പ്രണയസങ്കല്‍പ്പങ്ങള്‍ നിറംകെട്ടുപോകുന്ന എസ്എംഎസ് ലോകത്ത് പ്രണയത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ സീതാലക്ഷ്മി യോഗ്യയാണ്. കൗമാരക്കാരിയുടെ അഭിനിവേശത്തിനപ്പുറം ജീവിതം കൊണ്ട് പ്രണയ സങ്കല്‍പ്പങ്ങള്‍ തിരുത്തിക്കുറിച്ച വ്യക്തിയെന്ന നിലയില്‍. “പ്രണയത്തെ ഞാന്‍ എതിര്‍ക്കുന്നില്ല. ഏത് പ്രായത്തിലും മനുഷ്യന് പ്രണയമുണ്ടാകാം. പക്ഷേ അത് സത്യസന്ധമായിരിക്കണം.
എന്നാല്‍ യഥാര്‍ത്ഥ പ്രണയമല്ല ഇന്ന് കാണുന്നത്, സ്വത്തിനും പദവിക്കും അടിപ്പെട്ട നിലപാടുകളാണത്” സീതാലക്ഷ്മി തുറന്നു പറയുന്നു.
പ്രണയത്തില്‍ മാത്രമല്ല കുടുംബബന്ധത്തില്പ്പോലും പോരായ്മകളുണ്ട്. ഇന്നത്തെ സ്ത്രീകളില്‍ മിക്കവരും ഭര്ത്താക്കന്മാരെ ബഹുമാനിക്കുന്നവരല്ല. ഈ പ്രവണത നല്ലതല്ല. പരസ്പര സ്നേഹവും ബഹുമാനവുമാണ് ദാമ്പത്യജീവിതത്തില്‍ വേണ്ടത്, അവര്‍ ചൂണ്ടിക്കാട്ടി.
പ്രായവ്യത്യാസത്തിന്റെ പേരില്‍ സമൂഹത്തെ ഞെട്ടിപ്പിച്ച പ്രണയമായിരുന്നു മലയാളത്തിന്റെ പ്രിയസാഹിത്യകാരന് കേശവദേവിന്റേതും സീതാലക്ഷ്മിയുടേതും. അറുപത്തിയൊന്നുകാരനോട് 16 കാരിക്ക് തോന്നിയ ആരാധനയെന്ന് പുച്ഛിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു സീതാലക്ഷ്മിയുടെ ജീവിതം.
പ്രണയത്തെപ്പോലതന്നെ സൗഹൃദവും പ്രധാനമാണെന്ന് കേശവദേവ് തന്നെ പഠിപ്പിച്ചിട്ടുണ്ടെന്ന് സീതാലക്ഷ്മി പറയുന്നു. സ്നേഹത്തിന്റെയും ഉത്തമസൗഹൃദത്തിന്റെയും പ്രതീകമായാണ് ഭര്‍ത്താവ് കേശവദേവിനെ അവര്‍ കാണുന്നത്. കുപ്പിവളകളും വലിയ പൊട്ടുമായി അണിഞ്ഞൊരുങ്ങി പ്രിയതമന്റെ നിത്യകാമുകിയായി മരണം വരെ ജീവിക്കാനാണ് സീതാലക്ഷ്മിക്കിഷ്ടം. വിചിത്രമായ രീതികളെന്ന് മറ്റുള്ളവര്‍ പരിഹസിച്ചാലും മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്റെ ഭാര്യക്ക് പരാതിയില്ല. എല്ലാം പ്രിയതമന് വേണ്ടിയെന്ന ഉത്തരം നല്കി അവര്‍ പൊട്ടിച്ചിരിക്കുന്നു.
രശ്മി.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: