണ് ഇതിന്റെ പിന്നിലെന്നും സൂര്യദേവ ആരോപിച്ചു.
കെപിഎംഎസ് പുന്നല വിഭാഗവും ബിഎസ്പിയിലെ ഒരു വിഭാഗവും സിനിമക്കെതിരെ ദുഷ്പ്രചരണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഭീഷണിയും നേരിടേണ്ടിവന്നു. കെപിഎംഎസ് ബാബു വിഭാഗം മാത്രമാണ് പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിതരണക്കാരും ദളിത് സമൂഹവും തമസ്കരിച്ച മഹാത്മാ അയ്യന്‍കാളി എന്ന സിനിമ സ്വന്തംചെലവില്‍ പ്രദര്‍ശിപ്പിച്ചു ആസ്വാദകരിലെത്തിക്കും. ഒരു കോടി ഇരുപത് ലക്ഷം രൂപ ചെലവിട്ടു നിര്‍മ്മിച്ച ഈ സിനിമ ഇതുവരെ നാലുലക്ഷം രൂപയില്‍ താഴെയാണ് വരുമാനമുണ്ടാക്കിയതെന്നും സൂര്യദേവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: