ഇസ്ലാമാബാദ്: പാക്കിസ്ഥാന് പൊതുതെരഞ്ഞെടുപ്പിലേക്ക്. മെയ്11 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനാധിപത്യ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി പൊതുതെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. 1947 ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷം പാക്കിസ്ഥാന് അധികവും പട്ടാള ഭരണത്തിന് കീഴിലായിരുന്നു.
പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫിന്റെ അഭിപ്രായമറിഞ്ഞതിന് ശേഷം പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയാണ് തെരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷന് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ആസിഫ് അലി സര്‍ദാരിയുടെ വക്താവ് ഫര്‍ഹത്തുള്ള ബാബര്‍ അറിയിച്ചു. നാല് പ്രവിശ്യാ അസംബ്ലിയിലേക്കും തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഫര്‍ഹത്തുളള ബാബര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ അഞ്ച് വര്‍ഷക്കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പാര്‍ലമെന്റ് ഈ മാസം 16 ന് പിരിച്ചുവിട്ടിരുന്നു. പാര്‍ലമെന്റ് പിരിച്ചുവിട്ട് 60 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. പാക്കിസ്ഥാനില്‍ സ്വാതന്ത്ര്യാനന്തരം അധികാരത്തിലെത്തി കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യജനാധിപത്യ സര്‍ക്കാരാണിത്. ആസിഫ് അലി സര്‍ദാരിയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയാണ് അധികാരത്തിലെത്തിയത്.
പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ബേനസീര്‍ഭൂട്ടോയുടെ കൊലപാതകത്തെത്തുടര്‍ന്ന് ഭര്‍ത്താവ് സര്‍ദാരി അധികാരത്തിലെത്തുകയായിരുന്നു. അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മുന്‍സൈനിക മേധാവി പര്‍വേസ് മുഷ്റഫ് ഉടന്‍ പാക്കിസ്ഥാനിലെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പിപിപി അധികാരത്തിലെത്തിയതിനെത്തുടര്‍ന്ന് വിവിധ കേസുകളില്‍ അറസ്റ്റ് ഭയന്ന് മുഷ്റഫ് പാക്കിസ്ഥാനില്‍ നിന്ന് പലായനം ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: