ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് മലയാളിക്കുട്ടികള്‍. എന്നാല്‍ വസ്ത്രധാരണത്തില്‍ വരുന്ന മാറ്റത്തിന് അനുസരിച്ച് സ്ത്രീസങ്കല്‍പ്പങ്ങളും പെണ്മനസ്സും മാറുന്നു എന്ന മുന്നിലപാടോടെയാണ് പലരും ഇതിനെ നോക്കിക്കാണുന്നത്. ഫാഷന്‍ എന്നത് ഒരു സങ്കല്‍പ്പമാണ്, കാഴ്ച്ചപ്പാടാണ്. അത് പലവിധത്തിലും മാറികൊണ്ടിരിക്കുന്നു. എന്നാല്‍ അതുകൊണ്ട് ഒരാളുടെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരണമെന്നില്ല.
നന്നായി വസ്ത്രം ധരിക്കുക വഴി തങ്ങളുടെ ആത്മവിശ്വാസം ഒരുപരിധി വരെ വര്‍ദ്ധിക്കുന്നു എന്നും മറിച്ച് സ്വഭാവത്തില്‍ മാറ്റമുണ്ടാകില്ലെന്നുമാണ് ഭൂരിഭാഗം പെണ്‍കുട്ടികളുടെയും അഭിപ്രായം. ചില വിലയിരുത്തലുകളോട് ഇവര്‍ക്ക് ശക്തമായ വിയോജിപ്പുണ്ട്. ശരീരഘടനക്കിണങ്ങിയ വ്യത്യസ്തവിധത്തിലും നിറത്തിലുമുള്ള വസ്ത്രം ഭംഗിയായി ധരിക്കുന്നു. അല്ലാതെ മേനി പ്രദര്‍ശനം മാത്രമല്ല ഫാഷന്‍. അടുത്തിടെ സ്ത്രീകള്‍ക്കെതിരായ അക്രമം കൂടിയപ്പോള്‍ വസ്ത്രധാരണ രീതികള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയാണ് പലരും പ്രതിരോധിച്ചത്. എന്നാല്‍ അന്നുയര്‍ന്നു കേട്ട ഏറ്റവും വലിയ മുദ്രാവാക്യം “ഞങ്ങളുടെ വസ്ത്രങ്ങളെപ്പറ്റി പറയാതെ ഞങ്ങളെ ബലാത്സംഗം ചെയ്യരുതെന്ന് പറയൂ” എന്നതായിരുന്നു.
ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിച്ചിട്ടും പണ്ടും സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടന്നിരുന്നില്ലേ എന്ന മറുചോദ്യമുയര്ത്തുന്നവരും കുറവല്ല. ഇന്ന് സ്ത്രീകളുടെ വസ്ത്രധാരണരീതിയെ കുറ്റം പറയുന്നവര്‍ എന്തുകൊണ്ട് പഴയ സ്ഥിതിയെക്കുറിച്ച് ചിന്തിക്കുന്നില്ല. സ്ത്രീശരീരത്തിന്റെ വശ്യത ഏറ്റവുമധികം പ്രദര്‍ശിപ്പിക്കുന്ന രീതിയിലായിരുന്നില്ലേ അന്നത്തെ വസ്ത്രധാരണരീതിയെന്നാണ് പുതിയ തലമുറയുടെ ചോദ്യം. ചിലര്‍ തിരഞ്ഞെടുക്കുന്ന നിറങ്ങളില്‍ നിന്നു തന്നെ അവരുടെ സ്വഭാവം മനസ്സിലാക്കാന്‍ കഴിയുമെന്നും ഫാഷന്‍ ഡിസൈനേഴ്സ് അഭിപ്രായപ്പെടുന്നു. ശരീരപ്രകൃതിക്കിണങ്ങിയ വസ്ത്രം പല ശൈലിയില്‍ തുന്നിധരിക്കുന്നത് ഫാഷനാണ്. ഇന്നത്തെ തലമുറ ഇത്തരം വസ്ത്രങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്. അവര്‍ മാറ്റത്തോടൊപ്പം പുതിയ ശൈലികളും ആഗ്രഹിക്കുന്നു.
പട്ടുപാവാടയിട്ടു നടക്കുന്ന പെണ്‍കുട്ടികളെ കാണാന്‍ കിട്ടുന്നില്ലെന്നാണ് പലരുടെയും അഭിപ്രായം. ജീന്‍സും ഷര്‍ട്ടും ബനിയനുമൊക്കെയിടാനാണ് ഇന്നത്തെ സുന്ദരിക്കുട്ടികള്ക്കിഷ്ടം.സാദാ ചുരിദാര്‍ സങ്കല്‍പ്പമൊക്കെ എന്നേ വിടപറഞ്ഞു. അനാര്‍ക്കലി, മസാര്‍ക്കലി സ്റ്റെയിലുകള്ക്കായിരുന്നു ഇടക്കാലത്ത് പ്രിയം. ജീന്‍സിനൊപ്പം ലോംഗ് കുര്‍ത്തയും ഷോര്‍ട്ട് ടോപ്പിനുമാണ് ഇഷ്ടക്കാര്‍. കോളേജുകളില്‍ മാത്രമല്ല വീട്ടമ്മമാരും ഉദ്യോഗസ്ഥകളും വരെ ഈ ഡ്രസ് തെരഞ്ഞെടുത്തുകഴിഞ്ഞു. പ്രായഭേദമന്യേ എല്ലാവര്ക്കും ഉപയോഗിക്കാവുന്ന ലെഗിന്‍സ് വിപണി കീഴടക്കികഴിഞ്ഞിരിക്കുകയാണ്. വില കുറവായതിനാലാണ് ലെഗിന്സിന് ഡിമാന്‍ഡ് കൂടുതല്‍. അതുപോലെ തന്നെ ദുപ്പട്ട ഉയോഗിക്കുന്ന ശീലവും ഔട്ട് ഓഫ് ഫാഷന്‍ ആയി. കടുത്ത ചൂടും ഉപയോഗിക്കുന്നതിലെ അസൗകര്യവുമാണ് ദുപ്പട്ടയുടെ ഉപയോഗം കുറയ്ക്കുന്നത്. എന്നാല്‍ വിലയേറിയ മനോഹരമായ ദുപ്പട്ട അലസമായി ഇടുന്നത് ഫാഷന്റെ ഭാഗമാണ് താനും.
കളര്‍ കോമ്പിനേഷന്‍ സങ്കല്‍പ്പവും പടിയിറങ്ങി. മിക്സ് ആന്‍ഡ് മാച്ച് ഡ്രസിംഗാണിപ്പോള്. കളര്ചേര്ച്ച ആരും ശ്രദ്ധിക്കാറില്ല. പലപ്പോഴും വിരുദ്ധ കളറുകളായിരിക്കും ടോപ്പും ബോട്ടവും. ദുപ്പട്ട കൂടിയാകുമ്പോള്‍ മൂന്ന് നിറം ഉപയോഗിക്കാനും മടിയില്ലാതായിക്കഴിഞ്ഞു. കുട്ടികളുടെ വസ്ത്രസങ്കല്‍പ്പങ്ങളെ ഏറ്റവുമധികം സ്വാധീനിക്കുന്നത് മാധ്യമങ്ങളാണെന്നാണ് പല അമ്മമാരും പരാതി പറയുന്നത്. ആഗ്രഹിച്ച ഡ്രസ്സ് കിട്ടുന്നതുവരെയുള്ള പുകില് സഹിക്കാന്‍ പറ്റാത്തതാണെന്നും അമ്മമാര്‍ പറയുന്നു. മക്കള്‍ മോഡേണായി നടക്കുന്നതിനോട് ചിലര്‍ക്ക് അഭിപ്രായ വ്യത്യാസമില്ലെങ്കിലും അതിരു കടക്കരുത് എന്ന താക്കീത് നല്‍കാനും അവര്‍ മറക്കുന്നില്ല.
എല്ലാവരുടെയും മുമ്പില്‍ ഒന്നുഷൈന്‍ ചെയ്യുകയാണ് ഫാഷന്റെ ലക്ഷ്യം. അല്ലാതെ ഫാഷന്‍ മാറുന്നതിനൊപ്പം ആരുടെയും സ്വഭാവത്തിന് മാറ്റം വരുന്നില്ലെന്നഭിപ്രായക്കാരണ് മിക്കവരും. ഓണത്തിനും മറ്റുചില ആഘോഷങ്ങള്‍ക്കും കേരളസാരിയും പട്ടുപാവാടയും മാത്രമേ ധരിക്കൂ എന്ന നിര്‍ബന്ധക്കാരും ഏറെയുണ്ട്. എന്നിരുന്നാലും സഭ്യതക്കും ഭാരതസംസ്ക്കാരത്തിനും നിരക്കാത്ത വസ്ത്രധാരണരീതി ഒഴിവാക്കേണ്ടതുണ്ട്.സ്ത്രീയായാലും പുരുഷനായാലും മേനി പ്രദര്‍ശനമാകരുത് ഒരാളുടെ വസ്ത്രരീതി. അത് സംസ്ക്കാരത്തിന്റെ ഭാഗം കൂടിയാകണം.
സിജ. പി.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: