തൃശൂര്‍ : മലയാളത്തിന്റെ ജനപ്രിയ കവി കുഞ്ഞുണ്ണിമാഷുടെ ഏഴാം ചരമവാര്‍ഷികദിനം ഇന്ന്. അദ്ദേഹം വിടപറഞ്ഞ് ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും മലയാളികളുടെ മനസ്സില്‍ അദ്ദേഹത്തിന്റെ നുറുങ്ങുകവിതകള്‍ നിറഞ്ഞുനില്ക്കുന്നു. എന്നാല്‍ അധികാരവര്ഗമാകട്ടെ ഈചെറിയ വലിയ കവിയെ വര്‍ഷം ചെല്ലുംതോറും അവഹേളിക്കുന്ന തരത്തിലാണ് പെരുമാറുന്നത്.
അദ്ദേഹം മരിച്ച് തൊട്ട് അടുത്ത വര്‍ഷംതന്നെ വലപ്പാട്ടെ അതിയാരത്തെ വീട്ടുപറമ്പില്‍ കുഞ്ഞുണ്ണിമാഷ് സ്മാരകം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനം നടത്തുകയും ബജറ്റില്‍ പത്തുലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. എന്നാല്‍ വര്‍ഷം ഏഴ് പിന്നിട്ടിട്ടും ഒരു കല്ലുപോലും സ്മാരകത്തിന് വേണ്ടി ചെലവാക്കാന്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. ഒടുവില്‍ കഴിഞ്ഞ ബജറ്റിലും ഒന്നും ഒന്നും ചേര്‍ന്നാല്‍ വലിയ ഒന്നെന്ന് പാടിയ ആ കുറിയ കവിയുടെ സ്മാരകത്തിന് പത്തുലക്ഷം നീക്കിവെച്ചിട്ടുണ്ട്. പക്ഷെ ഇതും പ്രഖ്യാപനം മാത്രമായിരിക്കുമെന്ന് വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മാഷുടെ കുടുംബത്തിനും സ്മാരകമെന്ന സ്വപ്നം അസ്ഥാനത്തായിരിക്കുകയാണ്.
ഓരോ വര്‍ഷവും അനുസ്മരണ ദിനങ്ങള്‍ സംഘടിപ്പിക്കാന്‍ നിരവധി സംഘടനകള്‍ അതിയാരത്തെ വീട്ടുമുറ്റത്തെത്താറുണ്ടെങ്കിലും പിന്നെയെത്തുക അടുത്ത അനുസ്മരണത്തിനാണ്. മാഷുടെ സ്മാരകത്തിന് വേണ്ടി കുടുംബക്കാര് അഞ്ച് സെന്റ് സ്ഥലം വിട്ടുകൊടുത്തിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. സ്മാരക നിര്‍മാണത്തിനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സമിതിയുണ്ടാക്കിയപ്പോള്‍ അന്നത്തെ സ്ഥലം എംഎല്‍എയായ ടി.എന്‍.പ്രതാപന് സമിതി രാഷ്ട്രീയവല്ക്കരിച്ചുവെന്നുപറഞ്ഞ് രാജിവെച്ചു. പിന്നീട് യുഡിഎഫ് വന്നപ്പോഴാകട്ടെ സ്ഥലം എംഎല്‍എയെ ഒഴിവാക്കി.
കൊടുങ്ങല്ലൂര്‍ എംഎല്‍എയായ ടി.എന്‍.പ്രതാപനെ ചെയര്‍മാനാക്കി സമിതി പുനഃസംഘടിപ്പിച്ചു. അപ്പോഴാകട്ടെ സ്ഥലം എംഎല്‍എ ആയ എല്‍ഡിഎഫിലെ ഗീത ഗോപി സമിതി അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ഇതോടെ യുഡിഎഫിന്റെ സമിതിയും പ്രതിസന്ധിയിലായി. ഇതിനിടയിലാണ് സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട ബാലചന്ദ്രന് വടക്കേടത്ത് കുഞ്ഞുണ്ണി സ്മരാക സമിതിയില്‍ നിന്നും രാജിവെച്ചത്. മാഷുടെ മരുമകളും സമിതി അംഗവുമായ ഉഷ കേശവരാജും ഇപ്പോഴത്തെ സമിതിയില്‍ ഏറെ താല്പര്യം കാണിക്കുന്നില്ല. സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവരും പുറകോട്ട് നില്‍ക്കുന്നത്.
കാല് ലക്ഷത്തോളം വേദികളില്‍ മലയാളികളോട് വര്‍ത്തമാനം പറഞ്ഞ കുട്ടികളുടെ കവി കുഞ്ഞുണ്ണിക്കൊരു സ്മാരകം എന്നത് സാംസ്കാരിക വകുപ്പ് ചിത്രത്തില്‍ നിന്നും ബോധപൂര്‍വ്വം എടുത്തുമാറ്റുകയാണോ എന്ന സംശയവും ഉയരുന്നുണ്ട്. ഇപ്പോള്‍ നിലവിലുള്ള സ്ഥലം സ്മാരക നിര്‍മാണത്തിന് പോര എന്ന അഭിപ്രായമാണ് സമിതിക്കുള്ളത്. കൂടുതല്‍ ഭൂമി മാഷുടെ കുടുംബക്കാരില്‍ നിന്നും വിട്ടുകിട്ടാനുള്ള ശ്രമത്തിലാണ് അവര്‍. എംപിയും എംഎല്‍എയുമെല്ലാം ഫണ്ട് വാഗ്ദാനം നടത്തിയിട്ടുണ്ടെങ്കിലും ഏഴാം ചരമവാര്‍ഷിക ദിനത്തില്‍ പോലും സ്മാരകത്തിന് കല്ലിടാന്‍ സമിതിക്കായിട്ടില്ല. ഇന്ന് മാഷുടെ അനുസ്മരണ ചടങ്ങുകള്‍ വലപ്പാട്ടെ അതിയാരത്ത് വീട്ടുവളപ്പില്‍ നടക്കുന്നുണ്ട്. പങ്കെടുക്കുന്നതാകട്ടെ പ്രമുഖര്‍ തന്നെയാണ്. പക്ഷെ മാഷുടെ മരുമകളുടെ വീട്ടില്‍ ഇപ്പോഴും മാഷുപയോഗിച്ചിരുന്ന വളപ്പൊട്ടുകളും കണ്ണടയും ചാരുകസാരയും മഞ്ചാടിക്കുരുക്കളുമെല്ലാം ഭദ്രമായി മാഷുടെ ഓര്‍മ്മകളുമായി നിറഞ്ഞുനില്ക്കുന്നു.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: