കൊച്ചി: ഫാക്ടിലെ സള്‍ഫര്‍ ഇടപാടുമായി ബന്ധപ്പെട്ടു സി.ബി.ഐ നടത്തിയ പരിശോധനയില്‍ 1.25 കോടിയുടെ അഴിമതി കണ്ടെത്തി. ദല്‍ഹി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. 2007-09 കാലഘട്ടത്തില്‍ ഫാക്ടിന് ആവശ്യമായ സള്‍ഫര്‍ ഇറക്കുമതി ചെയ്തതിലാണു ക്രമക്കേട് കണ്ടെത്തിയത്.
വിതരണ കമ്പനികളില്‍ നിന്ന് കൈക്കൂലി വാങ്ങി ഉയര്‍ന്ന വിലയ്ക്ക് സള്‍ഫര്‍ വാങ്ങിയാണ് ഫാക്ടിന് ഇത്രയും തുകയുടെ നഷ്ടമുണ്ടായിരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ സിബിഐ രണ്ടാഴ്ച്ച മുമ്പ് ഫാക്ട് മുന്‍ സിഎംഡി ജോര്‍ജ് സ്ലീബയെ ഒന്നാം പ്രതിയാക്കി എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. മിന്റ് കോര്‍, ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് എന്നിവരാണു കേസിലെ പ്രതികള്‍.
ഇന്ത്യ പൊട്ടാഷ് ലിമിറ്റഡ് കമ്പനിയുടെ ദല്‍ഹിയിലെ രണ്ട് ഓഫിസുകള്‍, ചെന്നൈയിലെ മിന്റ്കോര്, പൊട്ടാഷ് ലിമിറ്റഡ് എന്നിവരുടെ ഓഫിസുകള്‍, കൊച്ചി ഫാക്ടിന്റെ ഓഫിസ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. കൊച്ചി ഓഫിസിലെ മൂന്നു സംഘമാണു റെയ്ഡ് നടത്തിയത്. ദല്‍ഹി ഓഫിസില്‍ നിന്നു വിദേശ കറന്‍സികള്‍ പിടിച്ചെടുത്തു.
ചെന്നൈ ആസ്ഥാനമായ മിന്റ്കോറാണ് വിദേശത്ത് നിന്ന് സള്‍ഫര്‍ ഇറക്കുമതി ചെയ്യുന്നത്. ഇവരില്‍ നിന്നും ഇടനിലക്കാരായ ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് വഴിയായിരുന്നു ഫാക്ട് സള്‍ഫര്‍ വാങ്ങിയിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ മെട്രിക് ടണ്ണിന് 755 ഡോളറായി വിലകുറഞ്ഞ സമയത്തും ഫാക്ട് പഴയ വിലയായ 840 ഡോളറിന് സള്‍ഫര്‍ വാങ്ങി നഷ്ടം വരുത്തിവെച്ചെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്.
ഇടപാടില്‍ രാഷ്ട്രീയ നേത്യത്വത്തിനും പങ്കുണ്ടെന്നാണ് സി.ബി.ഐക്ക് ലഭിച്ചിരിക്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: